പാദപൂജ – ചിത്തവൃത്തി നിരോധം

August 17, 2011 ഗുരുവാരം

ഗും ഗുരുഭ്യോ നമഃ

സ്വാമി സത്യാനന്ദ സരസ്വതി
വിഘ്‌നനിവാരണം

”ജീവാത്മാവെന്നും പരമാത്മാവെന്നുമുള്ളത് കേവലം പര്യായശബ്ദങ്ങളെന്നറിഞ്ഞാലും” – എന്നുള്ള രാമായണവാക്യം ജീവാത്മാവിലെ ഈശ്വരബീജത്തിലും കേവലചൈതന്യത്തിനും തമ്മിലുള്ള സാധര്‍മ്യം കാണിക്കുന്നു. ”ജ്ഞാനമുണ്ടാകുന്നത് വിജ്ഞാനംകൊണ്ടുതന്നെ” എന്നു കാണുന്ന രാമായണവാക്യത്തില്‍ വിജ്ഞാനമെന്നപദം കൊണ്ടര്‍ത്ഥമാക്കുന്നത് ജ്ഞാനോന്മുഖമായ വിശേഷജ്ഞാനത്തെയാണല്ലോ. ”ഈശ്വരേധീര്‍ജ്ഞാനം; വിജ്ഞാനമന്യത്ര ലൗകികേ” എന്നുള്ള ആപ്തവചനത്തില്‍ വിജ്ഞാനത്തിന്റെ ലക്ഷ്യവും സ്വഭാവവും വ്യക്തമാക്കിയിട്ടുണ്ട്. ലൗകികമായ ഏതൊരു ജ്ഞാനത്തെയും വിജ്ഞാനമെന്നു വിളിക്കാമെങ്കിലും അവയെല്ലാം യോഗോപയോഗിയായ അറിവിനെ മാത്രമാണ് വിജ്ഞാനശബ്ദംകൊണ്ട് അദ്ധ്യാത്മരാമായണം അര്‍ത്ഥമാക്കുന്നത്. വൃത്തി നിരോധത്തിന്റെ ഔചിത്യം ഇപ്പറഞ്ഞ വാക്യങ്ങളില്‍ക്കൂടി അറിയാവുന്നതാണ്. ധ്യേയവസ്തുവിന്റെ അഥവാ ഉപാസ്യത്തിന്റെ സാക്ഷാത്കാരത്തിന് മറ്റുവൃത്തികള്‍ തടസം സൃശ്ടിക്കുന്നവയാണല്ലോ. ഏതെങ്കിലും ഒരു വസ്തുവിന്റെ സാക്ഷാത്കാരത്തിന് അതല്ലാതെയുള്ള സൃഷ്ടികള്‍ വിഘാതമുളവാക്കുന്നു. മറ്റൊരു വസ്തുവിന്റെ രൂപം മനസ്സ് സ്വീകരിക്കുന്നതുകൊണ്ടാണ്. ജീവാത്മാവ് വിവിധ സംസ്‌കാരങ്ങളെ സ്വീകരിക്കുന്ന സ്വഭാവത്തോടുകൂടിയതാകുന്നു. അതുകൊണ്ട് ലക്ഷ്യപ്രാപ്തിക്ക് (സാക്ഷാത്കാരത്തിന്) ഉതകാത്ത വൃത്തിഭേദങ്ങളെ അടക്കേണ്ടത് അവശ്യംവേണ്ട കാര്യമാണ്.
”മാനസവചനദേഹങ്ങളെയടക്കിത്തന്‍
മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ” എന്ന് വളരെ വ്യക്തമായരീതിയില്‍ രാമായണം ഈ തത്ത്വത്തെ വിശദീകരിച്ചരിക്കുന്നു. ”യോഗശ്ചിത്തവൃത്തിനിരോധ:” എന്ന സൂത്രത്തിലടങ്ങിയിട്ടുള്ള ആശയവും ഉദ്ദേശ്യവും ഇതുകൊണ്ട് വ്യക്തമാകുന്നു. വൃത്തിസാരൂപ്യം, അധ്യാസം, വൃത്തിജ്ഞാനമെന്നിങ്ങനെ വര്‍ണിക്കപ്പെടുന്ന ചിത്തവൃത്തികളെ എന്തിനുവേണ്ടി നിയന്ത്രിക്കണമെന്നുള്ളത് ഇവിടെ സ്പഷ്ടമായിക്കഴിഞ്ഞു.
പഞ്ചവൃത്തിനിരൂപണം

മനോവൃത്തിയുടെ വകഭേദങ്ങള്‍ പ്രധാനമായി അഞ്ചെണ്ണമാണ്. 1. പ്രമാണം, 2. വിപര്യയം, 3. വികല്പം, 4. നിദ്ര, 5. സ്മൃതി എന്നിവ. (”പ്രമാണവിപര്യയവികല്പ നിദ്രാസ്മൃതയ:)
പ്രമാണം
ചിത്തവൃത്തിയുടെ വകഭേദങ്ങളില്‍ ആദ്യത്തേതാണ് പ്രമാണം. അതിന് പ്രത്യക്ഷം, അനുമാനം, ആഗമം എന്നിങ്ങനെ മൂന്ന് ഭാവങ്ങളുണ്ട്. ഏതെങ്കിലും ബാഹ്യവസ്തുക്കളുടെ വ്യക്തിവിശേഷത്തിന് രൂപം കൊടുക്കുന്ന ചിത്തവൃത്തിയാണ് പ്രത്യക്ഷം. അധ്യാത്മപരിശീലനത്തില്‍ ബാഹ്യവസ്തുക്കളേയോ അവയുടെ ഗുണവിശേഷങ്ങളേയോ ആത്മാവെന്ന് അംഗീകരിക്കാന്‍ ന്യായങ്ങളില്ല. അതുകൊണ്ട് ആത്മനിരീക്ഷണത്തില്‍ മേല്‍പറഞ്ഞ ചിത്തവൃത്തിയെ ജീവാത്മാവ് നിരാകരിക്കുന്നു. വാസ്തവത്തില്‍ ബാഹ്യവസ്തു നമ്മളില്‍ സൃഷ്ടിച്ച പരിണാമങ്ങളെയാണ് നാമറിയുന്നത്, ബാഹ്യവസ്തുവിനെയല്ല. ഒരുവസ്തുവിനെ പലരും നിരീക്ഷിക്കുമ്പോള്‍ അനുഭവങ്ങളും അഭിപ്രായങ്ങളും അവരവരുടെ സ്വന്തമാണ്. കാണുന്നവരുടെയെല്ലാം അനുഭവങ്ങളും അഭിപ്രായങ്ങളുമൊന്നിച്ചുചേര്‍ന്നാലും വസ്തു അതില്‍നിന്ന് വേറിട്ടിരിക്കും. ഇങ്ങനെ നോക്കുമ്പോള്‍ ഈ പ്രപഞ്ചം മുഴുവന്‍ ആത്മപരിശോധനയക്കും ആത്മസ്വരൂപജ്ഞാനത്തിനുമുള്ള ഉപാധികളായിട്ടാണിരിക്കുന്നത്. പ്രപഞ്ചത്തിന്റെ നാനാത്വങ്ങളെ നിരൂപണം നടത്തി നിരൂപകന്മാരെന്ന് പ്രസിദ്ധിനേടുമ്പോള്‍ ഒരു കാര്യം നാം വിസ്മരിക്കുന്നു. നിരൂപണം നടത്തിയത് വസ്തുവിനെ സത്യത്തെയാണ് ”വൃത്തിസാരൂപ്യമിതരത്ര” – സമാധിയൊഴിച്ചുള്ള മറ്റവസ്ഥകളില്‍ പുരുഷന് ചിത്തവൃത്തികളുമായി സാരൂപ്യമുണ്ടാകുന്നു എന്ന് പതഞ്ജലി യോഗസൂത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
പ്രത്യക്ഷത്തെ പ്രമാണമാക്കി വസ്തുനിര്‍ണയം ചെയ്യുന്ന യഥാതഥ ക്കാര്‍ക്കും ഭൗതികവാദികള്‍ക്കും ശാസ്ത്രം നല്‍കുന്ന മറുപടി അതീവശ്രദ്ധേയമാണ്.”The world directly never yields to you, there is a description in between”.  ലോകം അതേമാതിരി നമുക്ക് വിഷയമാക്കുകയല്ല. ലോകത്തിനും പ്രശസ്തനായ ഐന്‍സ്റ്റീന്റെ ഈ വാക്യത്തില്‍ ഭാരതത്തിലെ യോഗശാസ്ത്രപ്രാമാണികത്വം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് ലജ്ജാവഹമല്ല. ഇവിടെ ശി യലംേലലി എന്ന പ്രയോഗത്തിലൂടെ നേരത്തേ യാഗശാസ്ത്രത്തില്‍ പ്രസ്താവിച്ച ചര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. നാമറിയുന്നത് ലോകത്തെയല്ല. ലോകം നമ്മില്‍ സൃശ്ടിച്ച പ്രതികരണത്തെയാണ്.
ആത്മനിരൂപണവും ആത്മനിവേദനവുംകൊണ്ടു നേടുന്ന അധ്യാത്മപുരോഗതി അതീവപ്രാധാന്യമര്‍ഹിക്കുന്നു. സാമാന്യലോകത്തിന്റെ കാഴ്ചപ്പാടും നിരൂപണവ്യഗ്രതയും വികാരജന്യവും ക്ലിഷ്ടവുമാണെന്ന് യോഗശാസ്ത്രം വിധിക്കുന്നത് ഇതുകൊണ്ടാണ്.””The observer alters the observed and the thinker alters the thought” (Keith). തന്നില്‍തന്നെ സ്വയം വ്യത്യാസങ്ങളെ കല്പിക്കുകയും അറിയുകയും ചെയ്യുന്നുവെന്നല്ലാതെ പുറത്തുള്ള വസ്തുക്കളെ നാമറിയുന്നില്ല എന്ന നിഗമനം വേദാന്തത്തില്‍ പുത്തനല്ല.
”കല്പയാത്മനാത്മാനം ആത്മാ ദേവഃ” – ‘സ്വയം പ്രകാശമായ ആത്മാവ് സ്വ മായയാല്‍ സ്വയം സങ്കല്പിക്കുകയും എല്ലാ ഭേദങ്ങളെയും അറിയുകയും ചെയ്യുന്നു’. – എന്നും
”അനിശ്ചിതാ യഥാ രജ്ജുരന്ധകാരേവികല്പിതാ,
സര്‍പ്പധാരാദിഭിര്‍ഭാവൈസ്തദ്‌വദാത്മവികല്പിതഃ” – ‘അന്ധകാരത്തില്‍ അനിശ്ചിതമായ രജ്ജു സ്വരൂപത്തില്‍ സര്‍പ്പം, ദണ്ഡം, ജലധാര എന്നിവയെല്ലാം സങ്കല്പിക്കപ്പെടുന്നതുപോലെ ആത്മാവിലും പലവിധം സങ്കല്പങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു’ – എന്നുമുള്ള പ്രയോഗങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന തത്ത്വം കെയ്ത്തിന്റെ വാക്കുകളില്‍ ഈ അടുത്തകാലത്താണല്ലോ പ്രസ്താവ്യമായത്. പ്രത്യക്ഷപ്രമാണങ്ങള്‍കൊണ്ടുള്ള അനുഭവവും തീരുമാനവും പരോക്ഷമായ പലതിനെയും വ്യഞ്ജിപ്പിക്കുന്നവയാണ്. ലക്ഷണംകൊണ്ട് ലക്ഷ്യത്തെയറിയാനുള്ള അനുഭവപാരമ്പര്യമാണ് ഇതിനു പിന്നിലുള്ളത്. അനുമാനമാണ് പ്രസിദ്ധിയാര്‍ജ്ജിച്ച ഈ ചിത്തവൃത്തി ഊഹാപോഹങ്ങളെ ആശ്രയിച്ചുള്ള പരിശീലനമാണ് നേടുന്നത്. കാരണംകൊണ്ട് കാര്യങ്ങളെ അറിയുകയെന്നുള്ളതാണ് ഇവിടെ പ്രമാണം. ”ആപ്തവചനമാഗമഃ” – ജ്ഞാനിയുടെ വാക്യമാണ് ആഗമമെന്ന പ്രമാണം. പ്രജ്ഞാതവും അസംപ്രജ്ഞാതവുമായ അറിവുകള്‍ യോഗിയെ സംബന്ധിച്ച് തുല്യനിലയിലായതുകൊണ്ട് യോഗിയുടെ പ്രത്യക്ഷപ്രമാണം ഊഹാപോഹത്തെയോ അനുമാനത്തെയോ ആശ്രയിക്കുന്നില്ല.
വിപര്യയം
പഞ്ചവിധവൃത്തികളില്‍ രണ്ടാമത്തേത് വിപര്യയമാണ്. ഏതാണോ സംഗതികളേയോ വസ്തുതകളേയോ തെറ്റായി ധരിക്കുന്നത് അത് വിപര്യയം. സാധാരണ മനുഷ്യര്‍ക്ക് ഈ വിപര്യയം അഥവാ തെറ്റായ അറിവ് ധാരാളമുണ്ടാകുന്നു. പശ്ചാത്യസിദ്ധാന്തങ്ങളധികവും വിപര്യയങ്ങളാണ്. വെറും വാക്കുകളെയും ശബ്ദങ്ങളെയും ആശ്രയിച്ചു നില്‍ക്കുന്ന സിദ്ധാന്തങ്ങളാണ് വിപര്യയങ്ങള്‍. ആത്മാനുഭൂതിയുടെ പിന്‍ബലമില്ലാത്ത അവ വസ്തുവേതെന്ന് വെളിപ്പെടുത്താന്‍ പ്രയോജനപ്പെടുന്നില്ല.
നിദ്ര
പ്രജ്ഞാമണ്ഡലം വസ്തുബോധത്തോടൊത്ത് അക്ഷരപുരുഷനില്‍ താല്‍കാലികലയം പ്രാപിച്ചിരിക്കുന്നതാണ് നിദ്ര. സ്ഥൂലശരീരത്തിന്റെ ക്ഷീണം നിമിത്തം ഇന്ദ്രിയപ്രവര്‍ത്തനത്തിലൂടെ ബാഹ്യവസ്തുക്കളെ ഗ്രഹിക്കാനുള്ള കഴിവ് ഇല്ലാതാകുമ്പോള്‍ ജീവന്‍ അഥവാ പ്രജ്ഞ സ്ഥൂലശരീരത്തെവിട്ട് ഉത്തമശരീരമായ കാരണത്തില്‍ വിലയംപ്രാപിക്കുന്നു. ഈ സമയത്ത് യാതൊരുവിധ വൃത്തികളും സ്വീകരിക്കുന്നതായി  അറിയുന്നില്ല. ഇങ്ങനെ ജീവാത്മാവിനുള്ള വൃത്തിസ്ഥാനവും സ്വൂരൂപസ്ഥാനവും ഇല്ലാതാകുന്ന അവസ്ഥയാണിത്. ബഹിഃപ്രജ്ഞയും അന്തഃപ്രജ്ഞയുമില്ലാത്ത ജീവാത്മാവിന്റെ ഈ അപ്രജ്ഞാവസ്ഥതന്നെയാണ് സുഷുപ്തിയെന്നറിയപ്പെടുന്നത്.
വൃത്ത്യഭാവമല്ല. വൃത്തികളുടെ നിയന്ത്രണമാണ് യോഗമെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. വൃത്ത്യഭാവമായതുകൊണ്ട് നിദ്രയെ യോഗം എന്ന് വിളിക്കാന്‍ നിര്‍വാഹമില്ല. എന്നാല്‍ വൃത്തിശൂന്യതയുടെ സാക്ഷിത്വം ജീവനുള്ളതുകൊണ്ട് അവസ്ഥയുടെ മുന്‍പും പിന്‍പുമുള്ള കാര്യം ഗ്രഹിക്കുവാന്‍ കഴിയുന്നു. നിദ്രാവസ്ഥയില്‍ ജീവാത്മാവ് സ്ഥൂലശരീരത്തില്‍ നിന്ന് അതിന്റെ ഭുവര്‍ലോകശരീരമായ കാമശരീരത്തില്‍ ചെന്നെത്തുന്നു. ഇത് അന്നമയകോശത്തിലാണ് ചെന്നെത്തുമ്പോള്‍ ജീവന്‍ സ്ഥൂലശരീരത്തെ കൈവിടുന്നില്ല. ഇന്ദ്രിയങ്ങളില്‍നിന്ന് താല്‍കാലികമായി ഇന്ദ്രിയശക്തികളെ ഉപസംഹരിക്കുന്നതല്ലാതെ വിട്ടുപിരിയുന്നില്ല. അങ്ങനെ വിട്ടുപിരിഞ്ഞാല്‍ മരണമാണ് ഫലം. ഭുവര്‍ലോകശരീരത്തില്‍ വ്യാപരിക്കുന്ന പ്രജ്ഞാശക്തി സ്ഥൂലശരീരമുണരുന്നതുവരെ ഭുവര്‍ലോകത്തില്‍തന്നെ സഞ്ചരിക്കുന്നു. എന്നാല്‍ ഭുവര്‍ലോകവ്യാപാരങ്ങളെ സ്ഥൂലപ്രജ്ഞയുമായി യോജിപ്പിക്കുന്നതിന് കഴിയാതെ ജീവന്‍ മറന്നുപോവുകയാണ് ചെയ്യുന്നത്. അവ മസ്തിഷ്‌കത്തിന്റെ അംശമായി സൂക്ഷിക്കുവാനോ മനസ്സിലൂടെ ഇന്ദ്രിയവ്യാപാരങ്ങളാക്കിതീര്‍ക്കുവാനോ കഴിയുന്നില്ല. എന്നാല്‍ ചിലപ്പോള്‍ അസാന്ദര്‍ഭികമായി ഭുവര്‍ലോകവിഷയങ്ങള്‍ സ്ഥൂലപ്രജ്ഞയിലേയ്ക്ക് വ്യാപരിക്കാനിടവരും. അങ്ങനെയുള്ള വ്യാപാരത്തെയാണ് സ്വപ്നമെന്ന് വിളിക്കുന്നത്. സ്ഥൂലശരീരപ്രജ്ഞയെ യഥേഷ്ടം കാമശരീരത്തിലും അതേപോലെ തിരിച്ചു സ്ഥൂലശരീരത്തിലേക്കും ബന്ധിപ്പിക്കാനും ഏകീകരിക്കാനും കഴിയുന്നവ  ര്‍ക്ക് ഈ മണ്ഡലങ്ങളിലുള്ള അനുഭവങ്ങള്‍ ഇഷ്ടംപോലെ ഉപയോഗിക്കുവാനുള്ള കഴിവുണ്ടാകും. സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളിലെ അനുഭവങ്ങളെ ജാഗ്രത്തിലെപ്പോലെ വ്യാ   പരിപ്പിക്ക   ുന്നതിന് മേല്‍പറഞ്ഞ ഏകീകരണംകൊണ്ട് സ്വാധിക്കുന്നു. അതുകൊണ്ട് അത്തരക്കാര്‍ ക്ക് ജാഗ്രത്-സ്വപ്ന-സുഷുപ്തി ഭേദങ്ങളില്ല. സ്ഥൂലശരീരം നിദ്രയിലാണ്ടുപോയാലുമില്ലെങ്കിലും അത്തരക്കാര്‍ക്ക് എന്നും ജാഗ്രതാവസ്ഥ നിലനില്‍ക്കും.
സ്മൃതി 
മനോവൃത്തികളുടെ വകഭേദങ്ങളിലഞ്ചാമത്തേതാണ് സ്മൃതി. അനുഭവിച്ച കാര്യങ്ങളെ ഉപേക്ഷിക്കാതെ സൂക്ഷിച്ചുവയ്ക്കുന്ന പ്രക്രിയയാണിത്. ബാഹ്യവസ്തുക്കളില്‍നിന്നും നമുക്ക് ലഭിച്ചിട്ടുള്ള അറിവിനെയോ അഥവാ ബാഹ്യവസ്തുക്കളെകൂടാതെതന്നെ മറ്റൊരു സമയത്ത് ഉപയോഗിക്കത്തക്കവണ്ണം സൂക്ഷിച്ചുവയ്ക്കുന്ന അനുഭവമാണ് സമൃതി. ഓര്‍മയെന്ന് മലയാളത്തില്‍ സ്മരിക്കുന്നതും ഈ അനുഭവത്തെതന്നെയാണ്.
ജീവന് വസ്തുക്കളോടുള്ള ആവര്‍ത്തനബന്ധം സ്മൃതിയെ ദൃഢീകരിക്കും. ”പദാര്‍ത്ഥദൃഢഭാവനാ ബന്ധഃ” എന്ന് ഉപനിഷത്ത് വ്യക്തമാക്കുന്നത് ഇതേതത്ത്വം തന്നെയാണ്. സ്മൃതിയിലൂടെയുള്ള ആവര്‍ത്തനംകൊണ്ടാണ് ദൃഢതയെ പ്രാപിക്കുന്നതും ബന്ധമായി മാറുന്നതും. മറ്റൊരത്ഥത്തില്‍ സ്മൃതി സ്ഥൂലവസ്തുക്കളുടെ സൂക്ഷ്മാംശകോശങ്ങളെ ജീവനില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. സ്ഥൂലവസ്തുക്കളിലുള്ള ബന്ധത്തിന്റെ അവധാനതയും നിഷ്‌കര്‍ഷയുമനുസരിച്ച് ജീവന് വസ്തുക്കളിലുള്ള സംസ്‌കാരത്തെ സ്മൃതി ഉറപ്പിക്കുന്നു. ചിത്തത്തിലെ ആവര്‍ത്തനവൃത്തിയാണ് ഈ സ്മൃതിയെ ദൃഢീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ തെറ്റില്ല. അതുകൊണ്ടാണ് ”മനോനാശോ മഹോദയഃ” എന്ന് ഉപനിഷത്ത് ഘോഷിക്കുന്നത്. ഇവിടെ മനോനാശം നേരത്തേപറഞ്ഞ ജീവനിലെസൂക്ഷ്മകോശങ്ങളുടെ നാശമാണെന്ന് മനസ്സിലാക്കുമല്ലോ. ജീവന്റെ ജാഡ്യലക്ഷണത്തില്‍നിന്നുള്ള മുക്തിയാണ് മനോനാശത്തിലൂടെ മഹോദയമായി മാറുന്നത്. വസ്തുസംസ്‌കാരത്തെ ജീവനില്‍നിന്ന് വിച്ഛേദിച്ച് ജീവന്റെ വിഷയാസക്തിയില്ലാതാക്കുന്നതാണ് ഈ മനോനാശം. സ്മൃതിയെ വസ്തുക്കളില്‍ ദൃഢീകരിക്കുന്ന ജീവാത്മാവ് തത്ത്വങ്ങളിലുറപ്പിക്കുമ്പോള്‍ സ്മൃതിയും അന്തഃപ്രജ്ഞയും ബാഹ്യപ്രജ്ഞയും ഏകീകരിക്കപ്പെടുന്നു.
വാസന
സ്ഥൂലശരീരത്തില്‍ വ്യാപരിക്കുന്ന പ്രജ്ഞ സ്മൃതിയിലൂടെ സൃഷ്ടിക്കുന്ന വസ്തുശരീരം, ജീവനെ വിട്ടുപിരിയാതെ അവശേഷിക്കുന്നു. ഈ വസ്തുബോധത്തെയാണ് വാസനയെന്ന് വേദാന്തം വിളിക്കുന്നത്. അതുകൊണ്ട് വാസനയും ജീവനിലെ വസ്തുസംസ്‌കാരംതന്നെയെന്നറിയേണ്ടതാണ്. വസ്തുസംസ്‌കാരം കാരണശരീരത്തില്‍നിന്ന് സൂക്ഷ്മശരീരമായും അതില്‍നിന്ന് സ്ഥൂലശരീരമായും രൂപപ്പെടുന്നതാണ് ഓരോജന്മത്തിലും ജീവന് അനുഭവിക്കേണ്ടിവരുന്നത്. ഇങ്ങനെ ആവര്‍ത്തനപ്രത്യാവര്‍ത്തനങ്ങള്‍ ജീവനുണ്ടായിക്കൊണ്ടിരിക്കുന്നത് സ്മൃതിയിലവശേഷിക്കുന്ന വസ്തുബന്ധംകൊണ്ടുതന്നെയാണ്. ഏതെങ്കിലും ഒരു വസ്തുവിന് ജീവനില്‍ പ്രാധാന്യം വരുമ്പോള്‍ ആ വസ്തുവിനോട് ജീവന് രൂഢബന്ധമുണ്ടെന്നാണ് തെളിയുന്നത്.
ജീവന്റെ ആവര്‍ത്തനവിവര്‍ത്തനങ്ങള്‍മൂലം ആ വസ്തുവിന് ജീവനില്‍ സ്ഥൂലരൂപത്തോളമെത്തുന്ന പ്രാധാന്യം സംഭവിക്കുന്നു. അതിനാല്‍ അടുത്ത ജന്മത്തില്‍ ആ വസ്തുവിന്റെ പ്രാമാണ്യത നിലനില്‍ക്കുന്ന വികാരവിചാരങ്ങള്‍ക്ക് ജീവനില്‍ പ്രാധാന്യമുണ്ടാകും. പരിപൂര്‍ണ്ണമായ തൃപ്തി സംഭവിക്കുന്നതുവരെ പൂര്‍വ്വജന്മത്തിലെ വാസനാ ശരീരത്തിന്റെ പുഷ്ടിക്കുവേണ്ടി ജീവന്‍ പ്രയത്‌നിക്കും. അതിനുവേണ്ടി തനതായ ജന്മത്തില്‍ അതിനുയോജിക്കുന്ന ഉപാധികളെ ജീവന്‍ സംഭരിക്കും. ഇങ്ങനെ ആദ്യസംഭരണസംതൃപ്തിക്ക് അനന്തരസംഭരണവൃത്തി ആവര്‍ത്തിച്ചുണ്ടാകുന്നു. ഈ രീതിയിലുള്ള ആവര്‍ത്തനം അവസാനിപ്പിക്കുന്നതിന് വൃത്തിനിരോധം ആവശ്യമാണെന്ന് പതഞ്ജലിമഹര്‍ഷി സിദ്ധാന്തിക്കുന്നു. പ്രമാണംതൊട്ട് സ്മൃതിവരെയെത്തുന്ന വൃത്തികളുടെ വകഭേദങ്ങളഞ്ചും ജീവനില്‍ ചെലുത്തുന്ന സ്വാധീനത പുനര്‍ജന്മങ്ങളെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കിയാല്‍ വൃത്തികളെ നിരോധിച്ച് ജന്മമുക്തി നേടുവാന്‍ കഴിയും.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം