ഫൈബര്‍ ഗ്ലാസ് കൊണ്ടുള്ള പാചകവാതക സിലിണ്ടറുകള്‍ വരുന്നു

August 12, 2011 ദേശീയം

ന്യൂഡല്‍ഹി: ഫൈബര്‍ ഗ്ലാസ് കൊണ്ടുനിര്‍മ്മിച്ചതും ഉള്ളിലുള്ള പാചകവാതകത്തിന്റെ അളവു കാണാവുന്നതുമായ സുതാര്യ പാചകവാതക സിലിണ്ടറുകള്‍ വരുന്നു.  ഇത്തരം പാചകവാതക സിലിണ്ടറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ താത്പര്യമുള്ളവരെ ആഗോളതലത്തില്‍ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ വിതരണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പെട്രോളിയം സഹമന്ത്രി ആര്‍.പി.എന്‍. സിങ് വ്യാഴാഴ്ച ലോക്‌സഭയെ അറിയിച്ചു.

കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാചകവാതക മോഷണത്തിന് സുതാര്യ സിലിണ്ടറുകള്‍ തിരിച്ചടിയാകും അതുപോലെ പ്രത്യേക റെഗുലേറ്ററുകളും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അടച്ചുറപ്പുള്ള പ്രത്യേക സിലിണ്ടറുകള്‍ നിര്‍മിക്കാന്‍ പെട്രോളിയം എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (‘പെസ്‌കോ’) അനുമതിയുള്ള നിര്‍മാതാക്കള്‍ ഇന്ത്യയിലില്ല. കൂടുതല്‍ സൗകര്യങ്ങളുള്ള പ്രത്യേക റെഗുലേറ്ററുകള്‍ അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. പാചകവാതകത്തിന്റെ അളവ്, കുട്ടികള്‍ക്കുള്ള ലോക്ക്, വാതകചോര്‍ച്ച കണ്ടുപിടിക്കാനുള്ള സംവിധാനം തുടങ്ങിയവയുള്ളതാണ് ഈ റെഗുലേറ്ററുകള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം