ഭക്ഷ്യവിലപ്പെരുപ്പത്തില്‍ ഗണ്യമായ കുറവ്‌; 9.67 ശതമാനം

July 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം ഈ വര്‍ഷം ആദ്യമായി രണ്‌ടക്കത്തിന്‌ താഴെയെത്തി. ജൂലൈ 17ന്‌ അവസാനിച്ച അവലോകന വാരത്തില്‍ നിരക്ക്‌ 9.67 ശതമാനമായിട്ടാണ്‌ താഴ്‌ന്നിരിക്കുന്നത്‌. ഭക്ഷ്യ, ഇന്ധന വിലക്കയറ്റത്തില്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായി പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്രമണം നേരിടുന്ന കേന്ദ്രസര്‍ക്കാരിന്‌ താല്‍കാലിക അശ്വാസമാണ്‌ ഭക്ഷ്യവിലപ്പെരുപ്പത്തില്‍ ഉണ്‌ടായിരിക്കുന്ന താഴ്‌ച്ച.
ജൂലൈ 17ന്‌ മുന്‍പുള്ള ആഴ്‌ചയിലെ 12.47 ശതമാനത്തില്‍നിന്ന്‌ 2.80 ശതമാനത്തിന്റെ കുറവാണ്‌ ഉണ്‌ടായിരിക്കുന്നത്‌. പച്ചക്കറിയ്‌ക്ക്‌ പ്രത്യേകിച്ച്‌ ഉരുളക്കിഴങ്ങിന്‌ വില കുറഞ്ഞതാണ്‌ നിരക്ക്‌ താഴാന്‍ കാരണം. നിരക്ക്‌ താഴ്‌ന്നതിനെ മുഖ്യ സാമ്പത്തികകാര്യ ഉപദേഷ്‌ടാവ്‌ കൗശിക്‌ ബസു സ്വാഗതം ചെയ്‌തു.
വിലക്കയറ്റ വിഷയത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ്‌ നടപടികള്‍ സ്‌തംഭിപ്പിച്ചിരിക്കുകയാണ്‌. ബിജെപിയും ഇടതു പാര്‍ട്ടികളും വിലയക്കറ്റ വിഷയത്തില്‍ സര്‍ക്കാരിനെ ആക്രമിക്കുന്നതില്‍ ഒറ്റക്കെട്ടാണ്‌. വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന്‌ അവതരണാനുമതി നല്‍കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം