ശ്രിവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 158-ാമതു ജയന്തി ഇന്ന്

August 21, 2011 കേരളം

കൊല്ലം: ശ്രിവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 158ാമതു ജയന്തി ഞായറാഴ്ച ആഘോഷിക്കുന്നു. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തിലാണ് പ്രധാന ചടങ്ങുകള്‍ നടക്കുന്നത്. 10.30ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ ചേരുന്ന ജയന്തി സമ്മേളനം തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും.വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ജയന്തി സന്ദേശം നല്‍കും. മുന്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ആമുഖപ്രസംഗവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. ആര്‍.രാജഗോപാലന്‍ നായര്‍ മുഖ്യ പ്രഭാഷണവും നടത്തും. 12.30ന് അന്നദാനവും ഒന്നിന് ശ്രീലത നമ്പൂതിരിയുടെ ശാസ്ത്രീയസംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
എന്‍.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ചട്ടമ്പിസ്വാമി ജയന്തി സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. 10ന് നടക്കുന്ന ജയന്തി സമ്മേളനവും മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം