രാമായണത്തിലൂടെ…

August 9, 2011 സനാതനം

സ്വാമി സത്യാനന്ദ സരസ്വതി
അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍
അയോദ്ധ്യാകാണ്ഡത്തിന്റെ തുടക്കം മുതല്‍ അന്ത്യം വരെ രാമസങ്കല്പം സജീവമാണ്. ചൈതന്യപൂര്‍ണ്ണമായ ആ സങ്കല്പത്തിന് സ്വാധീനം ലഭിക്കാത്ത ഒറ്റ നിമിഷം പോലും ഇല്ല. ബ്രഹ്മര്‍ഷികളും ചണ്ഡാളനും ആ മഹാസങ്കല്പത്തിന്റെ സമാനചിന്തയില്‍ വിലയം പ്രാപിക്കുന്നു. ആശ്രിതന്മാരിലും  അംഗരക്ഷകരിലും  രാമചന്ദ്രന് അന്യഭാവമില്ല. രാമന്‍ പരമാത്മാവാണെന്നുള്ള ബോധം അയോദ്ധ്യാവാസികള്‍ക്കും വനവാസികളായ ഋഷീശ്വരന്മാര്‍ക്കും അറിയാവുന്നതാണ്. അയോദ്ധ്യാവാസികള്‍ക്ക് രാമന്റെ വേര്‍പാട് ദുഃഖകരമാണ്. കാനനവാസികളായ ഋഷീശ്വരന്മാര്‍ക്ക് രാമന്റെ വേര്‍പാടും ആഗമനവും ഒരേപോലെ സന്തോഷകരങ്ങളാണ്. അയോദ്ധ്യയിലെ പരമാത്മബോധം രാജ്യസുഖങ്ങള്‍ക്കൊണ്ട് മറയ്ക്കപ്പെടുന്നു. കാനനത്തിലെ പരമാത്മബോധം യാജ്യസുഖങ്ങള്‍കൊണ്ട് തിളക്കമാര്‍ജ്ജിച്ചതാണ്. പരമാത്മചിന്ത ഇരുകൂട്ടര്‍ക്കും ഉണ്ടെങ്കിലും പൂര്‍ണ്ണസുഖം നേടുന്നത് ഋഷിമാരാണ്. ഭോഗത്തിന്റെ സാധാരണ ദൗര്‍ബല്യം അയോദ്ധ്യയിലും യോഗത്തിന്റെ അസാധാരണശക്തി കാനനത്തിലും കാണാം. അയോദ്ധ്യയിലെ പ്രത്യക്ഷാനുഭവം പരോക്ഷാനുഭവത്തെക്കാള്‍ ശക്തിമത്താണ്. കാനനത്തിലെ പ്രത്യക്ഷാനുഭവവും പരോക്ഷാനനുഭവവും രണ്ടല്ല. ഈശ്വരസങ്കല്പത്തിലെ അത്യന്തം ശ്രദ്ധേയങ്ങളായ വ്യത്യാസങ്ങള്‍ ഈ രണ്ടുമണ്ഡലങ്ങളിലൂടെയും ലഭിയ്ക്കുന്നതാണ്. സത്യത്തെക്കാള്‍ മതിപ്പുള്ളതായി മറ്റെന്തെങ്കിലും ഉണ്ടെന്ന് രാമന്റെ ജീവിതം പ്രഖ്യാപിക്കുന്നില്ല. നഗരമായാലും കാനനമായാലും രാമന് ധര്‍മോപാധികളായിട്ടേ അവകളില്‍ പ്രാധാന്യമുള്ളു. സര്‍വ്വധര്‍മ്മങ്ങളും സമാഹരിച്ച് സമര്‍പ്പണ ബുദ്ധികൊണ്ട് സമാരാദ്ധ്യമായ പരിശുദ്ധഹൃദയമാണ് രാമന്റെ ആവാസസ്ഥലം. ധര്‍മ്മത്തിനും സത്യത്തിനും ഉതകാത്ത നഗരത്തെക്കാള്‍ അതിനുപകരിക്കുന്ന കാനനമാണ് രാമന് അഭികാമ്യം. സ്വാര്‍ത്ഥമായ സുഖത്തെക്കാള്‍ സത്യാന്വേഷിക്ക് പരാര്‍ത്ഥമായ സേവനമാണ് വിലപ്പെട്ടത്. ഇതു രാമന്റെ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുന്നു. സത്യാന്വേഷിയുടെ മനസ്സ് ഏഷണിയിലോ സ്വാര്‍ത്ഥതയിലോ കളങ്കപ്പെടുന്നില്ല.അപവാദവും ആരോപണവും ആ മനസ്സ് അംഗീകരിക്കുന്നുമില്ല. അയോദ്ധ്യയിലെ ആഡംബരങ്ങളും  രാജസപ്രൗഢികളും പൊട്ടിച്ചെറിഞ്ഞ രാമന്‍ ഇന്ന് സര്‍വ്വലോകങ്ങള്‍ക്കും ആരാധ്യനായ സത്യസ്വരൂപനായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. അഭിഷേകാഡംബരത്തെക്കാള്‍ രാമനെ വളര്‍ത്തിയത് അഭിഷേകവിഘ്‌നമാണ്. ആഡംബരത്തിനുള്ള വിഘ്‌നം രാമദര്‍ശനത്തിന് അനിവാര്യമാണെന്നു തെളിയുന്നു. ഋഷികാര്യവും ദേവകാര്യവും മനുഷ്യസങ്കല്പങ്ങളും സത്യത്തിന്റെ ഒരേ ചരടില്‍ കോര്‍ത്തിണക്കിയ ധര്‍മ്മത്തിന്റെ മഹാമാല്യമാണ് അയോദ്ധ്യാകാണ്ഡത്തിലെ രാമചരിതം.
(അവസാനിച്ചു)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം