ശ്രീപത്മനാഭസ്വാമി ക്ഷേത്രം: രാശിപൂജയില്‍ അശുഭസൂചനകള്‍

August 8, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്‌നത്തോടനുബന്ധിച്ചുള്ള രാശിപൂജയില്‍ അനര്‍ഥങ്ങളും അശുഭലക്ഷണങ്ങളും. ദേവപ്രശ്‌നത്തിന്റെ രാശി വൃശ്ചികമെന്ന് തെളിഞ്ഞത് ശുഭകരമല്ലെന്ന് വിലയിരുത്തുന്നു. മുന്‍കാല പാപങ്ങളും അനര്‍ഥങ്ങളുമാണ് ഇതിനു കാരണമെന്നാണ് ജ്യോതിഷികള്‍ കരുതുന്നത്. ഒന്‍പത് ഗ്രഹങ്ങളും പാപസ്ഥാനത്താണ് നിലകൊള്ളുന്നത്. കിഴക്കേനടയിലെ കുലശേഖര മണ്ഡപത്തിലെ നാടകശാലയുടെ മുഖപ്പിലാണ് ദേവപ്രശ്‌നത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ജ്യോതിഷ പണ്ഡിതന്മാരായ നാരായണ രംഗ ഭട്ട്, പത്മനാഭ ശര്‍മ, ഹരിദാസ്, ദേവീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌നം. ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ, പരിഹാര ക്രിയകള്‍ ചെയ്യണമോ എന്ന് അറിയാനാണു തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെയും ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ദേവപ്രശ്‌നം. മഹാമൃത്യുഞ്ജയ ഹോമം ഉള്‍പ്പടെയുള്ള   പരിഹാരക്രിയകള്‍ ഉടന്‍ തുടങ്ങാനും നിര്‍ദ്ദേശമുണ്ട്.

ഇതുവരെ തുറക്കാത്ത ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടും ദേവഹിതം തേടും. ക്ഷേത്രപരിസരത്തെ നാടകശാലയില്‍ ദേവപ്രശ്‌നം നടത്താനാണു തീരുമാനം.  നിലവറകള്‍ തുറക്കുന്നതിനു മുന്‍പു ദേവപ്രശ്‌നം നടത്തണമെന്ന് ഹൈന്ദവസംഘടനകളും ഭക്തജനങ്ങളും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതേ നിലപാടിലായിരുന്നു രാജകുടുംബവും.

നിലവറകളില്‍ നിന്നു കണ്ടെടുത്ത വിലമതിക്കാനാവാത്ത സ്വത്തിന്റെ ശാസ്ത്രീയ കണക്കെടുപ്പു നടത്തുന്നതുമായി ബന്ധപ്പെട്ട് 10നു വിദഗ്ധ സമിതി യോഗം ചേരുന്നുണ്ട്. കണക്കെടുപ്പു നടത്തുന്നതിനു മുന്‍പ് ദേവഹിതം അറിയണമെന്ന നിലപാടിലാണു ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ തടസമില്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ദേവപ്രശ്‌നം പൂര്‍ത്തിയാകാന്‍ മൂന്നു ദിവസമെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം