സ്വര്‍ണവില: പവന് 320 രൂപ കൂടി 18,480 രൂപയായി

August 8, 2011 കേരളം

കൊച്ചി: സ്വര്‍ണവില ഇന്ന് പവന് 320 രൂപ കൂടി 18,480 രൂപയായി. ഗ്രാമിന് 40 രൂപയാണ് ഇന്നു കൂടിയത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയരങ്ങളിലെത്തി. ഔണ്‍സിന് 1,702 ഡോളറാണ് ഇപ്പോള്‍ സ്വര്‍ണവില. ഇക്കഴിഞ്ഞ ജൂലൈ 14 നാണ് സ്വര്‍ണവില പതിനേഴായിരം കടന്നത്. കഴിഞ്ഞയാഴ്ച ഒരേ ദിവസം രണ്ടു തവണ വില ഉയര്‍ന്ന പ്രതിഭാസത്തിനും സ്വര്‍ണവിപണി സാക്ഷ്യം വഹിച്ചു. അമേരിക്കയിലെയും യുറോപ്പിലെയും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ആഴം കൂടിയതോടെ, നിക്ഷേപകര്‍ സ്വര്‍ണത്തില്‍ തന്നെ ശരണം പ്രാപിക്കുന്ന പ്രവണതയാണ് ഇതിനു കാരണം.

രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) കണക്കനുസരിച്ച് തായ്‌ലന്‍ഡ്, കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം സ്വര്‍ണം വാങ്ങുന്നു. ആഗോള സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്ന് സ്വര്‍ണം വാങ്ങിവയ്ക്കാന്‍ വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളും മുന്നോട്ടു വരികയാണ്. ഉല്‍സവ, വിവാഹ സീസണിന് തുടക്കം കുറിക്കുന്നതിനാല്‍ ഈ മാസം സ്വര്‍ണത്തിന്റെ വ്യാപാര തോതില്‍ വന്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ആവശ്യം ഏറെയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം