ഭൂമി ന്യായവില 40% വരെ കുറയ്ക്കും

August 12, 2011 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിക്ക് നിശ്ചയിച്ച ന്യായവിലയില്‍ 40 ശതമാനം വരെ കുറവ് വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പലസ്ഥലത്തും ന്യായവില നിശ്ചയിച്ചത് നിലവിലുള്ള വിപണി വിലയെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് എന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് കുറവ്‌വരുത്തുന്നത്. രജിസ്‌ട്രേഷന്‍, റവന്യു മന്ത്രിമാര്‍ തമ്മില്‍ നടത്തുന്ന അവസാനവട്ട ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും. ഒന്നരവര്‍ഷം മുമ്പാണ് മുന്‍ സര്‍ക്കാര്‍ ന്യായവില പുതുക്കി നിശ്ചയിച്ചത്. കുറവ് വരുത്തുന്നത് എത്ര ശതമാനമായിരിക്കുമെന്ന കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെങ്കിലും 40 ശതമാനം വരെ കുറയ്ക്കണമെന്നാണ് ഏകദേശ ധാരണ. കഴിഞ്ഞദിവസം ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലും ഭരണ പ്രതിപക്ഷ ഭേദമെന്യേ ന്യായവില കുറയ്ക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

റവന്യു, നിയമം, ധനം, രജിസ്‌ട്രേഷന്‍ വകുപ്പകള്‍ തമ്മില്‍ നടത്തിയ കൂടിയാലോചനകളിലാണ് ഈ തീരുമാനമെടുത്തത്. ബന്ധപ്പെട്ട സെക്രട്ടറിമാരുടെ യോഗം രജിസ്‌ട്രേഷന്‍ മന്ത്രി ടി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ന്യായവില കുറയ്ക്കുന്ന കാര്യത്തില്‍ തത്ത്വത്തില്‍ തീരുമാനമെടുത്തിരുന്നു. യു.ഡി.എഫ്. നേതൃത്വവും ന്യായവിലയിലെ അപാകം പരിഹരിക്കണമെന്ന് രജിസ്‌ട്രേഷന്‍, റവന്യു മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.

178 വില്ലേജുകളില്‍ മാത്രമാണ് റീ സര്‍വേ പൂര്‍ത്തിയായത്. ഈ വില്ലേജുകളില്‍ ന്യായവിലയില്‍ നിശ്ചിത ശതമാനം കുറയ്ക്കുന്നതിനുപകരം അവിടങ്ങളില്‍ ന്യായവില പുതുതായി നിശ്ചയിക്കും. ന്യായവില സംബന്ധിച്ച്ഏറ്റവും കൂടുതല്‍ പരാതി വന്ന ആലുവ താലൂക്കിലും നിരക്ക് പുതിയതായി നിശ്ചയിക്കും. ഇക്കാര്യം ജോണി നെല്ലൂര്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മറ്റ് സ്ഥലങ്ങളില്‍ 40 ശതമാനം വരെ ഇപ്പോള്‍ പ്രഖ്യാപിച്ച ന്യായവിലയില്‍ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്.

ന്യായവില കൂടുതലായി നിശ്ചയിച്ച കേസുകളില്‍ അത് കുറയ്ക്കുന്നതിന് ആയിരക്കണക്കിന് പരാതികളാണ് സര്‍ക്കാറിന് കിട്ടുന്നത്. ആര്‍.ഡി.ഒയാണ് നിശ്ചയിച്ച വില കുറച്ചു നല്‍കേണ്ടത്. ഇതിനായി വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് നല്‍കണം. തുടര്‍ന്നാണ് ആര്‍.ഡി.ഒ. വില കുറച്ചു നല്‍കേണ്ടത്. പിന്നീടിത് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയും വേണം. ഈ നടപടികള്‍ വളരെയധികം കാലതാമസത്തിനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നു. മാത്രമല്ല ഇത്തരം പരിശോധനയില്‍ ഒമ്പത് ലക്ഷമായി നിശ്ചയിച്ച ന്യായവില രണ്ടരലക്ഷം വരെയായി കുറച്ച കേസുകള്‍ വരെയുണ്ടായിട്ടുണ്ട്.ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ന്യായവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം