രാമായണത്തിലൂടെ…

August 16, 2011 സനാതനം

സമുദ്രലംഘന സന്ദേശം

ജയ് സീതാരാം

സ്വാമി സത്യാനന്ദ സരസ്വതി

”മരണഭയമകതളിരിലില്ലയാതെഭൂവി
മറ്റൊരു ജന്തുക്കളില്ലെന്നു നിര്‍ണയം”
”ദശനിയുതശതവയജീര്‍ണമെന്നാകിലും
ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്കനീ”
പ്രകൃതി തത്വങ്ങള്‍ ആവിഷ്‌കരിച്ചും, ദേഹിയും ദേഹവും തമ്മിലുള്ള ബന്ധത്തെ വ്യാഖ്യാനിച്ചും താന്‍ ചെയ്ത കര്‍മങ്ങള്‍ ശരിയാണെന്ന ബോധം മാരുതിക്കുണ്ട്. സംശയബുദ്ധ്യാകര്‍മങ്ങള്‍ ആചരിക്കുന്നത് അധര്‍മമാണ്. നിശ്ചയദാര്‍ഢ്യം മനസ്സിന്റെ ഏകാഗ്രതയില്‍ നിന്നു മാത്രമേ ഉടലെടുക്കുകയുള്ളൂ. ദൃഢഭാവന കൊണ്ടുമാത്രമേ ഏകാഗ്രമായ മനസ്ഥിതി ഉണ്ടാവുകയുള്ളൂ. സങ്കല്പശുദ്ധി വളരണമെങ്കില്‍ ഏകാഗ്രത കൂടിയേ തീരൂ. ‘ദ്വേ ബീജേ ചിത്തവൃക്ഷ സ്യവൃത്തി പ്രതിതി ധാരിണഃ’ ‘ഏകം പ്രാണപരിസ്പരോ ദ്വിദീയം ദൃഢഭാവന’ ചിത്തത്തന്റെ അതിപ്രധാനമായ രണ്ട് ബീജങ്ങളില്‍ ആദ്യത്തേത് പ്രാണപരിസ്പന്ദനവും രണ്ടാമത്തേത് ദൃഢഭാവനയുമാണെന്ന് മുക്തികോപനിഷത്തില്‍ പറയുന്നു. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ മാരുതിക്ക് ഉപദേശിക്കുന്നതാണ് ഈ ഉപനിഷദ് മന്ത്രങ്ങള്‍. ദൃഢഭാവനയ്ക്ക് രാമന്‍ തന്നെ നല്കിയിരിക്കുന്ന പ്രാധാന്യം രാമദാസനായ ആഞ്ജനേയന്‍ സമ്പൂര്‍ണമായും പരിപാലിച്ചിട്ടുണ്ട്.
വിവിധ അഭിപ്രായങ്ങള്‍
മാരുതിയുടെ പുത്രനും ആഞ്ജനേയനുമായ ഹനുമാന്റെ ആരാധനാമൂര്‍ത്തി ഭഗവാന്‍ ശ്രീരാമചന്ദ്രനാണ്. ആ സങ്കല്പം കൊണ്ട് ധന്യമാകാത്ത നിമിഷങ്ങള്‍ മാരുതിയുടെ ജീവിതത്തില്‍ ഇല്ല. രാമജപാധ്യാനം കൊണ്ട് സംശുദ്ധമാകാത്ത അവസരങ്ങളുമില്ല. സര്‍വകര്‍മങ്ങളും ആ പാദങ്ങളിലാണ് സമര്‍പ്പിക്കപ്പെടുന്നത്. രാമനോട് ബന്ധപ്പെടാത്ത ഒറ്റ വാക്കുപോലും മാരുതി ഉച്ചരിക്കാറില്ല. തന്റേതെന്ന് കരുതാന്‍ രാമനല്ലാതെ തന്റേതായി മറ്റൊന്നും ഇല്ലാത്ത് ആ പുണ്യജീവിതം ആത്മാരാമത്വം കൊണ്ട് സംപൂര്‍ണവും സമശീര്‍ഷവുമാണ്. ആഞ്ജനേയന്റെ വാക്കുകള്‍ തന്നെ രാമനെപ്പറ്റിയുള്ള മഹത്തായ ചിന്തകള്‍ വെളിവാക്കുന്നുണ്ട്.
‘ദേഹ ബുദ്ധ്യാ ദാസോഹം
ജീവ ബുദ്ധ്യാ ത്വാംശ
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതിഃ’
ദേഹബുദ്ധ്യാ ചിന്തിച്ചാല്‍ ഞാന്‍ അവിടുത്തെ ദാസനാണ്. തന്മൂലം തന്നെ പൂര്‍ണമായ വ്യത്യാസം രാമനും രാമദാസനും തമ്മിലുണ്ട്. സങ്കല്പശുദ്ധമായൊരു കേന്ദ്രം, സങ്കല്പിക്കുകയെന്ന് കര്‍മം, സങ്കല്പിക്കുന്ന വ്യക്തി എന്നീ മൂന്നുഭാവങ്ങള്‍ മേല്പറഞ്ഞ തത്വത്തിലുള്ളതുകൊണ്ട് അത് തികച്ചും ഭൗതികമാണ്. പേരും രൂപവും തന്നെ വ്യത്യസ്തമാണ്. രാമന്‍ ആഞ്ജനേയന്റെ അധിദേവനും ആഞ്ജനേയന്‍ അവിടുത്തെ ദാസനുമാണ്. ജീവാത്മാഭാവത്തില്‍ ചിന്തിച്ചാല്‍ ഭഗവാന്റെ അംശം തന്നെയാണ് ആഞ്ജനേയന്‍. സമഷ്ടഭാവത്തില്‍ വിരാട് സ്വരൂപന്‍ രാമചന്ദ്രനും വൃഷ്ടിഭാവത്തില്‍ ആഞ്ജനേയന്‍ വിരാടിന്റെ അംശവുമാണ്. ആഞ്ജനേയന്റഎ ബുദ്ധിയും മനസ്സും വ്യക്തിസ്വഭാവം കൊണ്ട് അവ രാമനില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. താദാത്മ്യപ്രാപ്തിക്ക് സാധകനെ തയ്യാറാക്കുന്ന സമര്‍പ്പണം ധന്യമായ ഭാവന കൊണ്ട് ആരാധ്യമായിത്തീര്‍ന്നിരിക്കുന്നു. രാവണനെ ഹിരണ്യഗര്‍ഭചൈതന്‌യ്തിലേക്ക് വിലയിപ്പിക്കുവാന്‍ വിശ്വരൂപിയായ ഭഗവാനെ അനുനിമിഷം ഉപാസിക്കുന്ന ഭാവനയാണ് ആഞ്ജനേയനുള്ളത്. തദാത്മ്യം പ്രാപിക്കുവാനും ഭക്തനെന്ന പദവി സൂക്ഷിക്കുവാനും ആഞ്ജനേയന് അവസരം ലഭിക്കുന്നു. ജീവാത്മാപരമാത്മാ ഭേദം അത്രത്തോളം നിലനില്ക്കുകയും ചെയ്യുന്നു. എന്നാല്‍ പരമഭാഗവതനായ ആഞ്ജനേയന് തന്റെ യജമാനനായ രാമനെ ആത്മതലസ്വരൂപിയായും ബാഹ്യസ്വരൂപിയായും ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നു. സര്‍വവും രാമമയമായി കാണുമ്പോള്‍ ഉണ്ടാകുന്ന അനന്യഭാവം ആത്മാരാമപദവിയാണ്.
”ആത്മബുദ്ധ്യത്വമേവാഹം” എന്ന് മാരുതി പ്രകീര്‍ത്തിച്ചത് അതുകൊണ്ടാണ്.
‘യസ്തു സര്‍വാണി ഭൂതാനി ആത്മന്യവേവാ അനുപശ്യതീ
സര്‍വഭൂതേഷുചാത്മാനം തതോനവിജഗുപ്‌സതേ”
എന്ന് ഉപനിഷത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നു. സമദര്‍ശിത്വം മാരുതിയെ സംബന്ധിച്ച് സ്ഥായീഭാവം കൈക്കൊള്ളുന്നു. ആത്മഭാവം കൊണ്ട് അങ്ങും ഞാനും ഒന്നുതന്നെയാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുവാനുള്ള ആത്മവിശ്വാസം മാരുതി ആര്‍ജ്ജിച്ചിരിക്കുന്നു. ഈ ആത്മവിശ്വാസം തന്നെയാണ് സമസ്തകര്‍മങ്ങളുടെയും വിജയത്തിന് മാരുതിയെ സഹായിച്ചത്.
മാരുതി അവലംബിച്ച ജീവിതതത്വങ്ങള്‍ ഉപാസിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നതുകൊണ്ട് മനുഷ്യജീവിതത്തിന് ഉണ്ടാകുന്ന മഹിമ സമഷ്ടവ്യഷ്ടിഭാവങ്ങളെ സമന്വയിപ്പിക്കുന്നതിന് പ്രാപ്തി നല്കുന്നതാണ്. ആരാധ്യമായ ഭാവങ്ങളും ആരാധനയും രണ്ടല്ലാത്തവണ്ണം തത്വവും ധര്‍മവും ഒന്നായിത്തീരുന്നതിനും മാരുതിയെപ്പറ്റിയുള്ള ചിന്ത മതിയാകുന്നതാണ്. ചപലമായ വാനര സ്വഭാവവും വാനരസ്വഭാവത്തില്‍ നിന്ന് അചഞ്ചലമായ പൂജ്യപൂജാസങ്കല്പത്തിലേക്ക് മനുഷ്യലോകത്തെ തയ്യാറാക്കുന്നതിനുള്ള ദര്‍ശനശേഷിയും മാരുതിയെന്ന മഹാവ്യക്തിത്വത്തില്‍ ഉയിര്‍ക്കൊള്ളുന്നു. നിര്‍ഭയത്വവും നിരാമയത്വവും നിര്‍ദാക്ഷിണ്യം അധര്‍മത്തെ നേരിടുന്നതിനുള്ള കരുത്തും ആഞ്ജനേയനെ ചിന്തിക്കുന്നതുകൊണ്ട് ഉണ്ടാകും.
‘ബുദ്ധിര്‍ബലം യശോ ധൈര്യം
നിര്‍ഭയത്വം അരോഗതാ
അജാഢ്യം വാക്പടുത്വംച
ഹനുമത് സ്വരണാത്ഭവേത്’
ഹനുമാനെ സ്മരിക്കുന്നതുകൊണ്ട് ബുദ്ധിശക്തി, യശസ്സ്, ധൈര്യം, നിര്‍ഭയത്വം, അരോഗത, പ്രസന്നത, വാക്പടുത്വം എന്നീ മഹത്ഗുണങ്ങള്‍ സിദ്ധിക്കുന്നു. തന്റെ ഗുരുവായ സൂര്യദേവനില്‍ നിന്ന് വ്യാകരണസൂത്രങ്ങള്‍ അഭ്യസിച്ച ഹനുമാന്‍ വ്യാകരണ പണ്ഡിതന്‍ എന്ന് അനുഗ്രഹനാമം സ്വീകരിച്ചിട്ടുണ്ട്. സൂര്യദേവന്റെ രഥസഞ്ചാരവേഗതയ്ക്ക് അനുസരണമായി അദ്ദേഹത്തിന് അഭിമുഖമായി പുറകൊട്ടു നടന്നാണഅ ഹനുമാന്‍ വ്യാകരണസൂത്രം അഭ്യസിച്ചത്. തന്റെ ആത്മീയ ഗുരുവിനെ കണ്ടെത്തുമ്പോള്‍ രോമാഞ്ചവും ആനന്ദബാഷ്പവും ഉണ്ടാകുമെന്നുള്ള അനുഗ്രഹവും സൂര്യദേവനില്‍ നിന്ന് നേടിയിട്ടുണ്ട്. ഋശ്യമൂകാദ്രിയുടെ പാര്‍ശ്വസ്ഥാനത്ത് എത്തിച്ചേരുന്ന രാമലക്ഷ്മണന്മാരെ കണ്ട സുഗ്രീവന്‍ ഭയാശങ്കകളോടെ മാരുതിയെ സമീപിച്ചു. ബാലിയുടെ നിര്‍ദ്ദേശമനുസരിച്ച് തന്നെ നിഗ്രഹിക്കാന്‍ വരുന്നവരാണ് എന്നുള്ള സംശയമാണ് സുഗ്രീവന് ഭയമുളവാക്കിയത്. സത്യാവസ്ത മനസ്സിലാക്കി വരുന്നതിനുള്ള വൈദഗ്ധ്യം മാരുതിക്കുണ്ടെന്ന് സുഗ്രീവന് ബോദ്ധ്യമുണ്ട്. അന്വേഷിച്ചുവരുന്നതിന് ആഞ്ജനേയന്‍ നിയോഗിക്കപ്പെട്ടു. വിദഗ്ധമായ രീതിയില്‍ അന്വേഷണഫലം അറിയിക്കുന്നതിനുള്ള നിര്‍ദ്ദേശവും നല്കിയാണ് ആഞ്ജനേയനെ യാത്രയാക്കിയത്.
‘ഹസ്തങ്ങള്‍ കൊണ്ടറിയിച്ചീടു നമ്മുടെ
ശത്രുക്കളെങ്കിലതല്ലെങ്കില്‍ നിന്നുടെ
വക്ത്രപ്രസാദമരുസ്‌മേര സംജ്ഞയാ
മിത്രമെന്നുള്ളതുമെന്നോടു ചൊല്ലണം’
സൂര്യതനയനായ സുഗ്രീവന്റെ ഇംഗിതം അറിഞ്ഞ ആഞ്ജനേയന്‍ തല്‍ക്ഷണം തന്നെ വാനരസ്വരൂപം മാറ്റി വിനയവാനായ ഒരു വടുവിന്റെ രൂപം കൈക്കൊണ്ടു. ഇഷ്ടമുള്ള രൂപം കൈവരിക്കുന്നതിനുള്ള സിദ്ധിവൈഭവം അപ്പോള്‍ത്തന്നെ ഹനുമാനുണ്ടായിരുന്നു എന്ന് ഇതില്‍ നിന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. രാമലക്ഷ്മണന്മാരുടെ സമീപമെത്തുന്ന വടുരൂപിയായ ആഞ്ജനേയന്‍ രണ്ടു മഹാപുരുഷന്മാരെ സ്രാഷ്ടാംഗം നമസ്‌കരിച്ച് വിനയപൂര്‍വം ഉണര്‍ത്തിച്ചു.
‘അംഗജന്‍ തന്നെ ജയിച്ചോരുകാന്തിപൂ
ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും
ആരെന്നറിയുകയിലാഗ്രഹമുണ്ടത്
നേരേ പറയേണമെനോട് സാദരം
ദിക്കുകളാത്മാഭാസൈവശോഭിപ്പിക്കുമര്‍ക്ക്
നിശാകരന്മാരെന്നുതോന്നുന്നു’
എന്നിങ്ങനെയുള്ള വാക്കുകളില്‍ സ്ഫുരിച്ചു നില്ക്കുന്ന ഔചിത്യവും വിനയഭാവവും പ്രത്യേകെ ശ്രദ്ധേയമാണ്. അന്തര്‍മുഖത്വവും അര്‍ത്ഥവ്യാപ്തിയും ആ വാക്കുകളില്‍ ഒട്ടും കുറവല്ല. അര്‍ക്കനിശാകരന്മാര്‍ എന്നുള്ള  പ്രയോഗം  തന്നെ  ആലങ്കാരികവും സന്ദര്‍ഭോചിതവുമായിരിക്കുന്നു. രാമന് സൂര്യന്റെ സ്ഥാനവും ലക്ഷ്മണന് ചന്ദ്രന്റെ സ്ഥാന്വും നല്കാവുന്നതാണ്. ആത്മഭാസ്സുകൊണ്ടാണ് സൂര്യന്‍ പ്രകാശിക്കുന്നത്. സൂര്യപ്രകാശം പ്രതിഫലിച്ചാണ് ചന്ദ്രന്‍ ശോഭയുള്ളവനാകുന്നത്. ആത്മഭാസ്സ് എന്നുള്ള പ്രയോഗം പരമാത്മാവായ രാമനും സൂര്യദേവനും ഒരേപോലെ യോജിക്കുന്നു. തന്നെയുമല്ല, ചന്ദ്രന്‍ സൂര്യനെക്കൊണ്ട് ശോഭിക്കുന്നതുപോലെ ലക്ഷ്മണന്‍ അനന്തന്റെ അവതാരമാണെന്നുള്ള പൂര്‍വസങ്കല്പം ഇവിടെ ഓര്‍മിക്കേണ്ടതാണ്. വിഷ്ണുവിന്റെ  തല്പമായിത്തീര്‍ന്നിരിക്കുന്ന  അനന്തന് വിഷ്ണുവിനെക്കൂടാതെ പ്രാധാന്യമില്ല. ആഞ്ജനേയന്റെ വാക്കുകളില്‍ രാമലക്ഷ്ണന്മാരുടെ അവതാരസ്വഭാവം തന്നെ സ്പഷ്ടമായിക്കാണുന്നു. ആദ്യമായി ആ മഹാപുരുഷന്മാരെ ദര്‍ശിക്കുന്ന ആഞ്ജനേയന് തന്റെ വിശ്വാസത്തിലൂടെ വശ്യവാക്കായി വളരുവാന്‍ സാധിച്ചത് ഗുരുത്വവും വാഗ്‌ദേവതാവിലാസവും കൊണ്ടാണെന്ന് ഇതിനിന് സംശയമില്ല. സൂര്യനെ ബുദ്ധിയയായും ചന്ദ്രനെ മനസ്സായും ശാസ്ത്രരീത്യാ വര്‍ണിച്ചിട്ടുണ്ട്. ബുദ്ധി തീരുമാനമെടുക്കുന്ന സംസ്‌കാരവും മനസ്സ് ഭ്രമിക്കുന്ന സ്വഭാവത്തോടുകൂടിയതുമാണ്. ലക്ഷ്മണന് മനസ്സിന്റെ സ്ഥാനവും ബുദ്ധ്യാതീതമായ പരമാത്മഭാവവും യോജിക്കുന്നു. സൂര്യനും ചൈതന്യവും ആയിട്ടുള്ള ബന്ധ ബുദ്ധി ബുദ്ധിയെ പ്രയോഗിക്കുന്ന ചൈതന്യത്തിനും തമ്മിലുള്ള ബന്ധമാണ്. മനസ്സിന്റെ ചഞ്ചലതക്ക് പരിഹാരം ബുദ്ധിയുടെ തീരുമാനമാണ്. അതേ പോലെ ചഞ്ചലഹൃദയനായ ലക്ഷ്മണനെ സമാധാനിപ്പിക്കുന്നതിന് രാമന്റെ തീരുമാനമാണ് പ്രയോജനപ്പെടുന്നത്. ദശരഥനെ പിടിച്ചുകെട്ടുമെന്ന് ലക്ഷ്മണന്‍ ആക്രോശിച്ച രംഗം രാമന്റെ അമൃവാണികളില്‍ ശാന്തമായത് എങ്ങനെയെന്ന് നമുക്ക് ഓര്‍മിക്കാവുന്നതാണ്. ശേഷശായിയും ശേഷനും തമ്മിലുള്ള ബന്ധവും ഇത്തരുണത്തില്‍ സ്മരണീയമാണ്. പ്രകൃതിയെ മുഴുവന്‍ തന്റെ പ്രകാശം കൊണ്ട് സൂര്യദേവന്‍ അനുഗ്രഹിക്കുന്നു. ഭാസ്വനും വിവസ്വാനുമായ സൂര്യദേവനില്ലെങ്കില്‍ ദിക്കുകളോളം വ്യാപ്തിയുള്ള പ്രകൃതിയും നിലനില്ക്കുകയില്ല. ആന്തരിക സൂര്യനും ബാഹ്യസൂര്യനും ഒരുമിച്ചെങ്കിലേ പ്രകൃതി ദൃശ്യമാവുകയുള്ളൂ. ആന്തരികസൂര്യന്‍ ജ്ഞാനസ്വരൂപമാണ്. മനസ്സ് ബാഹ്യപ്രകൃതിയോടു ബന്ധപ്പെട്ടതുമാണ്. വിഷയങ്ങളില്‍ വ്യാപരിക്കുന്ന മനസ്സിനെ ഉപസംഹരിക്കേണ്ടത് ജ്ഞാനശക്തികൊണ്ടാണ്. രാമനും ലക്ഷ്മണനും തമ്മിലുള്ള ബന്ധത്തില്‍ മേല്പറഞ്ഞ സ്വഭാവം സ്പഷ്ടമായി കാണുന്നുണ്ട്. പ്രകൃതിയില്‍ ഹിരണ്യഗര്‍ഭചൈതന്യമായി വ്യാപരിച്ചിരിക്കുന്നത് പരമാത്മാവായ രാമനാണ്. ശേഷശായിയായി വര്‍ത്തിക്കുന്നതു രാമന്‍ കന്നെ. തന്റെ ചൈതന്യം കൂടാതെ യാതൊന്നും ഭാസിക്കുന്നില്ല. പരമമായ ജ്ഞാനത്തില്‍ ഭാസുമാത്രം അവശേഷിക്കുകയും ചെയ്യുന്നു. ആഞ്ജനേയന്റെ വാക്കുകളില്‍ മേല്പറഞ്ഞ പ്രകാരമുള്ള പ്രകൃതി പുരുഷബന്ധവും സ്പഷ്ടമായി കാണുന്നുണ്ട്.
‘ആദിത്യേഹവൈ പ്രാണോരയിരേവ ചരൂമം
രയിവാ ഏതത് സര്‍വം യജര്ത്തം ചാമൂര്‍ത്തചേ
തസ്മാന്മൂര്‍ത്തിരേവ രയിഃ പ്രഥമപ്രശ്‌നം മന്ത്രാട്’
(പ്രശ്‌നോപനിഷത്ത്)
മേല്പറഞ്ഞ ഉപനിഷദ് മന്ത്രമനുസരിച്ച് ആദിത്യന്‍ പ്രാണനും മൂര്‍ത്തങ്ങളായ സര്‍വവും ചന്ദ്രനുമായി വര്‍ണിക്കപ്പെട്ടിരിക്കുന്നു. സ്ഥൂല സൂക്ഷശരീരരൂപേണ വര്‍ത്തിക്കുന്ന രശ്മിയായും അവയെ പ്രചോദിപ്പിക്കുന്ന ചൈതന്യം (ആദിത്യന്‍) പ്രാണനായുമാണ് പ്രകൃതി രൂപം കൊള്ളുന്നത്. ദിക്ക്, ആദിത്യന്‍, രയി, പ്രാണന്‍, ചൈതകന്യം എന്നീ സങ്കല്പങ്ങളിലൂടെയെല്ലാം നാം അറിയുന്ന പ്രകൃതി രഹസ്യവും ആത്മതത്വവും രണ്ടല്ലാത്ത ഭാവത്തില്‍ എത്തുന്നതുവരെയുള്ള സര്‍വവും ആഞ്ജനേയന്റെ വാക്കുകളില്‍ പ്രതിപാദ്യമായിരിക്കുന്നു. ആത്മഭാസ് എന്നുള്ള പ്രയോഗത്തിലൂടെ ജ്യോതിസ്വരൂപമായിരിക്കുന്ന ആത്മ സ്വഭാവവും സ്പഷ്ടമാകുന്നുണ്ട്.
‘വിശ്വരൂപം ഹിരണം ജാതവേദസം
 പരായണം ജ്യോതിരേതം തപന്തം
സഹസ്രരവിഃ ശതധാവര്‍ത്തമാനഃ
പ്രാണപ്രജാനം ഉദയത്യേഷസൂര്യഃ’
എന്നുള്ള പ്രശ്‌നോപനിഷത്തിലെ മന്ത്രഭാഗം മേല്പറഞ്ഞ തത്വത്തെ വിശദമാക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു. കാര്യകാരണ ബന്ധത്തിലൂടെ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന തത്വങ്ങള്‍ മുഴുവന്‍ മാരുതിയുടെ വാക്കുകളില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.
പ്രിയങ്കരമായ ഭാഷയില്‍ സത്യംപറയുവാനുള്ള വാക്പടുത്വം ആഞ്ജനേയന്റെ പ്രത്യേകതയാണ്. ‘നബ്രൂയാത് സത്യമപ്രിയം’ എന്നുള്ള ആപ്തവാക്യത്തെ അനുസ്മരിപ്പിക്കുമാറ് ഹനുമാന്റെ വാക്കുകള്‍ പ്രിയങ്കരവും സത്യമവുമാകുന്നു.
ഇന്ന് ലോകത്ത് നാം കാണുന്ന പ്രിയങ്കരങ്ങളായ ഭാഷണങ്ങള്‍ പലതും സത്യത്തെ ലംഘിക്കുന്നവയാണ്. സത്യവുമായിട്ട് ബന്ധമില്ലാത്ത പ്രിയം അധര്‍മത്തിലേക്ക് വഴിതെളിക്കും. സത്യമാണെങ്കിലും അപ്രിയമായി അവതരിപ്പിച്ചാല്‍ അതും അധര്‍മത്തില്‍ എത്തിക്കൂടെന്നില്ല. സത്യവും പ്രിയവും ഒരുമിച്ചിരിക്കേണ്ടത് ആരോഗ്യകരമായ സമൂഹ്യവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇതുകൊണ്ടുള്ള ശാസ്ത്രീയമായ ഫലം താല്ക്കാലിക സൗകര്യത്തിനുവേണ്ടി നഷ്ടപ്പെടുത്തിയാണ് ഇന്നത്തെ സാമൂഹ്യജീവിതത്തിലെ അനൈക്യത്തിനും ദുരന്തത്തിനും കാരണം. പ്രയമല്ലാത്ത സത്യങ്ങളും സത്യമല്ലാത്ത പ്രിയങ്ങളും തമ്മിലടിത്ത് സമൂഹത്തിന്റെ സൈ്വരത നശിച്ചിരിക്കുന്നതു കാണുവാന്‍ ആധുനിക രാഷ്ട്രീയത്തിനു വേണ്ടി മാത്രം ഭൗതിക സംഭരണത്തില്‍ ആഗ്രഹം വര്‍ദ്ധിക്കുന്ന മനുഷ്യന്‍ സത്യത്തെ വളച്ചൊടിക്കുന്നത് ഇന്ന് സാധാരണയാണ്. എന്നാല്‍ ആഞ്ജനേയന്റെ വാക്പടുത്‌വത്തില്‍ നിഖ്ഷിപ്തമായിരിക്കുന്ന കര്‍മരഹസ്യം ഈ ലോകത്തിന്റെ വിഷം നിറഞ്ഞ ചിന്തകള്‍ക്ക് വിശേഷമുള്ള ഔഷധമാണ്. സംഗ്രഹണശേഷിയുള്ള വാക്കുകള്‍ സന്ദര്‍ഭോചിതമായി പ്രയോഗിക്കുവാന്‍ ആഞ്ജനേയനു ലഭിച്ച വാക്പടുത്വം അന്യാദൃശമാണ്. പരസ്പരം അറിയുവാനും അറിയിക്കുവാനും അറപ്പുതോന്നാത്ത അനന്യഭാവം ആ വാക്കുകളുടെ സ്വാഭാവിക സമ്പത്താണ്. രാമലക്ഷ്മണന്മാര്‍ ആരാണെന്ന് ആഞ്ജനേയന്‍ അറിയുകയും അറിയിക്കുകയും കൊണ്ട് ഉളവായ ആത്മവിശ്വാസം ധര്‍മപ്രചോദകമായ അനന്തരഫലം ഉണ്ടാകുന്നതിന് എത്രകണ്ട് സഹായിച്ചൂ എന്ന് രാമായണ കഥാശേഷം വ്യക്തമാക്കുന്നു. രാമാവതാരോദ്ദേശ്യവും ലക്ഷ്യത്തിലേക്കുള്ള പ്രയാണവും വിശദമാക്കുന്നതിനുള്ള ദൂരദര്‍ശിത്വം ആ വാക്കുകളില്‍ അധിഷ്ഠിതമാണ്.

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം