സ്വര്‍ണവില: ചരിത്രത്തിലാദ്യമായി 21,200 രൂപയിലെത്തി

August 22, 2011 കേരളം

കൊച്ചി: സ്വര്‍ണവില പവന് രണ്ടുതവണയായി 280 രൂപ വര്‍ധിച്ച് 21,200 രൂപയിലെത്തി. ഒരു ഗ്രാമിന് 2,650 രൂപയാണ് ഇന്നത്തെ വില.   കഴിഞ്ഞയാഴ്ചയാണ് സ്വര്‍ണവില 20,000 കടന്നത്. ആഗോള സമ്പദ്ഘടനയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് സ്വര്‍ണ നിക്ഷേപത്തില്‍ താല്‍പര്യം വര്‍ധിക്കുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ വില കുത്തനെ കൂടാന്‍ ഇടയാക്കി. രാജ്യാന്തര വിപണിയില്‍ വില കൂടിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വിലക്കയറ്റം ഉണ്ടായത്.

ആഗോള ധനവിപണിയിലെ അനിശ്ചിതത്വവും അമേരിക്കന്‍, യൂറോപ്യന്‍ സമ്പദ്ഘടനകളുടെ പ്രതിസന്ധിയുമാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെത്തുന്നത്. ഇന്ത്യയില്‍ വിവാഹകാലമായ ഓഗസ്‌റ്റോടെ സ്വര്‍ണ വില സാധാരണ നിലയില്‍ ഉയരാറുണ്ട്. ഡിസംബര്‍ പകുതി വരെ ഇതു തുടരുകയും ചെയ്യും. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഏറ്റവും കൂടുതല്‍ വില്‍പന. ഇക്കുറി റമസാനും തിരുവോണവും അടുത്ത ദിവസങ്ങളിലെത്തിയത് വ്യാപാരത്തോത് വര്‍ധിപ്പിക്കുമെന്നാണു പ്രതീക്ഷ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം