സ്വാതന്ത്ര്യദിനം: രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി

August 14, 2011 ദേശീയം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യമെങ്ങും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഡല്‍ഹി നഗരത്തിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തു. അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ ദ്രുതകര്‍മസേനയ്ക്കും കമാന്‍ഡോകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിലേയും ഗസ്റ്റ് ഹൗസുകളിലേയും താമസക്കാരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. സംശയകരമായി എന്തു കണ്ടാലും ഉടന്‍ പൊലീസിനെ വിവരമറിയിക്കാന്‍ കച്ചവടക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മാലിന്യക്കൂമ്പാരങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് നായകളും പരിശോധന നടത്തുന്നുണ്ട്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഞ്ചു തലത്തിലുള്ള സുരക്ഷയാണ് ഡല്‍ഹി നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. സൈന്യത്തിനും വിവിധ അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും പുറമേ 10,000 ഡല്‍ഹി പൊലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചു. നിരത്തുകളില്‍ പൊലീസും സൈന്യവും നിലയുറപ്പിച്ചുകഴിഞ്ഞു. വാഹനപരിശോധനകള്‍ കര്‍ശനമാക്കി. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ത്രിവര്‍ണപതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലും സിസി ടിവി ക്യാമറകള്‍സ്ഥാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സമയം ഡല്‍ഹിയുടെ ആകാശം വ്യോമനിരോധിത മേഖലയായിരിക്കും. പാര്‍ലമെന്റ് മന്ദിരം, രാജ്യാന്തര വിമാനത്താവളം, മെട്രോ സ്‌റ്റേഷനുകള്‍, റയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈനികരെ നിയോഗിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം