ജസ്റ്റിസ് സൗമിത്രസെന്നിന്റെ ഇംപീച്ച്‌മെന്‍റ് നടപടി തുടങ്ങി

August 17, 2011 ദേശീയം

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റാരോപിതനായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്രസെന്നിന്റെ കുറ്റവിചാരണ (ഇംപീച്ച്‌മെന്റ്) നടപടി രാജ്യസഭയില്‍ ആരംഭിച്ചു.  സി.പി.എം.പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ 57 സഭാംഗങ്ങള്‍ സമര്‍പ്പിച്ച കുറ്റവിചാരണാ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരി നിയമിച്ച മൂന്നംഗ സമിതി ജസ്റ്റിസ് സെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

രാജ്യസഭയില്‍ ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിക്കാണ് ഇംപീച്ച്‌മെന്റ് നടപടിക്ക് തുടക്കമായത്. നടപടി ആരംഭിക്കുന്നതോടെ രാജ്യസഭ കോടതി മുറിയായി മാറും. സീതാറാം യെച്ചൂരിയായിരിക്കും ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുക. ഈ വിചാരണയുടെ സമയത്ത് അംഗങ്ങളല്ലാത്ത ആര്‍ക്കും സഭയിലേക്ക് പ്രവേശിക്കാനാവില്ല. യെച്ചൂരിക്കുശേഷം അഞ്ച് അഭിഭാഷകര്‍ കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ നടത്തും. യെച്ചൂരിയെ കൂടാതെ സി.പി.എം.അംഗമായ പ്രശാന്ത് ചാറ്റര്‍ജിയും പ്രതിപക്ഷ നേതാവ് അരുണ്‍ജെയ്റ്റ്‌ലിയും ഇതേ പ്രമേയം അവതരിപ്പിച്ച് സംസാരിക്കും. ഇംപീച്ച്‌മെന്റ് നടപടി സമയത്ത് ഹാജരാകണമെന്ന് ഇരുസഭയിലെയും അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്.

ജസ്റ്റിസ് രാമസ്വാമി പഞ്ചാബ്ഹരിയാണ ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോഴുള്ള അഴിമതി കണ്ടെത്തി 1993ല്‍ ലോക്‌സഭ നടത്തിയ ‘ഇംപീച്ച്‌മെന്റാ’ ണ് ഇന്ത്യയില്‍ ആദ്യമായി നടന്നത്. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യസഭയില്‍ ജഡ്ജിയെ ‘ഇംപീച്ച്’ ചെയ്യുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം