ലാവലിന്‍: ക്ലോസ് ട്രെന്‍ഡലിന് വീണ്ടും വാറന്റ് അയയ്ക്കും

July 31, 2010 മറ്റുവാര്‍ത്തകള്‍

കൊച്ചി: ലാവലിന്‍ കേസില്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിന് വീണ്ടും ജാമ്യമില്ലാ വാറന്റ് അയ്ക്കാന്‍ സി.ബി.ഐ കോടതി നിര്‍ദേശിച്ചു. ഇത്തവണ ഹൈക്കോടതി രജിസ്ട്രാര്‍ മുഖേനയാണ് വാറന്റ് അയയ്ക്കുക. ആദ്യം അയച്ച സമന്‍സ് ട്രെന്‍ഡല്‍ കൈപ്പറ്റാത്തതിനാല്‍ വാറന്റ് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. കേസിലെ ആറാം പ്രതിയാണ് ട്രെന്‍ഡല്‍. കേസില്‍ ദിലീപ് രാഹുലന്റെ മൊഴി സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. സി.ബി.ഐയുടെ ചോദ്യാവലിയ്ക്ക് ദിലീപ് നല്‍കിയ മറുപടിയാണ് ഹാജരാക്കിയത്. ലാവലിന്‍ ബിസസിനസ് ഡവലപ്പ്‌മെന്റ് ഡയറക്ടറായിരുന്നു ദിലീപ് രാഹുലന്‍. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളായി ടെക്‌നിക്കാലിയ എന്ന കമ്പനിയെ നിര്‍ദേശിച്ചത് താനല്ലെന്ന് ദിലീപ് മൊഴിയില്‍ പറയുന്നു. ടെക്‌നിക്കാലിയ തന്റെ കമ്പനിയല്ല. അവരെ നിയമിച്ചത് അന്നത്തെ ഊര്‍ജ സെക്രട്ടറിയും ലാവലിന്‍ മാനേജ്‌മെന്റും അടങ്ങിയ ഉന്നതതല സമിതിയാണെന്നും ദിലീപ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി വകുപ്പില്‍ ഉപദേഷ്ടാവായിരുന്ന കെ.ജി.രാജശേഖരന്‍ നായര്‍ക്ക് തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കിയെന്നും മൊഴിയിലുണ്ട്. കാന്‍സര്‍ സെന്റര്‍ സഹായത്തിനുള്ള കരാര്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ശേഷം പുതുക്കിയിട്ടില്ലെന്നും ദിലീപ് രാഹുലന്‍ മൊഴിയില്‍ പറയുന്നുണ്ടെന്നാണ് സൂചന. കേസ് ഇനി കോടതി നവംബര്‍ പത്തിന് പരിഗണിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍