അന്ന ഹസാരെ ഉടന്‍ ജയില്‍ മോചിതനാകും

August 17, 2011 ദേശീയം

ന്യൂഡല്‍ഹി: ജയില്‍ മോചിതനായ അന്ന ഹസാരെ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. സ്വാമി അഗ്‌നിവേശ് ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു. പുറത്തിറങ്ങുന്ന ഹസാരെ ജെ.പി പാര്‍ക്കില്‍ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്യപ്പെട്ട ഹാസാരെ ജയിലിലും നിരാഹാരം തുടരുകയായിരുന്നു. ഹസാരെയുടെ അറസ്റ്റിനെതിരെയുണ്ടായ ദേശവ്യാപകമായുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മോചിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും ജയിലില്‍ നിന്നിറങ്ങാന്‍ ഹസാരെ വിസമ്മതിക്കുകയായിരുന്നു.ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സമരത്തിന് അനുമതി നല്‍കിയാലേ ജയില്‍ വിടുകയുള്ളൂ എന്നാണ് ഹസാരെയുടെ നിലപാട്. തിഹാര്‍ ജയിലിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ ഒരു മുറിയിലാണ് ഹസാരെ രാത്രി താമസിച്ചത്.

ജയിലിലും നിരാഹാര സമരം തുടര്‍ന്ന ഹസാരെയ്ക്ക്് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തുടനീളം പതിനായിരങ്ങള്‍ തെരുവിലിറങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇന്ത്യഗേറ്റിന് സമീപവും തിഹാര്‍ ജയിലിന് പുറത്തും ആയിരങ്ങള്‍ മെഴുകുതിരികളും ദേശീയ പതാകകളുമായി മഴയെ അവഗണിച്ച് മുദ്രവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തി. ബുധനാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും ഹസാരെയുടെ അനുയായികള്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹത്തെ മോചിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ട സര്‍ക്കാര്‍ ഹസാരെയും മറ്റ് ഏഴുപേരേയും വിട്ടയക്കാനുള്ള നിര്‍ദേശം ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം മുറുകുന്നത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്.

രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമാണിതെന്നും ഗാന്ധിജിയുടെ മാതൃക പിന്തുടര്‍ന്ന് രാജ്യത്തെ ജയിലുകള്‍ നിറയ്ക്കാന്‍ അഴിമതിക്കെതിരെ പൊരുതുന്ന ജനങ്ങള്‍ തയ്യാറാകണമെന്നും ഹസാരെ പറഞ്ഞു. ഹസാരെയുടെ അറസ്റ്റ് വേദനാജനകമാണെങ്കിലും അദ്ദേഹം നിയമലംഘനത്തിന് മുതിര്‍ന്നതുകൊണ്ടാണ് ഈ നടപടി വേണ്ടിവന്നതെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ കൊലപാതകമാണ് സര്‍ക്കാര്‍ നടപടിയെന്ന് മുഖ്യപ്രതിപക്ഷകക്ഷിയായ ബി.ജെ.പി. കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം