പുല്ലുമേട് ദുരന്തം: കമ്മിഷന്റെ കരട് റിപ്പോര്‍ട്ട് തയ്യാറായി

August 13, 2011 കേരളം

പുല്ലുമേട് ദുരന്തത്തിന്റെ ഓര്‍മ്മകള്‍... (ഫയല്‍ ചിത്രം)

തിരുവനന്തപുരം: പുല്ലുമേട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ കമ്മിഷന്റെ കരട് റിപ്പോര്‍ട്ട് തയ്യാറായി. പുല്ലുമേടിലെ അശാസ്ത്രീയമായ പാര്‍ക്കിങ്ങും ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തതും വെളിച്ചക്കുറവും അപകടകാരണങ്ങളായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത തീര്‍ഥാടനകാലത്ത് ഏര്‍പ്പെടുത്തേണ്ട സുരക്ഷ സംബന്ധിച്ച പത്തിലധികം നിര്‍ദേശങ്ങളുണ്ട്.

മകരവിളക്ക് സമയത്തെ തിക്കിലും തിരക്കിലും നൂറിലധികം ശബരിമല തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ പുല്ലുമേട്ടില്‍ ഇത്തവണ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇവിടെ വേണ്ടത്ര പൊലീസുകാരെ നിയോഗിക്കണം. കോഴിക്കാനത്ത് നിന്ന് ഉപ്പുപാറയിലേക്ക് ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ഇടക്കാല റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ക്ക് സെപ്റ്റംബര്‍ 12 നടക്കുന്ന സിറ്റിങ്ങില്‍ അന്തിമ രൂപം നല്‍കുമെന്ന് അന്വേഷണം നടത്തുന്ന ഏകാംഗ ജുഡിഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ അറിയിച്ചു. സെപ്റ്റംബര്‍ 15ന് അന്തിമ റിപ്പോര്‍ട്ട്   സമര്‍പ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം