കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം

August 12, 2011 കേരളം

തടിയന്റവിട നസീറും ഷഫാസും

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതി കണ്ണൂര്‍ നീര്‍ച്ചാല്‍ ബെയ്തുല്‍ ഹിലാലില്‍ തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തവും നാലാം പ്രതി കണ്ണൂര്‍ തയ്യില്‍ പൗണ്ട്‌വളപ്പില്‍ ഷഫ്‌നാസില്‍ ഷഫാസിന് ഇരട്ട ജീവപര്യന്തവും ശിക്ഷ. ഓരോ ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ജീവപര്യന്തത്തിനു പുറമെ പ്രതികള്‍ അഞ്ചു വര്‍ഷം അധിക തടവും അനുഭവിക്കണം. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാര്‍ ആണു ശിക്ഷ വിധിച്ചത്. മതപരമായ ചടങ്ങുകള്‍ക്ക്  ജയിലില്‍ അനുവാദമുണ്ട്. ഇരുവര്‍ക്കും തൊഴില്‍ പരിശീലനവും നല്‍കും. പ്രതികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ദേശാഭിമാനികളുടെ ചരിത്രവും നല്‍കണം.

തന്നെ ആശ്രയിച്ചു കഴിയുന്ന ഭാര്യയും മൂന്നു കുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും തടിയന്റവിട നസീര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷയില്‍ ഇളവ് ചെയ്യണമെന്ന് ഷഫാസും ആവശ്യപ്പെട്ടു. ഇരുവരുടെയും അഭ്യര്‍ഥന കോടതി പരിഗണിച്ചില്ല. രാവിലെ 11 മണിയോടെയാണ് പ്രത്യേക കവചിത വാഹനത്തില്‍ രണ്ടു പേരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചത്.

പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ക്രൂരമായ അക്രമം നടത്തിയവരോട് അനുകമ്പ പാടില്ലെന്നും ചെറിയ ശിക്ഷ നല്‍കിയാല്‍ അതു മറ്റുള്ളവര്‍ക്കു മാതൃകയാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദീര്‍ഘകാലം ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ ഈ സംഭവം ഇടയാക്കിയെന്നും പ്രോസിക്യൂഷന്‍ ഓര്‍മിപ്പിച്ചു. കേരളത്തിലെ തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട്   ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസാണിത്. ഇരുവരും കുറ്റക്കാരാണെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

കേന്ദ്ര തീവ്രവാദ നിരോധന നിയമം, സ്‌ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന, ആയുധനിരോധന നിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്‍ഐഎ സൂപ്രണ്ട് ടി.കെ.രാജ്‌മോഹനാണു  കുറ്റപത്രം സമര്‍പ്പിച്ചത്.

2006 മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്കു 12.45നും 1.05 നുമാണു കോഴിക്കോട് കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡുകളില്‍  സ്‌ഫോടനം നടത്തിയത്.  ആദ്യ സ്‌ഫോടനത്തില്‍ നസീര്‍ നേരിട്ടും രണ്ടാമത്തേതില്‍ നസീറിന്റെ നിര്‍ദേശ പ്രകാരം മറ്റുപ്രതികളും ബോംബു സ്ഥാപിച്ചു എന്നായിരുന്നു കേസ്.  രണ്ടാം മാറാട് കലാപത്തിലെ പ്രതികള്‍ക്കു ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നു ഭരണകൂടത്തോടും നീതിന്യായ വ്യവസ്ഥയോടുമുള്ള പ്രതിഷേധമറിയിക്കാന്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ രണ്ടിടത്ത് സ്‌ഫോടനം നടത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. സംസ്ഥാന പൊലീസിന്റെ രണ്ടു സംഘങ്ങളും ക്രൈംബ്രാഞ്ചുമാണ് ആദ്യം കേസന്വേഷിച്ചത്. ഇതില്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതായിരുന്നു എന്‍ഐഎയുടെ റിപ്പോര്‍ട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം