ഒഴുകുന്ന ‘പോസ്റ്റ് ഓഫീസ്’ ശ്രീനഗറില്‍ ആരംഭിച്ചു

August 23, 2011 ദേശീയം

ശ്രീനഗര്‍:  പ്രസിദ്ധമായ ദാല്‍ തടാകത്തില്‍  വിനോദസഞ്ചാരികള്‍ക്ക് കൗതുകമായി ശ്രീനിഗറില്‍ ഇനി ഒഴുകുന്ന പോസ്റ്റ് ഓഫീസും. തിങ്കളാഴ്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഐ.ടികമ്യൂണിക്കേഷന്‍ സഹമന്ത്രി സച്ചിന്‍ പൈലറ്റും ചേര്‍ന്നാണ് ഒഴുകുന്ന പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പോസ്റ്റ് ഓഫീസിലെ സ്ഥിരം സൗകര്യങ്ങള്‍ക്ക് പുറമേ തപാല്‍മുദ്രശേഖരം അടങ്ങിയ ഒരു മ്യൂസിയവും ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.

ദാല്‍ തടാകത്തിന്റെയും ശ്രീനഗര്‍ നഗരത്തിന്റെയും മനോഹര ദൃശ്യങ്ങള്‍ വെളിവാക്കുന്ന പ്രത്യേക ചിത്രപ്പണിയും ഇവിടെ നിന്ന് അയക്കുന്ന കത്തുകള്‍ക്ക് പുറത്തുണ്ടാകും. സവിശേഷ രൂപകല്‍പ്പനയുള്ളതിനാല്‍ ഇവിടെ നിന്ന് പോകുന്ന കത്തുകള്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം കശ്മീര്‍ ടൂറിസത്തിന് പ്രചാരം കിട്ടുമെന്നാണ് പോസ്റ്റല്‍ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം