ബ്രിട്ടനിലെ നഗരങ്ങളില്‍ സ്ഥിതി ശാന്തമായി

August 11, 2011 രാഷ്ട്രാന്തരീയം

ലണ്ടന്‍: ശക്തമായ കലാപത്തിനൊടുവില്‍ ബ്രിട്ടനിലെ നഗരങ്ങളില്‍ സ്ഥിതി ശാന്തമായി.കര്‍ശനനിലപാടിലൂടെ ക്രമസമാധാനം പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ വന്നെത്തിയിട്ടുണ്ട്. കലാപകാരികള്‍ക്കുനേരെ തിരിച്ചടി തുടങ്ങിയെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ നഗരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം കലാപം ചര്‍ച്ച ചെയ്തു.

200 മില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.ആയിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 300പേര്‍ക്കെതിരെ കലാപവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. കലാപ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ലണ്ടനിലെ മൂന്നു കോടതികള്‍ ഇന്നലെ രാത്രി മുഴുവനും പ്രവര്‍ത്തന നിരതമായിരുന്നു.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു പുറമെ അടിയന്തര സുരക്ഷാ സമിതി യോഗവും കാമറണ്‍ ഇന്നു നടത്തി. 16,000 പൊലീസുകാരെ ലണ്ടനില്‍ മാത്രമായി വിന്യസിച്ചു. ഇന്നലെ മൂന്ന് ഏഷ്യന്‍ വംശജര്‍ കൊല്ലപ്പെട്ട ബര്‍മിങ്ഹാമിലും ഇന്ന് അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം