ക്ഷേത്രങ്ങള്‍ ഉണര്‍ന്നാല്‍ മാത്രമേ സമൂഹം വളരുകയുള്ളൂ: കുമ്മനം

August 14, 2011 കേരളം

ഹരിപ്പാട്: ക്ഷേത്രങ്ങള്‍ ഉണരുകയും വളരുകയും ചെയ്താല്‍ മാത്രമെ സമൂഹം വളരുകയുള്ളു. സമൂഹത്തിന്റ ജീര്‍ണാവസ്ഥയ്ക്ക് പരിഹാരം ക്ഷേത്രങ്ങളുടെ ശരിയായ പരിപാലനം മാത്രമാണ്. അത്തരം പ്രവര്‍ത്തനമാണ് ഋഷികളും ആദ്ധ്യാത്മിക ആചാര്യന്മാരും പകര്‍ന്ന് നല്‍കിയിട്ടുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശാരദാദേവിയുടെ പ്രതിഷ്ഠ നടത്തിയതിലൂടെ സമൂഹ നവീകരണമാണ് ശ്രീനാരായണ ഗുരുദേവന്‍ കാട്ടിത്തന്നത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പലപ്പോഴും സൗകര്യം പോലെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഗുരുദേവന്‍ എഴുതി നല്‍കിയ സത്യപ്രതിജ്ഞ ശ്രദ്ധേയമാണ്. ചട്ടമ്പിസ്വാമികളുടെ തീര്‍ഥപാദാശ്രമം, ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം, ചെറുകോല്‍ ഹിന്ദുമത കണ്‍വന്‍ഷന്‍ എന്നിവ തുടങ്ങിയിട്ട് നൂറുവര്‍ഷം തികയുകയാണ്. അങ്ങനെ ചരിത്ര വര്‍ഷമാണ് 2011.

ദേവനില്‍ വിശ്വാസമുണ്ടോ എന്ന മര്‍മ്മപ്രധാനമായ ചോദ്യത്തിന് ഉത്തരം പറയാതെ ദേവപ്രശ്‌നം കഴിഞ്ഞ് ഇത് ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ പരാമര്‍ശം അപ്രസക്തവും ഔചിത്യമില്ലായ്മയുമാണ്. വിശ്വാസമില്ലാത്തവര്‍ വിശ്വാസികള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് പറയുന്നത് ഔചിത്യമില്ല. നീലലോഹിത ദാസന്‍ നാടാര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം