പുതുക്കിയ ബസ് ചാര്‍ജ്ജ് നിലവില്‍ വന്നു

August 8, 2011 കേരളം

തിരുവനന്തപുരം: പുതുക്കിയ ബസ് ചാര്‍ജ്ജ് തിങ്കളാഴ്ച നിലവില്‍ വന്നു. ഓര്‍ഡിനറി ബസുകളിലെ മിനിമം യാത്രക്കൂലി നാലുരൂപയില്‍ നിന്ന് അഞ്ചുരൂപയായും ഫാസ്റ്റ് പാസഞ്ചറിലെ മിനിമം ചാര്‍ജ് അഞ്ചുരൂപയില്‍ നിന്നും ഏഴുരൂപയായും വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജില്‍ മാറ്റമില്ല.

ഓര്‍ഡിനറി ബസില്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം ഇനി അഞ്ചുകിലോമീറ്ററായിരിക്കും. മുമ്പ് ഇത് രണ്ടരകിലോമീറ്റര്‍ ആയിരുന്നു. ഫാസ്റ്റ് പാസഞ്ചറിലും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടരകിലോമീറ്ററില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലെ കിലോമീറ്റര്‍ നിരക്കുകളില്‍ മാറ്റമില്ല. സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ്സ് ബസുകളുടെ യാത്രാനിരക്കിലും മാറ്റമില്ല. സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളില്‍ പത്തുകിലോമീറ്ററിന് ഒരു ഫെയര്‍ സ്‌റ്റേജുകൂടി നിര്‍ണയിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് രണ്ടരകിലോമീറ്ററിന് 50 പൈസയായിരുന്നത് മാറ്റമില്ലാതെ തുടരും. ഇതുവരെ ഓര്‍ഡിനറി ബസുകളില്‍ മാത്രം അനുവദിച്ചിരുന്ന വിദ്യാര്‍ഥി കണ്‍സെഷന്‍ ഇനി ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി ബസുകളിലും ലഭ്യമാക്കും. വിദ്യാര്‍ത്ഥികളുടെ യാത്രനിരക്കില്‍ രണ്ടരകിലോമീറ്ററിനുശേഷം വരുന്ന രണ്ട് ഫെയര്‍സ്‌റ്റേജുകള്‍ ഒരുമിച്ച് 50 പൈസ വര്‍ദ്ധനയുണ്ടാകും. ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം