ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ് പരാജയം

August 8, 2011 കേരളം

തിരുവനന്തപുരം: സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ് ഭൂരിപക്ഷം രോഗികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നില്ല. സഹകരണ, സ്വകാര്യ ആശുപത്രികളില്‍ ഭൂരിഭാഗവും   പദ്ധതിയില്‍ നിന്ന്   പിന്മാറിയതോടെ പ്രീമിയം അടച്ച് പദ്ധതിയില്‍ച്ചേര്‍ന്ന രോഗികള്‍ വലയുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനു മാത്രം   രണ്ടു കോടി   രൂപയാണ് കുടിശിക. ഇന്‍ഷുറന്‍സ് തുക കൊണ്ട് പല രോഗങ്ങള്‍ക്കും കിടത്തി ചികില്‍സയും ശസ്ത്രക്രിയയും മരുന്നുകളും നല്‍കുക പ്രായോഗികമല്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ വിശദീകരണം. സ്മാര്‍ട് കാര്‍ഡ് വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമത്തിലാണെങ്കിലും ചികില്‍സ ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള രോഗികളെ ചികില്‍സിച്ച   ഇനത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കോടിക്കണക്കിനു രൂപയാണ്   ഇനിയും ലഭിക്കാനുള്ളത്. സര്‍ക്കാര്‍, സഹകരണ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും   എത്തുന്ന രോഗികള്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികൊണ്ടു പ്രയോജനം.

കിടത്തി ചികില്‍സയാണെങ്കിലും 24 മണിക്കൂറില്‍ കൂടുതല്‍ ആശുപത്രിയില്‍ കഴിഞ്ഞാല്‍ മാത്രമെ ഇന്‍ഷുറന്‍സ് തുക അനുവദിക്കൂ. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി   ആശുപത്രികള്‍ അയയ്ക്കുന്ന ബില്ലുകള്‍ പലപ്പോഴും   മടക്കുകയാണ് പതിവ്. ഇതുകാരണം ഭൂരിഭാഗം സഹകരണ, സര്‍ക്കാര്‍ ആശുപത്രികളും സ്മാര്‍ട് കാര്‍ഡുമായി എത്തുന്ന രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം