കായിക സംഘടനകള്‍ക്ക് ഓഡിറ്റിങ് നിര്‍ബന്ധമാക്കിക്കൊണ്ട് സമഗ്രമായ കായിക നിയമം വരുന്നു

August 14, 2011 കായികം

ന്യൂഡല്‍ഹി: കായിക സംഘടനകള്‍ക്ക് ഓഡിറ്റിങ് നിര്‍ബന്ധമാക്കിയും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് കേന്ദ്ര കായിക മന്ത്രി അജയ് മാക്കനാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിയമം സംബന്ധിച്ച കുറിപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.

ഗവണ്‍മെന്റില്‍ നിന്നും കായിക ഫെഡറേഷനില്‍ നിന്നുമായി 23 അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ഉപദേശക കൗണ്‍സില്‍ രൂപവല്‍ക്കരിക്കാന്‍ നിയമത്തില്‍ ശുപാര്‍ശയുണ്ട്. കായിക ഫെഡറേഷനുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും ആവശ്യമെങ്കില്‍ അത് റദ്ദാക്കാനും കൃത്യമായ സമയത്ത് കേന്ദ്രത്തിന് ഉപദേശം നല്‍കുക ഇനി ഈ സമിതിയായിരിക്കും.

ഫെഡേറഷനുകളുടെ നേതൃസ്ഥാനത്ത് വരുന്നവര്‍ക്ക് പ്രായപരിധിയും കാലാവധിയും നിശ്ചയിക്കുന്നത് ഉള്‍പ്പടെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ അടങ്ങുന്നതാണ് നിയമം. 70 വയസ്സിന് ശേഷവും ഒരാള്‍ക്ക് രണ്ട് തവണയില്‍ കൂടുതല്‍ ഒരു സംഘടനയുടെയും ഭാരവാഹിത്വത്തില്‍ തുടരാനാകില്ല. അതേപോലെ ഒരേ സമയം രണ്ട് പദവികളില്‍ തുടരുന്നതിനും നിയമം വിലക്ക് കല്‍പിക്കുന്നു.

കുടുംബസ്വത്ത് പോലെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ തലപ്പത്ത് കാലങ്ങളായി തുടരുന്ന പലര്‍ക്കും പുറത്തേക്ക് വഴിതുറക്കുന്നതാകും ഈ നിയമപരിഷ്‌കാരങ്ങള്‍. ബി.സി.സി.ഐ ഉള്‍പ്പടെ എല്ലാ കായിക സംഘടനകളേയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും നിയമം അനുശാസിക്കുന്നുണ്ട്. തര്‍ക്കങ്ങളിലും മറ്റും വിധികല്‍പിക്കാന്‍ സ്‌പോര്‍ട്‌സ് ഓംബുഡ്‌സ്മാനെ നിയമിക്കും. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ സ്‌പോര്‍ട്‌സ് ട്രിബ്യൂണല്‍ രൂപവല്‍ക്കരിക്കും.

ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹ(ടെന്നീസ് അസോസിയേഷന്‍), വി.കെ.മല്‍ഹോത്ര(അമ്പെയ്ത്ത് അസോസിയേഷന്‍), ജയിലിലുള്ള സുരേഷ് കല്‍മാഡി(അത്‌ലറ്റിക്‌സ് ഫെഡറേഷന്‍), കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലര്‍(ജൂഡോ ഫെഡറേഷന്‍), ലോക്ദള്‍ നേതാവ് അഭയ് ചൗത്താല(ബോക്‌സിങ് അസോസിയേഷന്‍) എന്നിവരുടെയെല്ലാം കുത്തകയ്ക്ക് പുതിയ നിയമം അന്ത്യം കുറിക്കുമെന്ന് കരുതാം.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം