ശ്രീപത്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബം സൂപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

August 19, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന ആവശ്യപ്പെട്ട്  രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മൂലം തിരുനാള്‍ രാമവര്‍മ്മയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.  മറ്റ് നിലവറകളിലെ പരിശോധനകളുടെ വീഡിയോ ചിത്രീകരണമോ ഫോട്ടോ എടുക്കുന്നതോ അനുവദിക്കരുതെന്നും പരിശോധനാ സമിതിയംഗങ്ങളുടെ ദേഹപരിശോധന നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷേത്രാചാരങ്ങള്‍ക്കായി ബി നിലവറ ഉപയോഗിക്കാറുള്ളതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണം ആചാരങ്ങളെ ബാധിക്കുമെന്നും അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ ബി നിലവറ തുറന്നാല്‍ രാജ്യത്തിന് ആപത്തുണ്ടാകുമെന്ന് പ്രവചിച്ച കാര്യവും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്വത്ത് പരിശോധന സംബന്ധിച്ച് നിലവിലുള്ള കേസ് പരിഗണിക്കാനിരിക്കെയാണ് രാജകുടുംബത്തിന് വേണ്ടി മൂലം തിരുനാള്‍ രാമവര്‍മ്മ സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്‍കിയത്.

കോടതി ഉത്തരവ് പ്രകാരം ഡോ.സി.വി.ആനന്ദബോസ് ഐ.എ.എസ്. അധ്യക്ഷനായ സമിതിയാണ് ഇപ്പോള്‍ സ്വത്ത് മൂല്യനിര്‍ണയം നടത്തുന്നത്. ഒരു കോടി രൂപ മുല്യനിര്‍ണയത്തിനായി മുന്‍കൂര്‍ നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടത് എന്തിനാണെന്ന് അറിയില്ലെന്നും സര്‍ക്കാരാണ് അവര്‍ക്ക് ഈ തുക നല്‍കേണ്ടതെന്നും അപേക്ഷയില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം