ഷമ്മി കപൂര്‍ അന്തരിച്ചു

August 14, 2011 ദേശീയം

മുംബൈ: ബോളിവുഡിന്റെ പഴയകാല റൊമാന്റിക് ഹീറോ ഷമ്മികപൂര്‍(79) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആസ്പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ച 5.15 ഓടെയായിരുന്നു അന്ത്യം. ഈ മാസം ഏഴിനാണ് വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അര്‍ധരാത്രിയോടെ രോഗം മൂര്‍ഛിക്കുകയും പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു. 1950 കളിലും 60 കളിലും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ഷംഷേര്‍ രാജ് കപൂര്‍ എന്ന ഷമ്മി കപൂര്‍. 1953 ല്‍ പുറത്തിറങ്ങിയ ജീവന്‍ ജ്യോതിയാണ് ആദ്യ ചിത്രം. ബഹുമുഖമായ അഭിനയശേഷി കൊണ്ട് ആരാധകമനസ്സില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2006 ല്‍ പുറത്തിറങ്ങിയ സാന്‍വിച്ചാണ് അവസാന ചിത്രം. 1994 ലില്‍ പുറത്തിറങ്ങിയ സുഖം സുഖകരം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 2009 ല്‍ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡിന് അര്‍ഹനായി.

തുംസെ നഹീന്‍ ദേക, ദില്‍ ദേകേ ദേകോ, ജംഗ്‌ലീ, ദില്‍ തേര ദിവാനാ, പ്രഫസര്‍, ചൈന ടൗണ്‍, രാജ്കുമാര്‍, കാശ്മീര്‍ കി കലി തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലെ നായകനായിരുന്നു ഷമ്മി കപൂര്‍.

1931 ഒക്‌ടോബര്‍ 21 നായിരുന്നു ജനനം. ആദ്യകാല ഹീറോ പൃഥ്വിരാജ് കപൂറാണ് പിതാവ്. രാജ് കപൂറും ശശി കപൂറും സഹോദരങ്ങളാണ്. സ്‌കൂള്‍ പഠനകാലത്തിന് ശേഷം 1948 ല്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തി. ആദ്യകാലത്ത് മാസം 150 രൂപയായിരുന്നു അഭിനയത്തിനുള്ള ശമ്പളം. ആശ പരേഖ്, സൈറ ഭാനു, ഷര്‍മ്മിള ടാഗോര്‍ എന്നിവരോടൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ ഷമ്മി കപൂര്‍ നായകനായി വേഷമിട്ടു. ആദ്യകാലങ്ങളില്‍ റൊമാന്റിക് ഹീറോ എന്ന സങ്കല്‍പത്തിന് അനുയോജ്യമായിരുന്നു ഷമ്മിയുടെ ശരീരഭാഷയും ചലനങ്ങളും. അന്ദാസ് എന്ന ചിത്രമാണ് നായകനായി തിളങ്ങിയ അവസാന ചിത്രത്തിലൊന്ന്. 70 കളുടെ ആരംഭത്തില്‍ ശരീരഭാരം കൂടിവരുകയും നായകസങ്കല്‍പത്തിന് യോജിക്കാതെ വരുകയും ചെയ്തതോടെ നായകന്റെ സ്ഥാനം മാറ്റിവെച്ച് സഹനടനായി പിന്നെയും ഏറെക്കാലം അഭിനയം തുടര്‍ന്നു. 1965 ല്‍ തീസരി മന്‍സിലില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് അസുഖബാധിതയായ ഭാര്യ ഗീത അദ്ദേഹത്തെ വിട്ടുപിരിഞ്ഞത്.1968 ല്‍ ബ്രഹ്മചാരി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. ഇന്റര്‍നെറ്റ് കൂട്ടായ്മയിലെ സ്ഥിരം നായകനായിരുന്നു ഷമ്മി കപൂര്‍. ഇന്റര്‍നെറ്റ് യൂസേഴ്‌സ് കമ്മ്യൂണിറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമാണ്. എത്തിക്കല്‍ ഹാക്കര്‍ അസോസിയേഷന്‍ തുടങ്ങിയ കൂട്ടായ്മകള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഷമ്മി കപൂറായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം