തുളസീ മാഹാത്മ്യം

August 17, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

കൃഷ്ണതുളസി

തുളസിയെ പരിശുദ്ധമായ ഒരു സസ്യമായിട്ടാണ് പരിഗണിക്കുന്നത്. ഭാരതത്തിന്റെ ആചാരപരമായ സംസ്‌കാരത്തില്‍ ഒരു സ്ഥാനം വഹിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായി നമ്മുടെ പൂര്‍വ്വികര്‍ക്ക് പ്രാര്‍ത്ഥിക്കുന്ന സമയത്തും അതിനുശേഷവും തുളസിയില ചെവിയുടെ പുറകില്‍ ധരിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. ഈ ശീലത്തിന് ശാസ്ത്രീയമായി പ്രാധാന്യമുണ്ടെന്ന് ഇന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.
ഏറ്റവും ശക്തമായി മനുഷ്യശരീരത്തില്‍ ആഗീരണം നടക്കുന്നത് ചെവിയ്ക്ക് പുറകില്‍ ആണ്. തുളസിയുടെ ഔഷധഗുണം എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്നതാണ്. തുളസിയിലയുടെ ഔഷധാംശം ചെവിയ്ക്ക് പുറകില്‍ ഉള്ള ഈ ഭാഗം പെട്ടെന്ന് വലിച്ചെടുക്കുന്നു. അതുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ ഈ ശീലം തുടരണമെന്ന് ഉപദേശിച്ചത്. വീട്ടിന് മുന്നിലായി ഉയര്‍ത്തിക്കെട്ടിയ തറയില്‍ തുളസി നടുകയും, ശ്രദ്ധാപൂര്‍വ്വം പരിചരിക്കപ്പെടുകയും ചെയ്യുന്നു. മറ്റ് ഇനങ്ങളെക്കാള്‍ കൃഷ്ണതുളസിയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കപ്പെടുന്നു. തുളസിപരിശുദ്ധമായ ഒരു സസ്യമായി പരിഗണിക്കപ്പെടുന്നതിനാല്‍ അശുദ്ധിയോടെ അതില്‍ തൊടരുതെന്നും പറയാറുണ്ട്. ചില പ്രത്യേക ദേവസ്തുതികള്‍ ഉരുവിട്ടുകൊണ്ട് അതിനെ വലം വയ്ക്കണം. ഇതിന്റെ ഇലകളോ, പൂവുകളോ പറിക്കുന്ന സമയത്തും സ്തുതികള്‍ ഉരിവിടേണ്ടതാണ്. ഈ പരിശുദ്ധ സസ്യത്തെ ഏകാദശി, ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലും വൈകുന്നേരത്തും കേടുപറ്റാതെ പ്രത്യേക ശ്രദ്ധകൊടുത്ത് നോക്കേണ്ടതാണ്.
തുലനം ധാതും
അക്ഷമാ: തുളസി
‘മറ്റൊന്നും തുല്യമായി ഇല്ലാത്ത ഒന്നാണ് തുളസി’
നശാനശ്യസ്ഖതാം ദൃഷ്ത്യ
തുലനാം ധാതുമക്ഷമാ:
തേന നാമ്‌നാചതുളസിം
അവളുടെ കഴിവുകള്‍ മനസ്സിലാക്കിയപ്പോള്‍, അവള്‍ക്ക് തുല്യം മറ്റൊന്നിനെ കണ്ടെത്താന്‍ കഴിയില്ലെന്ന് ബോധ്യമായി. അങ്ങനെ അവളെ തുല്യരില്ലാത്തത് എന്ന് അര്‍ത്ഥം വരുന്ന ‘തുളസി’ എന്ന പേരില്‍ വിളിക്കാന്‍ തുടങ്ങി. അപ്രകാരം ഈ സസ്യത്തിന്റെ മാഹാത്മ്യത്തെ കുറിച്ചുള്ള വരികള്‍ ഇതള്‍ വിരിയുന്നു.
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ തുളസി ഇലകള്‍ ഇട്ട പുണ്യവെള്ളം സേവിക്കാറുണ്ട്. ഈ ‘പുണ്യവെള്ളത്തിന്’ ധാരാളം മേന്‍മകള്‍ ഉണ്ട്. ഭാരതത്തിലെ പല ഭവനങ്ങളിലും തുളസി നടുകയും, ശ്രദ്ധയോടെയും, ബഗുമാനത്തോടെയും പരിചരിക്കുകയും ചെയ്യുന്നതായി കാണാം. പുണ്യവെള്ളത്തില്‍ തുളസിയിലകള്‍ ചേര്‍ക്കുമ്പോള്‍ അത് കൂടുതല്‍ ഫലവത്തായി മാറുന്നുവെന്ന് ഭാരതം മനസ്സിലാക്കിയിട്ട് കാലമേറെ കഴിഞ്ഞിരിക്കുന്നു.
വിദേശ രാഷ്ട്രങ്ങളില്‍ ‘ക്ലാസ്റ്റേര്‍ഡ് വാട്ടര്‍’ (പലമിശ്രിതങ്ങള്‍ ചേര്‍ത്ത) എന്നറിയപ്പെടുന്ന ഒരിനം ശുദ്ധജലം ഉപയോഗിക്കപ്പെടുന്നുണ്ട്. വ്യാപകമായിക്കൊണ്ടിരിക്കുന്ന മലിനീകരണത്തിന് പറ്റിയ ഒരു പരിഹാരമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാര്‍ ഈ ‘ക്ലാസ്റ്റേര്‍ഡ് വാട്ടര്‍നെ’ നിര്‍ദേശിക്കുന്നു. ശരീരത്തെ ആരോഗ്യമുള്ളതും, ജീവസുള്ളതുമാക്കി മാറ്റത്തക്ക ധാതുക്കളും, ശുദ്ധി ചെയ്ത മറ്റ് വസ്തുക്കളും ഇതിലടങ്ങിയിട്ടുണ്ട്. രണ്ട് തുള്ളി ‘ക്ലാസ്റ്റേര്‍ഡ് വാട്ടര്‍’ ചേര്‍ത്ത ഒരു ഗ്ലാസ്സ് സാധാരണ ജലം ആരോഗ്യത്തിന് ഒരുത്തമഘടകമാണ്. തുളസിയിട്ടജലം ‘ക്ലാസ്റ്റേര്‍ഡ് വാട്ടറിനു’ തുല്യമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.
ഇത് സംബന്ധിച്ച് വിഖ്യാതനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍. റ്റി.വി.ശശികുമാര്‍ ഗവേഷണം നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ മൂര്‍ത്തിയെ സ്‌നാനം ചെയ്യിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന തുളസി ജലത്തെ അദ്ദേഹം ശേഖരിക്കുകയും, പരീക്ഷണം നടത്തുകയും ചെയ്തു. ഈ ജലത്തിന് ‘ക്ലാസ്റ്റേര്‍ഡ് വാട്ടറിന്റെ ഗുണങ്ങളെല്ലാമുണ്ടെന്ന്, എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം കണ്ടെത്തി.
പൗരാണികഭാരതത്തിലെ സന്യാസിവര്യന്‍മാര്‍, പ്രകൃതിയിലെ സസ്യങ്ങളേയും, വൃക്ഷങ്ങളേയും നമ്മുടെ വിശ്വാസങ്ങളുമായും, ആചാരങ്ങളുമായും ബന്ധിപ്പിക്കുകയും അതിലൂടെ ആരോഗ്യപൂര്‍ണ്ണവും പ്രകൃതിയോട് ഒത്തിണങ്ങിയതുമായ ഒരു ജീവിതവും പൗരാണിക ബൗദ്ധികതയുടെ അനുഗ്രഹവും വാഗ്ദാനവും ചെയ്തു.

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം