ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സുരക്ഷാസംവിധാനം വിദഗ്ധ സമിതി പരിശോധന ഇന്ന്

August 11, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാസംവിധാനം സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്നു പരിശോധന നടത്തും. ക്ഷേത്ര സുരക്ഷയ്ക്കായി ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നു പൊലീസ് അറിയിച്ചിരുന്നെങ്കിലും ഇത് ഇനിയും യാഥാര്‍ഥ്യമായിട്ടില്ലാത്ത സാഹചര്യത്തിലാണു സമിതി സുരക്ഷ വിലയിരുത്താന്‍ നേരിട്ടു പരിശോധന നടത്തുന്നത്. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള സുരക്ഷ സമിതി പരിശോധിക്കും. സമിതിയുടെ തലവന്‍ സി.വി. ആനന്ദബോസ്, സമിതി അംഗം എം. വേലായുധന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയാനായി സിറ്റി കമ്മിഷണര്‍ മനോജ് ഏബ്രഹാമിനെ സമിതിയുടെ യോഗത്തിലേക്കു വിളിച്ചിരുന്നു. ക്ഷേത്ര നിലവറകളില്‍ വിലമതിക്കാനാവാത്ത നിക്ഷേപം കണ്ടെത്തിയ സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു ക്ഷേത്രസുരക്ഷ ക്ഷേത്ര ജീവനക്കാരില്‍ നിന്നു പൊലീസ് ഏറ്റെടുത്തത്.

ത്രിതല സുരക്ഷയാണു തീരുമാനിച്ചിരുന്നതെങ്കിലും അത് എത്രകണ്ടു ഫലപ്രദമാണെന്ന് ഇപ്പോഴും വ്യക്തമല്ല. ക്ഷേത്ര സുരക്ഷയ്ക്കായി ആധുനിക  സ്‌കാനറുകള്‍, രാത്രിയിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ക്യാമറകള്‍, ശബ്ദവും തരംഗങ്ങളും പിടിച്ചെടുക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ പൊലീസ് പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍, ഈ  ഉപകരണങ്ങളൊന്നും ഇനിയും  ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. സായുധ പൊലീസിന്റെയും കമാന്‍ഡോകളുടെയും നിരീക്ഷണത്തിലാണു ക്ഷേത്രമെന്നതു മാത്രമാണ് ആശ്വാസം. ഒരു കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. മഫ്തിയിലും അല്ലാതെയും ക്ഷേത്രത്തിനകത്തും പുറത്തും പൊലീസ് സാന്നിധ്യമുണ്ട്. ക്ഷേത്ര സുരക്ഷയുടെ ചുമതലയ്ക്കായി എസ്പിയുടെ നേതൃത്വത്തില്‍ ഇരുനൂറോളം പൊലീസുകാരാണു നിലവിലുള്ളത്. ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ മാത്രമേ സുരക്ഷ ഉറപ്പാക്കാനാവൂ. ഇവിടത്തെ നിക്ഷേപത്തെക്കുറിച്ചു ലോകം മുഴുവന്‍ അറിഞ്ഞതാണ്.

ഇപ്പോള്‍ സുരക്ഷാസംവിധാനം എത്രത്തോളം കാര്യക്ഷമമാണെന്നു വിലയിരുത്തുകയാണു വിദഗ്ധ  സമിതിയുടെ  പരിശോധനയുടെ മുഖ്യ ലക്ഷ്യം. പാളിച്ചകളുണ്ടെങ്കില്‍ പരിഹരിക്കാനുള്ള നടപടികള്‍ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ക്ഷേത്ര സുരക്ഷ, നിക്ഷേപങ്ങള്‍ എങ്ങനെ  സൂക്ഷിക്കണം, കണക്കെടുപ്പ് എങ്ങനെയായിരിക്കണം, മഹാനിക്ഷേപത്തിന്റെ സൂക്ഷിപ്പ് എങ്ങനെ വേണം എന്നിവ സംബന്ധിച്ച് ഇതുവരെ തയാറാക്കിയ കര്‍മപദ്ധതിയാണു വിദഗ്ധ സമിതി വിലയിരുത്തിയത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സമിതി സംതൃപ്തി രേഖപ്പെടുത്തി. ഇനി എന്തെല്ലാം കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യമാണ് അടുത്ത ഘട്ടത്തില്‍ ഉണ്ടാവുക. ഇതു വിലയിരുത്താന്‍ ഈ മാസം അവസാനം വീണ്ടും യോഗം ചേരാനാണു തീരുമാനം. ദേവപ്രശ്‌നം അവസാന നിഗമനത്തില്‍ എത്തിയിട്ടില്ലെന്നതിനാല്‍ അതേക്കുറിച്ചു സമിതി കൂടുതല്‍ ചിന്തിച്ചിട്ടില്ല. സുപ്രീം കോടതി നിര്‍ദേശവുമായി അവര്‍ മുന്നോട്ടു പോവുകയാണ്. ദേവപ്രശ്‌നം നടത്തിയ പശ്ചാത്തലത്തില്‍ ആരെയും വേദനിപ്പിക്കാത്ത നടപടികള്‍ ഉണ്ടാകണമെന്നാണു സമിതി ആഗ്രഹിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍പ്പെട്ട സി.വി. ആനന്ദബോസ്, ഡോ. എം. നമ്പിരാജന്‍, പ്രഫ. എം. വേലായുധന്‍ നായര്‍, വികാസ് ശര്‍മ എന്നിവര്‍ കര്‍മപദ്ധതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍