ഹസാരെയുടെ അറസ്റ്റ്: ജനാധിപത്യ വിരുദ്ധമെന്ന് ബി.ജെ.പി

August 16, 2011 ദേശീയം

ന്യൂഡല്‍ഹി:  അന്ന ഹസാരെയുടെ അറസ്റ്റിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചു. ഹസാരെയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. സമരം ചെയ്യാനുള്ള ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബി.ജെ.പി. വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയും നടപടി അപലപനീയമാണെന്ന് ബി.ജെ.പി. നേതാവ് രവിശങ്കര്‍ പ്രസാദും പറഞ്ഞു.

അതിനിടെ ഹസാരെയുടെ അറസ്റ്റില്‍ ഡല്‍ഹിയില്‍ പലയിടത്തും വന്‍ പ്രതിഷേധം അലയടിക്കുകയാണ്. ഹസാരെയെ മയൂര്‍ വിഹാറില്‍ നിന്നും ശാന്തി ഭൂഷന്‍, കിരണ്‍ ബേദി, അരവിന്ദ് കജ്രിവാള്‍, പ്രശാന്ത് ഭൂഷന്‍ എന്നിവരെ രാജ്ഘട്ട് പരിസരത്തുനിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ഹസാരെ അനുയായികള്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചത് അല്‍പ്പനേരം സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരുന്നു.

അറസ്റ്റിനെതിരെ സി.പി.എമ്മും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ജനാധിപത്യ അവകാശത്തിനെതിരായ നടപടിയാണ് ഹസാരെയുടെ അറസ്‌റ്റെന്നും സി.പി.എം. നേതാവ് വൃന്ദാകാരാട്ട് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം