ഉമ്മന്‍ചാണ്ടി വിജിലന്‍സിന്റെ ചുമതല ഒഴിഞ്ഞു

August 9, 2011 കേരളം

തിരുവനന്തപുരം: വിജിലന്‍സ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞു. വിജിലന്‍സിന്റെ ചുമതല മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്  കൈമാറുമെന്ന് ഉമ്മചാണ്ടി അറിയിച്ചു. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വിജിലന്‍സിന്റെ ചുമതല ഒഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് ഉമ്മന്‍ചാണ്ടി വിജിലന്‍സിന്റെ ചുമതല ഒഴിയാന്‍ തീരുമാനിച്ചത്. കോടതിവിധിയെത്തുടര്‍ന്ന് തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു. മുന്നണി നേതാക്കളും ഹൈക്കമാന്‍ഡും അദ്ദേഹത്തെ വിലക്കുകയും തുടരാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടിന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. വിജിലന്‍സിന്റെ ചുമതല മന്ത്രി ആര്യാടന്‍ മുഹമ്മദിന് നല്‍കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്നാണ് സൂചന. ഘടകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. നീതിപീഠത്തോട് തനിക്ക് അതീവ ബഹുമാനമുണ്ട്. തനിക്ക് അനുകൂലമായ വിധിവരുമ്പോള്‍ ജഡ്ജിമാര്‍ നല്ലവരെന്നും പ്രതികൂല വിധി വരുമ്പോള്‍ അവര്‍ മോശക്കാരെന്നും പറയാന്‍ തയ്യാറല്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പാമോയില്‍ കേസില്‍ പുതിയ പ്രതിപ്പട്ടികയുണ്ടാക്കാനും ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തുടരന്വേഷണം നടത്താനും തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രത്യേക ജഡ്ജി പി.കെ.ഹനീഫ തിങ്കളാഴ്ച വിധി പുറപ്പെടുവിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം