ഗദ്ദാഫിയുടെ മകന്‍ സെയ്ഫുള്‍ ഇസ്‌ലാം ട്രിപ്പോളിയില്‍ അനുയായികള്‍ക്കൊപ്പം രംഗത്തെത്തി

August 23, 2011 രാഷ്ട്രാന്തരീയം

ട്രിപ്പോളി: പിടിക്കപ്പെട്ടെന്ന് വിമതര്‍ അവകാശപ്പെട്ട കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫുള്‍ ഇസ്‌ലാം ട്രിപ്പോളിയില്‍ അനുയായികള്‍ക്കൊപ്പം രംഗത്തെത്തി. ലിബിയയുടെ ദേശീയ പതാകയുമായി തലസ്ഥാനമായ ട്രിപ്പോളിയിലുള്ള ഗദ്ദാഫിയുടെ വസതിയില്‍ സെയ്ഫുള്‍ ഇസ്‌ലാമിനെ കണ്ടതായി ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സെയ്ഫുള്‍ ഇസ്‌ലാം പിടിയിലായെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ഇത്. ഗദ്ദാഫി ഇപ്പോഴും ട്രിപ്പോളിയില്‍ സുരക്ഷിതനാണോ എന്ന മധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്നായിരുന്നു സെയ്ഫുള്‍ ഇസ്‌ലാമിന്റെ മറുപടി. ട്രിപ്പോളിയില്‍ കടന്ന ലിബിയയിലെ വിമത നേതൃത്വത്തെ റഷ്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അംഗീകരിച്ചു. വിമത സര്‍ക്കാരിന് അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗും പിന്തുണ പ്രഖ്യാപിച്ചു.

ലിബിയന്‍ ദേശീയ പതാകയുമായി അനുയായികളുടെ ഇടയില്‍ ഇറങ്ങി ചെന്ന സെയ്ഫുള്‍, വിമതസേനയ്ക്ക് എതിരായ യുദ്ധത്തില്‍ അണിചേരാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. അതേസമയം ട്രിപ്പോളിയുടെ ഭൂരിഭാഗവും കീഴടക്കിയെന്ന് വിമതര്‍ പറയുമ്പോഴും സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ലിബിയയില്‍ ആറു മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് വിമതര്‍ക്ക് തലസ്ഥാന നഗരമായ ട്രിപ്പോളിയില്‍ കടക്കാനായത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം