ലോക്പാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

August 23, 2011 ദേശീയം

ന്യൂഡല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ ഹസാരെ നിരാഹാരസമരം തുടരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വൈകീട്ട് 3.30നാണ് യോഗം. ബില്ലിനെക്കുറിച്ച് ‘യുക്തിസഹമായ സംവാദം’ വേണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഇന്നലെ കൊല്‍ക്കത്തയില്‍ അഭിപ്രയപ്പെട്ടിരുന്നു. വൈകിട്ട് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി തിരക്കിട്ട ചര്‍ച്ച നടത്തിയതിനുശേഷമാണ് തീരുമാനം അറിയിച്ചത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് ആരും തങ്ങളെ ചര്‍ച്ചയ്ക്ക് സമീപിച്ചിട്ടില്ലെന്ന് ഹസാരെ സംഘം വ്യക്തമാക്കി. വിവിധ തലങ്ങളിലായി ഹസാരെയുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം ശ്രമം തുടങ്ങിയെന്ന പാര്‍ലമെന്റികാര്യ സഹമന്ത്രി ഹരീഷ് റാവത്തിന്റെ പ്രസ്താവന ശരിയല്ലെന്നും അവര്‍ പറഞ്ഞു.

അതിനിടെ, ജന്‍ലോക്പാല്‍ ബില്ലിനു പിന്തുണതേടി രാജ്യമെങ്ങും ഹസാരെ അനുകൂലികള്‍ കേന്ദ്രമന്ത്രിമാരുടെയും എം.പി.മാരുടെയും വീടുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി. ഹസാരെ കഴിഞ്ഞദിവസം നടത്തിയ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഇത്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, കപില്‍ സിബല്‍, മുഖ്യമന്ത്രി ഷീല ദീക്ഷത്, ഏതാനും എം.പി.മാര്‍ തുടങ്ങിയവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രകടനം നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം