ലോക്പാല്‍ നിയമം സംബന്ധിച്ചു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി

August 22, 2011 ദേശീയം

കൊല്‍ക്കത്ത:   അഴിമതി തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ലോക്പാല്‍ നിയമം സംബന്ധിച്ചു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്‍ക്കത്ത ഐഐഎമ്മില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഴിമതി പലവിധത്തിലാണെന്നും അതു തടയാന്‍ ഒറ്റമൂലിയില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിനു സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്പാല്‍ കരട് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്.അഴിമതിക്കെതിരെ പോരാട്ടം അനിവാര്യമാണ്. അഴിമതി രാജ്യത്തിന്റെ മനോവീര്യം കെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ജനലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അന്നാ ഹസാരെ അനുകൂലികള്‍ ഡല്‍ഹിയില്‍ മാനവവിഭവ ശേഷി മന്ത്രി കപില്‍ സിബലിന്റെ വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ബില്‍ നടപ്പാക്കുന്നതിന്  കേന്ദ്രമന്ത്രിമാര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന  അണ്ണാ ഹസാരയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം. അന്‍പതോളം അന്നാ അനുയായികള്‍ രാവിലെയാണ് കപില്‍ സിബലിന്റെ വീട്ടിനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം