പാകിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

August 19, 2011 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ ഒരു പള്ളിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പ്രവിശ്യയിലെ ജാംറൂദ് ജില്ലയിലെ മുസ്‌ലീം ആരാധനാലയത്തിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച്ചത്തെ പ്രാര്‍ത്ഥനകള്‍ക്കായി പള്ളിയിലെത്തിയവരാണ് സ്‌ഫോടനത്തില്‍ മരിച്ചവര്‍. സ്‌ഫോടനത്തില്‍ പള്ളി പൂര്‍ണ്ണമായും തകര്‍ന്നു. പള്ളിയ്ക്കകത്ത് ബോംബ് സ്ഥാപിച്ച് സ്‌ഫോടനം നടത്തുകയാണ് ചെയ്തതെന്ന് ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറോളം പേരാണ് ആരാധനയില്‍ പങ്കെടുക്കാനെത്തിയിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയരുമെന്നാണ് പ്രാഥമിക നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം