അന്ന ഹസാരെ ഇന്ന് ജയില്‍ മോചിതനാകും

August 18, 2011 ദേശീയം

ന്യൂഡല്‍ഹി: 14 ദിവസം നിരാഹാര സമരം അനുവദിക്കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് അനുകൂലമായ നിലാപാടെടുത്തതോടെ അന്ന ഹസാരെയുടെ മോചനത്തിന് വഴിതെളിഞ്ഞിരിക്കയാണ്. ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തുടനീളം സമരം വ്യാപകമാകുന്നതിനിടെ അദ്ദേഹത്തെ മോചിപ്പിച്ച് മുഖം രക്ഷിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമം ബുധനാഴ്ച രാത്രി വൈകിയാണ് വിജയിച്ചത്. ജയില്‍ മോചിതനായാല്‍ രാംലീല മൈതാനിയില്‍ നിരാഹാര സമരം തുടരുമെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. രാംലീല മൈതാനിയില്‍ പന്തല്‍ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാലുടനെ ഹസാരെ ജയില്‍ വിടും.

ഹസാരയെ മോചിപ്പിക്കാന്‍ ചൊവ്വാഴ്ച രാത്രി തന്നെ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നിരാഹാരസമരത്തിന് രേഖാമൂലം അനുമതി കിട്ടിയാലേ ജയിലില്‍ നിന്നിറങ്ങുകയുള്ളൂവെന്ന പ്രഖ്യാപനത്തില്‍ നിന്ന് അദ്ദേഹം പിന്നാക്കം പോയില്ല. സമരം രാംലീല മൈതാനത്തിലേക്ക് മാറ്റാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഹസാരെ സംഘം അംഗീകരിച്ചിട്ടുണ്ട്. മൂന്നുദിവസം മാത്രമേ സമരം നടത്താനാവൂ എന്ന വ്യവസ്ഥ പിന്‍വലിച്ച് രണ്ടാഴ്ച സമരം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചു. മരണം വരെ നിരാഹരം നടത്തുമെന്ന ഹസാരെയുടെ തീരുമാനം അംഗീകരിക്കുകയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കും, അവരുടെ നിര്‍ദേശം വന്നാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും എന്നാണ് സര്‍ക്കാറിന്റെ നിലപാട്.

അതേസമയം ജെ.പി പാര്‍ക്ക് ഉള്‍പ്പടെ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പോലീസ് പിന്‍വലിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിച്ച് ജയില്‍ വിടാന്‍ അന്ന ഹസാരെ തയ്യാറായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറായത്.  നിരോധനാജ്ഞയും നിബന്ധനകളുംകൊണ്ട് വലിയൊരു പ്രക്ഷോഭത്തെ പേടിപ്പിച്ച് ഒതുക്കാമെന്ന ഡല്‍ഹി പോലീസിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിയ ദിവസമായിരുന്നു ഇന്നലെ. സ്വാതന്ത്ര്യദിനത്തെ ആവേശത്തോടെ നെഞ്ചേറ്റിയ തലസ്ഥാനനഗരം അതിന്റെ പിറ്റേന്ന് കണ്ടത് അഴിമതിക്കെതിരെയുള്ള വന്‍ പ്രതിഷേധങ്ങളാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം