സിക്കിം സര്‍ക്കാരിന്റെ പേരില്‍ പ്രചരിക്കുന്നതു വ്യാജ ലോട്ടറികള്‍

July 30, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ സിക്കിം സര്‍ക്കാരിന്റെ പേരില്‍ പ്രചരിക്കുന്നതു വ്യാജ ലോട്ടറികളാണെന്നു വെളിപ്പെടുത്തുന്ന രേഖ പി.ടി. തോമസ്‌ എംപി പുറത്തുവിട്ടു. സിക്കിം സംസ്‌ഥാന ലോട്ടറി ഡയറക്‌ടറേറ്റ്‌ നല്‍കിയ കത്തിലാണു ലോട്ടറികള്‍ വ്യാജമാണെന്ന വെളിപ്പെടുത്തല്‍. സിക്കിമില്‍ നിന്നുള്ള ലോക്‌സഭാംഗം പി.ഡി. റായ്‌ മുഖേന സിക്കിം ലോട്ടറി ഡയറക്‌ടറേറ്റില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണു കത്തു ലഭിച്ചത്‌.കേരളത്തില്‍ നടത്തുന്ന ലോട്ടറികളെക്കുറിച്ചു തങ്ങള്‍ക്ക്‌ അറിവില്ലെന്നും ഇതിനെതിരെ നടപടിയെടുക്കേണ്ടതു കേരള സര്‍ക്കാരാണെന്നും സിക്കിം ലോട്ടറി ഡയറക്‌ടറുടെ കത്തില്‍ പറയുന്നു.
ഇതോടെ വ്യാജ ലോട്ടറി രാജാവിന്റെ കൂട്ടുപ്രതിയാണു ധനമന്ത്രി തോമസ്‌ഐസക്‌ എന്നു വെളിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം രാജിവയ്‌ക്കണമെന്നും പി.ടി. തോമസ്‌ ആവശ്യപ്പെട്ടു. ധനമന്ത്രിക്കെതിരെ ക്രിമിനല്‍ കുറ്റത്തിനു നടപടിയെടുക്കണം.ഒരുദിവസം 67 കോടി രൂപയുടെ വ്യാജ ലോട്ടറിയാണു കേരളത്തില്‍ അച്ചടിച്ചിറക്കുന്നത്‌. എല്ലാ കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍ഡുകളിലും കള്ള ലോട്ടറി നടത്താന്‍ അനുമതി നല്‍കിയതു കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ്‌. പാലക്കാടു ജില്ലയിലെ പുതുശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മേഘാ ഡിസ്‌ട്രിബ്യൂട്ടര്‍ എന്ന സ്‌ഥാപനത്തിന്റെ ഓഫിസ്‌ റെയ്‌ഡ്‌ ചെയ്‌താല്‍ മാത്രം വ്യാജ ലോട്ടറി അവസാനിപ്പിക്കാം. പുതിയ ലോട്ടറി നിയമപ്രകാരം ലോട്ടറി രംഗത്തെ കുറ്റങ്ങള്‍ തടയേണ്ടതു സംസ്‌ഥാനങ്ങളുടെ കടമയാണെന്നു തോമസ്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം