ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവക്ഷേത്രം

August 12, 2011 ക്ഷേത്രവിശേഷങ്ങള്‍

ഓം നമഃ ശിവായ

കേരള തലസ്ഥാനമായ തിരുവനന്തപുരം നഗരമദ്ധ്യത്തിലാണ് പ്രസിദ്ധമായ ശ്രീകണ്‌ഠേശ്വരം മഹാദേവര്‍ ക്ഷേത്രം നിലകൊള്ളുന്നത്. തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ഈ ശിവക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരു

ടെ ആരാധനാലയവുമായിരുന്നു. രാജാക്കന്മാരുടെ തിരുനാളിന് അവര്‍ പരിവാരസമേതം ശ്രീകണ്‌ഠേശ്വരത്തെത്തി ദര്‍ശനം നടത്തിയിരുന്നു എന്നത് അനന്തപുരി നിവാസികളില്‍ ഇന്നും പച്ചപിടിച്ച ഓര്‍മ്മയാണ്.
മഹാക്ഷേത്രത്തിന്റെ പ്രൗഢിക്കൊത്ത ആനക്കൊട്ടില്‍ പടിഞ്ഞാറേനടയിലുണ്ട്. ക്ഷേത്രവളപ്പിന് വേണ്ടുവോളം വിസ്തൃതി. ചുറ്റുമതിലിനുപുറത്ത് തെളിനീര്‍ക്കുളം. ശ്രീകണ്‌ഠേശ്വരം തീര്‍ത്ഥമെന്ന് അറിയപ്പെടുന്നു. നാലുമൂലയിലുമുള്ള ആല്‍ത്തറകളും അവിടെയുള്ള ഉപദേവന്മാരുടെ സാന്നിധ്യവും ഈ ആരാധനാലയ

ശ്രീകണ്ഠേശ്വരം മഹൈദേവ ക്ഷേത്രം

ത്തില്‍ അപാരമായ വിശുദ്ധി നല്കുന്നു. അന്ന്, തിരുവനന്തപുരം അനന്തന്‍ കാടായി കിടന്നിരുന്ന കാലം. ആ കാടിന്റെ വടക്കു ഭാഗത്ത് ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നു. ആ ക്ഷേത്രത്തിലെ അടിച്ചുതളിക്കാരിയായ സ്ത്രീ തന്റെ ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോള്‍ ചൂലും കലശക്കുടവും വഴിയരുകിലുള്ള ഒരു മരച്ചുവട്ടില്‍ സൂക്ഷിച്ചു വയ്ക്കുക പതിവായിരുന്നു. രാവിലെ ക്ഷേത്രത്തിലേയ്ക്ക് മടങ്ങുമ്പോള്‍ എടുത്തു കൊണ്ടുവരുമായിരുന്നു. പതിവുപോലെ ഒരു ദിവസം കലശക്കുടം എടുക്കാന്‍ തുടങ്ങുമ്പോള്‍ അത് അവിടെ ഉറച്ചുപോയതായികണ്ടു. എത്രശ്രമിച്ചിട്ടും അതു ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു കല്ലെടുത്ത് കുടം പൊട്ടിച്ചു. അപ്പോള്‍ രക്തമൊഴുകാന്‍തുടങ്ങി. അതുകണ്ട് പേടിച്ചുപോയ ആ സ്ത്രീ അടുത്തുള്ളവരെ വിവരം അറിയിച്ചു. അന്നത്തെ നാടുവാഴി അവിടെ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. ആ സ്വയംഭൂവിഗ്രഹം അവിടെ പ്രതിഷ്ഠിച്ച് പൂജാദി കര്‍മ്മങ്ങളും ഏര്‍പ്പെടുത്തി. സ്ത്രീ കണ്ട ഈശ്വരന്‍ – എന്നും – ശ്രീകണ്ഠത്തോടുകൂടിയവന്‍ – ശിവന്‍, എന്ന അര്‍ത്ഥത്തിലും ഇവിടെ ദേവന്‍ ശ്രീകണ്‌ഠേശ്വരനായി അറിയപ്പെട്ടു എന്ന് പഴമ. ഇന്നും ആ പഴയ ക്ഷേത്രം എസ്.എം.വി.സ്‌കൂളിന് എതിര്‍വശത്തായി കാണാം.
ജില്ലയിലെ സ്വര്‍ണ്ണക്കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീകോവിലില്‍ പ്രധാനദേവന്‍ ശിവന്‍. സ്വയംഭൂ സങ്കല്പം. കിഴക്കോട്ട് ദര്‍ശനം. നാലുപൂജകളുണ്ട്. പുറപ്പെടാശാന്തിയാണ് ഇവിടെയുള്ളത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാരായ്മയാണ് ഇവിടത്തെ ശാന്തിയായ അക്കരെ പോറ്റിമാര്‍ക്കുള്ളത്. വഞ്ചിയൂര്‍ അത്തിയറമഠത്തിനാണ് തന്ത്രം. ചുറ്റമ്പലത്തിനു വെളിയില്‍ തെക്കു കന്നിമൂലയില്‍ ഗണപതിക്ക് പിന്നില്‍ മൂശേട്ടയുണ്ട്. തൊട്ടടുത്ത് നാഗം. അകത്തെ ചുറ്റമ്പലത്തിനുള്ളില്‍ അയ്യപ്പനും കിഴക്കു വടക്കേമൂലയില്‍ ആല്‍മരച്ചോട്ടില്‍ ശ്രീകൃഷ്ണനും ഉപദേവന്മാരായിട്ടുണ്ട്.യ കിഴക്കേ മണ്ഡപത്തിലെ തൂണില്‍ ഹനുമത് സാന്നിദ്ധ്യവുമുണ്ട്. ക്ഷേത്രത്തിനടുത്ത് ഒരു ബ്രഹ്മസ്വം മഠമുണ്ടായിരുന്നു. അത് ഇന്നൊരു ദേവീക്ഷേത്രമാണ്.
ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ നിര്‍മ്മാല്യദര്‍ശനത്തിന് സവിശേഷതകളേറെയുണ്ടെന്ന് ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനായി തലേദിവസംതന്നെ തലസ്ഥാനനഗരിയില്‍ എത്തി തങ്ങുന്നവരുമുണ്ട്. നാല്പത്തിയൊന്നു ദിവസം മുടങ്ങാതെ നിര്‍മ്മാല്യദര്‍ശനം നടത്തിയാല്‍ അഭീഷ്ടകാര്യം സാധ്യമാകുമെന്ന് അനുഭവസ്ഥര്‍. അതിനുപുറമെ അഭിഷേകവും ദീപാരാധനയും കൂടി ദര്‍ശിച്ചശേഷമേ ഭക്തര്‍ ശിവസ്മരണയോടെ ഇവിടെ നിന്നും മടങ്ങാറുള്ളൂ. പ്രദോഷം, തിങ്കളാഴ്ച എന്നീ ദിവസങ്ങളില്‍ ഭക്തജനത്തിരക്കേറും. രാവിലത്തെ കലശപൂജയും തുടര്‍ന്നുള്ള ജലധാരയും ജനങ്ങളില്‍ ആദ്ധ്യാത്മികതയുടെ കുളിര്‍കോരുന്ന ചടങ്ങുകളുമാണ്. ശര്‍ക്കരപായസം, തോരന്‍, മെഴുകുപുരട്ടി, കണ്ണിമാങ്ങ, പരിപ്പ്, പുളിശ്ശേരി, മോര് എന്നിവയാണ് നേദ്യം. എട്ടുകുഴിയുള്ള പാത്രത്തില്‍ എന്നും ഉച്ചയ്ക്കുള്ള നിവേദ്യമാണ്. നിത്യവും പ്രസാദമൂട്ടുമുണ്ട്. നൂറ്റിയെട്ടുകുടം ജലധാര ധാരാളമായി നടക്കുന്ന വഴിപാടാണ്. ജലധാരയ്ക്കു പുറമെ പഞ്ചാമൃതാഭിഷേകം, അഷ്‌ടോത്തരാര്‍ച്ചന സഹസ്രനാമാര്‍ച്ചന, ഗണപതിഹോമം, അപ്പം, മോദകം, അരവണപായസം, തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. നടേശാലങ്കാരം ഇവിടത്തെ വിശേഷ വഴിപാട്. ദീപാരാധനയ്ക്കു മുന്‍പ് നടത്തുന്ന അലങ്കാരമാണിത്. നടരാജ വിഗ്രഹത്തെ ചന്ദനംചാര്‍ത്തി അകത്തുവയ്ക്കുന്നു. പിറ്റേദവസം രാവിലെ മാത്രമേ പുറത്തുകൊണ്ടുവരൂ. വിശേഷവഴിപാടായ നടേശാലങ്കാരം നടത്തണമെന്നുള്ളവര്‍ ഒരു വര്‍ഷത്തിനു മുന്‍പേയെങ്കിലും ബുക്കു ചെയ്യേണ്ടതാണ്.
ധനുമാസത്തില്‍ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവം. അഞ്ചാം ഉത്സവത്തിന് രാത്രിയില്‍ വലിയ ഋഷവാഹനത്തില്‍ ഭഗവാന്റെ എഴുന്നെള്ളത്തുണ്ട്. ശിവരാത്രിയും വിപുലമായ പരിപാടികളോടെ മഹോത്സവമായി കൊണ്ടാടുന്നു. അന്ന് ഉദയം മുതല്‍ അടുത്തദിവസം ഉദയംവരെ ഘൃതധാരയുണ്ട്. മറ്റു ധാരകളൊന്നും അന്ന് ഉണ്ടാവില്ല. ഇത് ശ്രീകണ്‌ഠേശ്വരത്തെമാത്രം പ്രത്യേകത. അതുപോലെ രാത്രിയില്‍ ഓരോയാമത്തിലും പ്രത്യേക പൂജയുണ്ട്. അന്ത്യയാമത്തിലാണ് ഭഗവാന്റെ എഴുന്നെള്ളത്ത്. ഈ സമയത്തെല്ലാം ഭക്തജനങ്ങളെക്കൊണ്ട് അവിടം നിറഞ്ഞിരിക്കും. അവര്‍ പഞ്ചാക്ഷരമന്ത്രം ഉരുവിട്ടുകൊണ്ടേയിരിക്കും. രാവും പകലും ഒരുപോലെ ശക്തിപഞ്ചാക്ഷരീമന്ത്രം എഴുതുന്നവരെയും അക്കൂട്ടത്തില്‍ കണ്ടെന്നുവരാം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍