അഴിമതിക്കെതിരെ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യം

August 14, 2011 എഡിറ്റോറിയല്‍

”സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പരതന്ത്ര്യം മാനികള്‍ക്ക്, മൃതിയെക്കാല്‍ ഭയാനകം” – സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഇതിനെക്കാള്‍ മഹത്തായ കാവ്യശകലം മലയാളത്തില്‍ വേറെയില്ല. 1947 ആഗസ്റ്റ് 15ന്  അര്‍ദ്ധരാത്രി ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഒരു രാഷ്ട്രവും അവിടത്തെ കോടിക്കണക്കിന് ജനങ്ങളും ഹൃദയാന്തരാളത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സ്വാതന്ത്ര്യത്തിന്റെ സൂര്യനുമായി പുതിയൊരു പുലരിയിലേക്ക് പദമൂന്നുകയായിരുന്നു. പക്ഷേ ആ ചരിത്ര മുഹൂര്‍ത്തം സൃഷ്ടിക്കാന്‍ സഹിച്ച ത്യാഗവും സഹനവും ഒഴുക്കിയ കണ്ണീരും രക്തവും വിയര്‍പ്പുമൊക്കെ ഇതിഹാസതുല്യമായ ചരിത്രത്തിലെ മഹത്തായ ഏടുകളാണ്.

സ്വാതന്ത്ര്യപ്രാപ്തിയിലേക്ക് ഒരു രാഷ്ട്രത്തെ നയിച്ച നേതാക്കളെ കുറിച്ച് മാത്രമാണ് രേഖപ്പെടുത്തിയിട്ടുളളത്. അടിമഭാരതത്തെ മോചിപ്പിക്കാന്‍ കൊടിയ മര്‍ദ്ദനങ്ങളേറ്റുവാങ്ങുകയും മൃത്യുവിനെ മന്ദഹാസത്തോടെ പുണരുകയും വിരിമാറില്‍ വെടിയുണ്ടകളേറ്റുവാങ്ങുകയും ചെയ്ത അജ്ഞാതരായ ആയിരക്കണക്കിന് ദേശാഭിമാനികളുണ്ട്. അവരുടെയൊക്കെ ത്യാഗത്തിന്റെ കൂടി ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം.

ഇന്ന് ഭാരതം സ്വതന്ത്രയായിട്ട് 64 വര്‍ഷം പൂര്‍ത്തിയാവുന്നു. സ്വതന്ത്രഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനായി സഹിച്ച ത്യാഗവും കഷ്ടപ്പാടുമൊക്കെ വെറുതെയായിരുന്നോ എന്ന ചോദ്യമുയരുകയാണ്. ഒന്നും ആഗ്രഹിക്കാതെ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ ത്യാഗമതികളുടെ സ്വപ്‌നം ‘സ്വതന്ത്രഭാരത’മായിരുന്നു. സനാതന ധര്‍മ്മത്തിന്റെ അടിത്തറയില്‍ സഹസ്രാബ്ധങ്ങളായി നിലനിന്ന ഒരു രാഷ്ട്രം ചരിത്രത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ചുവടുവച്ചപ്പോള്‍ നമുക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. പട്ടിണിയും നിരക്ഷരതയും സാമ്പത്തിക അസമത്വങ്ങളുമില്ലാത്ത ഒരു ഭാരതത്തെയാണ് സ്വാതന്ത്ര്യസമരസേനാനികള്‍ സ്വപ്‌നംകണ്ടത്. ഒരു മനുഷ്യനെങ്കിലും പട്ടിണികിടക്കുകയാണെങ്കില്‍ നാം സ്വാതന്ത്ര്യം നേടിയെന്നതിന് അര്‍ത്ഥമില്ല എന്നാണ് ഗാന്ധിജി പറഞ്ഞത്.

തിരിഞ്ഞുനോക്കുമ്പോള്‍ പലമേഖലകളിലും നാം മുന്നേറി എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഭാരതം നിലകൊള്ളുന്നത് എന്തിനുവേണ്ടിയാണ് എന്ന് അരവിന്ദ മഹര്‍ഷി സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ സൂചിപ്പിച്ചിരുന്നു. ലോകത്തിനുവേണ്ടി നിര്‍വഹിക്കാനുള്ള ഒരു ദൗത്യവുമായാണ് ഭാരതം പ്രയാണം തുടരുന്നത്. ഭാരതത്തിന്റെ നാശം ലോകത്തിന്റെ തന്നെ നാശത്തിനുകാരണമാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പുനല്‍കിയത്. ധര്‍മ്മവും സത്യവും ചിരന്തനമായ മൂല്യങ്ങളുമൊക്കെ കാറ്റില്‍പറത്തി ഭൗതികതയ്ക്കു പിന്നാലെ പാശ്ചാത്യരെ പിന്‍തുടര്‍ന്ന് ഭാരതവും പായുകയാണ്. ഇത് സര്‍വനാശത്തിനേ ഇടവരുത്തൂ.

ധാര്‍മ്മികച്യുതിയുടെ ഹിമവല്‍സദ്യശമായ ദൃഷ്ടാന്തങ്ങളാണ് ഇന്ന് ഭാരതത്തില്‍ അരങ്ങേറുന്നത്. അഴിമതി അരങ്ങു തകര്‍ക്കുകയാണ്. സ്‌പെക്ട്രം അഴിമതിയിലൂടെ 1,76,000 കോടിരൂപയാണ് രാജ്യത്തിന് നഷ്ടപ്പെടുത്തിയത്. ഉടുതുണിക്കു മറുതുണിയില്ലാതെ, ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ, തലചായ്ക്കാനിടമില്ലാതെ കോടിക്കണക്കിന് ദരിദ്രനാരായണന്‍മാര്‍ ജീവിക്കുന്ന ഭാരത്തിലാണ് ഭീമാകാരമായ ഇത്തരം അഴിമതികള്‍ നടക്കുന്നത്.
അഴിമതിക്കെതിരെ രാജ്യത്തുടനീളമുയരുന്ന ജനരോഷം ഇന്ന് ഭരണകര്‍ത്താക്കളെ ഭയപ്പെടുത്തുന്നു. ലോക്‌സംഘര്‍ഷ സമിതി രൂപീകരിച്ചുകൊണ്ട് ജയപ്രകാശ് നാരായണ്‍ 1970 കളില്‍ അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ ആരംഭിച്ച ഐതിഹാസിക പോരാട്ടമാണ് അടിയന്തിരാവസ്ഥയില്‍ കലാശിച്ചത്. ഇതിനു സമാനമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്.

അഴിമതിക്കെതിരെ ഗാന്ധിയനായ അന്നാഹസാരെ ആരംഭിച്ച സമരം രാജ്യത്തുടനീളം അഴിമതി വിരുദ്ധതരംഗം സൃഷ്ടിച്ചിട്ടുണ്ട്. അഴിമതിക്കാരെ കല്‍ത്തുറുങ്കിലടയ്ക്കുന്നതിനു രൂപംകൊടുത്തുവെന്നുപറയുന്ന ലോക്പാല്‍ ബില്ലിനുസംബന്ധിച്ചാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഇടഞ്ഞുനില്‍ക്കുന്നത്. അതിലെ പലവ്യവസ്ഥകളും അന്നാഹസാരെക്ക് സ്വീകാര്യമല്ല. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ ബില്ലിന്റെ പരിധിയില്‍ക്കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട് 16ന് ആരംഭിക്കാനിരിക്കുന്ന നിരാഹാരസമരത്തിന് ഉപാധിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നതുതന്നെ അഴിമതിയുമായി ഭരണകൂടം എത്രമാത്രം രമ്യതയിലാണെന്ന് വ്യക്തമാക്കുന്നതാണ്.  ഗാന്ധിയന്‍മാര്‍ഗത്തില്‍ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യംപോലും ഭരണകൂടം നിഷേധിക്കുമ്പോള്‍ നാം നേടിയ സ്വാതന്ത്ര്യത്തിന് എന്താണ് വില?

കടലിരമ്പംപോലെ ഉയരുന്ന ജനശക്തിക്കുമുന്നില്‍ ഭരണകൂടം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീഴും. ജനാധിപത്യത്തിന്റെ ‘ഹരീശ്രീ’ പോലുമറിയാത്ത ഉത്തരേന്റ്യന്‍ ഗ്രാമീണജനത ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി പദത്തില്‍ നിന്നും പിടിച്ചിറക്കിയ ചരിത്രം മറന്നുപോകുന്നവരെ ജനശക്തി വീണ്ടും പാഠം പഠിപ്പിക്കും. അത് അഴിമതിക്കെതിരെയുള്ള ഭാരതത്തിന്റെ മനഃസാക്ഷിയില്‍ നിന്നുള്ള ശക്തമായ താക്കീതായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍