വിശുദ്ധമീ ക്ഷേത്രദര്‍ശനം

August 23, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍
വളരെ പണ്ട് തന്നെ ഭാരതം ക്ഷേത്രങ്ങളുടെ ഒരു നാടായിരുന്നു. നമ്മുടെത് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നിട്ടുള്ള ഒരു സംസ്‌കാരമാണ് എങ്കിലും ക്ഷേത്രദര്‍ശനത്തിന് ധാരാളം ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നതിനാല്‍ അവിടെ നടത്തുന്ന അനുഷ്ടാനങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം.
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ശരീരശുദ്ധി നിര്‍ബന്ധമാണ്. ക്ഷേത്രദര്‍ശനം നടത്തുന്ന ആള്‍ വൃത്തിയുള്ള വസ്ത്രം ധരിക്കേണ്ടതും, ഈശ്വരനെ ബഹുമാനിക്കേണ്ടതുമാണ്. ഭക്തര്‍ തങ്ങളുടെ മുടി കെട്ടിവയ്ക്കണം. ക്ഷേത്രപരിസരത്ത് പുകവലി, മുറുക്ക്, മദ്യപാനം ഇവ പാടില്ല. ക്ഷേത്രത്തിനുള്ളില്‍ അശ്ലീലവാക്കുകള്‍ ഉച്ചരിക്കരുത്. ആരോടും കോപിക്കരുത്. ദേവസ്തുതിയ്‌ക്കോ, മന്ത്രോച്ചാരണത്തിനോവേണ്ടി മാത്രമേ ശബ്ദം ഉയര്‍ത്താവൂ. ആ മന്ത്രോച്ഛാരണംപോലും അവനവന് കേള്‍ക്കാന്‍വേണ്ടി മാത്രമാകണം. എല്ലാ പ്രാര്‍ത്ഥനകളും നല്ല ലക്ഷ്യങ്ങള്‍ക്കും വരങ്ങള്‍ക്കുംവേണ്ടി മാത്രമാകണം.
ഭക്തര്‍ തങ്ങളുടെ ആര്‍ത്തവ സമയത്തും അതേ തുടര്‍ന്നു വരുന്ന ഏഴ് ദിവസങ്ങളിലും ക്ഷേത്രദര്‍ശനം നടത്തരുത്.
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പരിശുദ്ധി നിര്‍ബന്ധമാണ്. അടുത്ത ബന്ധുവിന്റെ മരണം, കുടുംബത്തിലെ ഒരു കുഞ്ഞിന്റെ ജനനം, ഇവയെല്ലാം അശുദ്ധിക്ക് കാരണമാകുന്നു. സമുദായം അനുസരിച്ച് അശുദ്ധിയുടെ ദിവസങ്ങള്‍ വ്യത്യാസപ്പെടുന്നു. ശരിയായ രീതിയില്‍ ക്ഷേത്രപ്രദിക്ഷിണം ചെയ്യുമ്പോള്‍, രണ്ട് തരത്തില്‍ അനുഗ്രഹം ലഭിക്കുന്നു. ഇത് ഒരാളില്‍ നിന്ന് ഭീതികളും, രോഗങ്ങളും മാറ്റുകയും, എല്ലാ തരത്തിലുള്ള അഭിവൃദ്ധി നല്‍കുകയും ചെയ്യുന്നു. ആദ്യമായി ഭക്തര്‍ ക്ഷേത്രപ്രദക്ഷിണം നടത്തുക, അതിനുശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാവൂ.
പദാല്‍പരനുഗംഗച്ഛേത്കരൗവിവര്‍ജിതാ
സ്തുതിര്‍ വചിഹൃദിധ്യാനം ചതുരംഗം പ്രദക്ഷിണം
പ്രദക്ഷിണം ചെയ്യുമ്പോള്‍ ഒരുവന്‍ കരങ്ങള്‍ ചലിക്കാതെ, മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് അടിവച്ച് നടക്കേണ്ടതാണെന്ന് ഈശ്ലോകം പറയുന്നു.
പ്രദക്ഷിണം പൂര്‍ത്തിയാക്കിക്കൊണ്ട് ഭക്തര്‍ കൂപ്പുകൈകളോടെ, മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് മൂര്‍ത്തിയെ ദര്‍ശിക്കണം.
മൂര്‍ത്തിയെ ഒറ്റക്കൈക്കൊണ്ട് വണങ്ങുന്നത് ജനനം മുതല്‍ നേടിയ എല്ലാ മഹത്വത്തെയും നശിപ്പിക്കുന്നു. കാലുകള്‍ ചേര്‍ത്തുവച്ച്, താമരമൊട്ട് പോലെ കൈകള്‍ പിടിച്ചുകൊണ്ട്, കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥനകള്‍ ചൊല്ലുമ്പോള്‍, വിരലുകളുടെ അഗ്രത്തിലൂടെ പ്രപഞ്ചഊര്‍ജ്ജം ശരീരത്തിലേക്ക് പ്രവേശിക്കുന്നു. അപ്രകാരം നമ്മുടെ പാരമ്പര്യത്തിലധിഷ്ഠിതമായ ദൈവ വിശ്വാസത്തിന് അര്‍ത്ഥം നല്‍കപ്പെടുന്നു.
ജന്‍മ പ്രഭൃതൃത്കിഞ്ചിത്‌ചേതസാധര്‍മ്മമാചരത്
തത്സര്‍വ്വം വിഫലം ജേയമേകഹസ്താഭിവദനാത്
സാഷ്ടാംഗനമസ്‌കാരം നടത്തുമ്പോള്‍ ഭക്തര്‍ തറയില്‍ കിടക്കണം. അയാളുടെ കാലുകള്‍, മുട്ടുകള്‍, നെഞ്ച്, നെറ്റി എന്നിവ തറയില്‍ തൊട്ടിരിക്കണം. കൂടാതെ കൈകള്‍ തലയ്ക്ക് മുകളില്‍ കൂപ്പിയ നിലയിലായിരിക്കണം മൂര്‍ത്തിക്ക് മുന്‍പില്‍ ഭക്തര്‍ സാഷ്ടാംഗ നമസ്‌കാരം നടത്തരുത്.
ഒരു ഭക്തന് ക്ഷേത്രത്തില്‍ നിന്ന് പ്രസാദം സ്വീകരിക്കാവുന്നത്. (ഈശ്വരന് അര്‍പ്പിയിക്കുന്നതിന്റെ ബാക്കിയാണ് പ്രസാദം). തീര്‍ത്ഥം (പുണ്യവെള്ളം), ദീപം (മൂര്‍ത്തിയെ ആരാധിക്കാന്‍ ഉപയോഗിക്കുന്ന കത്തിച്ച കര്‍പ്പൂരം), ധൂപം (സുഗന്ധമുള്ള പുക), പുഷ്പം, ചന്ദനം എന്നിവ പ്രസാദങ്ങളാകുന്നു. കൂട്ടിപ്പിടിച്ച കരങ്ങളിലേക്ക് തീര്‍ത്ഥം സ്വീകരിച്ച് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ബാക്കി ശിരസ്സിലും ശരീരത്തിലും തളിക്കാവുന്നതാണ്. ബഹുമാനപുരസ്സരം കര്‍പ്പൂരാഗ്നിയെ വണങ്ങുന്നതും അതിന്റെ ചൂട് കൈകള്‍ കൊണ്ട് കണ്ണുകളിലേക്ക് പകരുന്നതും ഇതുപോലെതന്നെ പ്രാധാന്യമുള്ളതാകുന്നു. ധൂപത്തെ (സാബ്രാണി പുക) വണങ്ങേണ്ടും, ഇതിനെ സ്വീകരിക്കേണ്ടതുമാകുന്നു. ചന്ദനം, ക്ഷേത്രത്തില്‍ നിന്ന് പുറത്തുകടന്നതിന് ശേഷം മാത്രമേ നെറ്റിയില്‍ തൊടാവൂ. ഭസ്മം, ചന്ദനം അല്ലെങ്കില്‍ കുങ്കുമം ഇവ മോതിരവിരല്‍ ഉപയോഗിച്ച് മാത്രമേ നെറ്റിയില്‍ തൊടാവൂ.
ക്ഷേത്രദര്‍ശനത്തെക്കുറിച്ചുള്ള അനുശാസനകള്‍ കൃത്യമായി പാലിക്കുന്നതിലൂടെ അത്ഭുതകരമായ ഫലങ്ങള്‍ ഉണ്ടാകുന്നു. കാരണം അവയെല്ലാം തന്നെ ശാസ്ത്രീയമായി രൂപകല്പന ചെയ്തതും, ഋഷിവര്യന്‍മാരാല്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കപ്പെട്ടതും ആകുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം