പരമശിവന്റെ പാര്‍വ്വതീദര്‍ശനം

August 18, 2011 സനാതനം

പുരാണങ്ങളിലൂടെ…

ഹിമവല്‍ സാനുപ്രദേശത്തില്‍ പാര്‍വ്വതിയുടെ തപസ്സ് അതിഘോരമായി തുടര്‍ന്നു. വര്‍ഷകാലത്ത് ജലത്തിലും വേനല്‍ക്കാലത്ത് അവള്‍ പഞ്ചാഗ്നിമദ്ധ്യത്തിലും കഠിനമായ തപസ്സു ചെയ്തു. നൂറ്റാണ്ടുകള്‍ കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കേ ഒരുനാള്‍ സതിയെക്കുറിച്ചുള്ള ചിന്തയാല്‍ നാടുചുറ്റിനടക്കുകയായിരുന്ന പരമശിവന്‍ കൈലാസത്തിലുമെത്തിച്ചേര്‍ന്നു. പരമശിവന്റെ ആഗമനം ഹിമവാനെ സന്തുഷ്ടനാക്കിതീര്‍ത്തു. ശിവനെ യഥോചിതം സ്വീകരിച്ചിരുത്തിയഹിമവാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. ജടാധാരിയായ ദേവാ, അവിടുത്തെ ദിവ്യസാന്നിദ്ധ്യം എന്റെ സൗധത്തില്‍ കുറച്ച്കാലം കൂടി ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഹിമവാന്റെ സ്‌നേഹനിര്‍ഭരമായ നിര്‍ബന്ധത്തിന് പരമശിവന്‍ വഴങ്ങി. അങ്ങനെ അല്പദിവസങ്ങള്‍ പരമശിവന്‍ അവിടെ ചെലവഴിച്ചു. ആയിടയ്ക്ക് മേനാദേവിയുടെ മുഖത്തെ ഭാവം പരമശിവന്റെ ശ്രദ്ധയില്‍പ്പെട്ടു. ‘ദേവി, അവിടുത്തെ അലട്ടുന്ന പ്രശ്‌നമെന്താണ്? അറിയിച്ചാലും’ പരമശിവന്‍ മേനയോട് അന്വേഷിച്ചു.
ആ ചോദ്യം മേനയെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു. തന്റെ പുത്രിയുടെ തപസ്സ് ഇദ്ദേഹം അറിഞ്ഞില്ലെന്നുണ്ടോ? അതോ അറിവില്ലായ്മ നടിക്കുകയാണോ? ഏതായാലും തന്റെ ദു:ഖം ഭഗവാനെ അറിയുക തന്നെ. മേന ഉറച്ചു.
ദേവാ. കാരുണ്യവാരിധേ, അവിടുത്തെ പ്രസാദിപ്പിക്കുവാനുള്ള എന്റെ പുത്രിമാരുടെ തപസ്സ് അങ്ങയുടെ കര്‍ണ്ണങ്ങളില്‍ പതിഞ്ഞില്ലയോ? ദേവിചോദിച്ചു.
‘അമ്മേ, ആരുടെ തപസ്സിനെ കുറിച്ചാണ് അവിടുന്ന് പറയുന്നത്? പരമശിവന്റെ ആശ്ചര്യപ്പെട്ടുപോയി. എന്നെ അവിടുത്തെ പുത്രിമാര്‍ പ്രസന്നനാക്കാന്‍ ഉദ്യമിക്കുന്നുവെന്നാണോ? വ്യക്തമാക്കിയാലും മാതാവേ?
മേനാദേവി തന്റെ തപസ്സ്, പുത്രിമാരുടെ തപസ്സ്, ബ്രഹ്മദേവന്റെ ശാപം തുടങ്ങി എല്ലാം പരമശിവനെ പറഞ്ഞു കേള്‍പ്പിച്ചു. എന്നിട്ട് ദേവി ഇപ്രകാരം ഉപസംഹരിച്ചു. ‘ഭഗവാനേ, അവിടുത്തെ പത്‌നീപദത്തിനായി എന്റെ ഓമനപുത്രിയിപ്പോള്‍ ഘോരതപസ്സിലാണ്. കൊട്ടാരത്തിലെ പുഷ്പശയ്യയില്‍പോലും ശരീരം വേദനിച്ചിരുന്ന അവളിന്ന് പഞ്ചാഗ്നി മദ്ധ്യത്തിലും കൊടിയ ശൈത്യത്തിലും വസിക്കുന്നു. ദേവാ, എല്ലാം അങ്ങയെ നേടുന്നതിന് വേണ്ടി മാത്രം’.
പാര്‍വ്വതിയുടെ തപസ്സില്‍ ഭഗവാന്‍ കൗതുകം പൂണ്ടു. ആ കന്യകയെ പരീക്ഷിച്ചറിയുകതന്നെ. ഇങ്ങനെ ചിന്തിച്ചുകൊണ്ട് ശങ്കരന്‍, പാര്‍വ്വതി തപസ്സനുഷ്ഠിക്കുന്ന വനത്തില്‍ ചെന്നു, ആശ്രമത്തില്‍ ശിവമന്ത്രവുമായി കഴിയുകയായിരുന്ന ഉമ, ഭഗവാന്റെ സാന്നിദ്ധ്യം ഉടന്‍തന്നെ മനസ്സിലാക്കി ഉപചാരപൂര്‍വ്വം എഴുന്നേറ്റു.
സുമുഖിയും സുന്ദരിയുമായ ആ കന്യകയുടെ രൂപലാവണ്യവും ഭക്തിയും ഒറ്റ നോട്ടത്തില്‍തന്നെ പരമശിവന്റെ മനസ്സില്‍ പതിഞ്ഞു. അവളെ അദ്ദേഹം ഹൃദയപൂര്‍വ്വം അഭിനന്ദിച്ചു. തന്റെ സവിധിത്തിലേയ്ക്ക് പാഞ്ഞണയുന്ന ദേവിയെ സാകൂതം നോക്കി നിന്ന പരമശിവന്‍. ദേവി തന്റെ സമീപത്തണഞ്ഞതും അപ്രത്യക്ഷനായി.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം