ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ചെന്നിത്തല

August 8, 2011 കേരളം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തെ നേരിടും. പാമോയില്‍ കേസില്‍ രണ്ട് അന്വേഷണത്തെ ഉമ്മന്‍ചാണ്ടി നേരിട്ടു കഴിഞ്ഞു. മൂന്നാമതൊരു അന്വേഷണംകൂടി വേണമെങ്കില്‍ ആയിക്കോട്ടെ.നിരപരാധിയും നിഷ്‌കളങ്കനുമായ ഉമ്മന്‍ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇടതുമുന്നണി ഭരണകാലത്താണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഇടതുമുന്നണി ഭരിക്കുമ്പോള്‍ തന്നെ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാമോയില്‍ കേസില്‍ ധനകാര്യ വകുപ്പിന് പങ്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രിക്ക് പങ്കുണ്ടോയെന്നുകൂടി പരിശോധിക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിചാരണയ്ക്കിടെ ഉമ്മന്‍ചാണ്ടിക്കെതിരെ യാതൊരു തെളിവുകളും കണ്ടെത്തിയിട്ടില്ല. മതിയായ തെളിവില്ലാതെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇടതു മുന്നണി ഭരണകാലത്ത് കോടിയേരിയുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉമ്മന്‍ചാണ്ടി പ്രതിയല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വീണ്ടുമൊരു അന്വേഷണം നടത്തുന്നതില്‍ തങ്ങള്‍ക്ക് പരിഭ്രാന്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ ഏതൊക്കെ വകുപ്പ് കൈകാര്യം ചെയ്യണമെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് വിജിലന്‍സിന്റെ ചുമതല ഉമ്മന്‍ചാണ്ടി ഒഴിയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ധനമന്ത്രി കെ.എം മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിചാരണയ്ക്കിടെ പുതിയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പുതിയ അന്വേഷണം നടത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മാണി കൂട്ടിച്ചേര്‍ത്തു. പാമോയില്‍ കേസില്‍ പുനരന്വേഷണം നടത്തേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം