കെ.എം.മാത്യു ഓര്‍മ്മയായി

August 3, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: ഞായറാഴ്‌ച അന്തരിച്ച പത്രലോകത്തെ കുലപതിയും മലയാള മനോരമ ചീഫ്‌ എഡിറ്ററുമായ കെ.എം.മാത്യുവിന്‌ (93) ആയിരങ്ങളുടെ ആദരാഞ്‌ജലി. കോട്ടയം പുത്തന്‍പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. മലയാള മനോരമ ഓഫീസില്‍ പൊതുദര്‍ശനത്തിനുവെച്ചതിനുശേഷം മൂന്നുമണിക്കാണ്‌ പുത്തന്‍പള്ളിയിലേക്ക്‌ വിലാപയാത്രയായി കൊണ്ടുവന്നത്‌. പരിശുദ്ധ കാതോലിക്കാ ബാവയുടെയും സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരുടെയും കാര്‍മ്മികത്വത്തിലായിരുന്നു സംസ്‌കാരച്ചടങ്ങ്‌. ഞായറാഴ്‌ച രാവിലെ ആറ്‌ മണിയോടെ കോട്ടയം, കഞ്ഞിക്കുഴിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്‌. പുലര്‍ച്ചെ അഞ്ചേമുക്കാല്‍ മണിയോടെ എഴുന്നേറ്റപ്പോള്‍ ദേഹാസ്വാസ്ഥ്യം തോന്നി. വിറയലും ഉണ്ടായിരുന്നു. തിരികെ കട്ടിലില്‍ കിടത്തിയ ഉടന്‍ അന്ത്യശ്വാസം വലിച്ചു. പത്രാധിപര്‍ എന്ന നിലയില്‍ അരനൂറ്റാണ്ടിലേറെ കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ മായ്‌ക്കാനാവാത്ത മുദ്രകള്‍ ചാര്‍ത്തിയാണ്‌ കെ.എം.മാത്യു വിടപറയുന്നത്‌. പിതാമഹന്റെ സഹോദരനായ കണ്ടത്തില്‍ വര്‍ഗീസ്‌ മാപ്പിള 1888 ല്‍ തുടക്കമിടുകയും, പിതാവ്‌ കെ.സി.മാമ്മന്‍ മാപ്പിള, ജ്യേഷ്‌ഠന്‍ കെ.എം.ചെറിയാന്‍ എന്നിവരുടെ പത്രാധിപത്യത്തിലൂടെ വളരുകയുംചെയ്‌ത മലയാള മനോരമയില്‍ 1954 ലാണ്‌ മാനേജിങ്‌ എഡിറ്ററും ജനറല്‍ മാനേജരുമായി കെ.എം.മാത്യു ചുമതലയേല്‌ക്കുന്നത്‌. 1973ല്‍ കെ.എം.ചെറിയാന്റെ നിര്യാണത്തെ തുടര്‍ന്ന്‌ ചീഫ്‌ എഡിറ്ററായി. സമൂഹത്തിന്‌ നല്‌കിയ വിശിഷ്ട സംഭാവനകള്‍ മാനിച്ച്‌ 1998ല്‍ രാഷ്ട്രം അദ്ദേഹത്തെ പദ്‌മഭൂഷണ്‍ നല്‌കി ആദരിച്ചു. ആത്മകഥയായ ‘എട്ടാമത്തെ മോതിരം’, മിസിസ്‌ കെ.എം.മാത്യുവിന്റെ വിയോഗത്തെത്തുടര്‍ന്ന്‌ എഴുതിയ ‘അന്നമ്മ’ എന്നിവയാണ്‌ കെ.എം.മാത്യുവിന്റെ കൃതികള്‍. മാധ്യമ- സാംസ്‌കാരിക രംഗത്ത്‌ അരനൂറ്റാണ്‌ടിലേറെക്കാലം സജീവ സാന്നിധ്യമായിരുന്ന മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം. മാത്യുവിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ കോട്ടയം പുത്തന്‍പള്ളിയില്‍ സംസ്‌കരിച്ചു. രാഷ്‌ട്രീയ, സാമൂഹിക, ആധ്യാത്മിക രംഗത്തെ സമുന്നതര്‍ ഉള്‍പ്പെടെ വന്‍ജനാവലി അന്തിമോപചാരമര്‍പ്പിച്ചു. പ്രാര്‍ഥനകളോടെ, പ്രിയ പത്രാധിപരുടെ ഭൗതിക ശരീരത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന വായനക്കാരുടെയും മനോരമയിലെ സഹപ്രവര്‍ത്തകരുടെയും മൗനനൊമ്പരങ്ങള്‍. മൂന്നുമണിയോടെ ഭൗതികശരീരവുമായി ആംബുലന്‍സ്‌ മനോരമയുടെ ഗേറ്റ്‌ കടക്കുമ്പോള്‍ പിന്നിലെ വെയിലില്‍ സങ്കടക്കടലിളകി. പുത്തന്‍പള്ളി സെമിത്തേരിയില്‍ പിതാവ്‌ കെ. സി. മാമ്മന്‍ മാപ്പിളയുടെയും സഹോദരന്‍ കെ. എം. ചെറിയാന്റെയും കബറിനോടു ചേര്‍ന്ന്‌, ഭാര്യ അന്നമ്മയെ അടക്കിയ അതേ കല്ലറയില്‍ കെ. എം. മാത്യുവിനും അന്ത്യവിശ്രമം. കെ.എം.മാത്യുവിന്റെ മരണത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്‌,യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ എ.കെ.ആന്‍റണി, വയലാര്‍ രവി, മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ അനുശോചിച്ചു. മലയാള പത്രങ്ങളെ പ്രൊഫഷണലിസത്തിലൂടെ കെട്ടിലും മട്ടിലും ലോക നിലവാരത്തിലേക്കുയര്‍ത്തിയതിനു പിന്നില്‍ കെ.എം. മാത്യുവിന്റെ ദീര്‍ഘവീഷണമുണ്ടെന്ന്‌ `പുണ്യഭുമി’ ചീഫ്‌ എഡിറ്റര്‍ ബ്രഹ്മശ്രീ കൃഷ്‌ണാനന്ദ സരസ്വതി അനുശോചന സന്ദേശത്തില്‍ അനുസ്‌മരിച്ചു. പുണ്യഭൂമിക്കുവേണ്ടി രാജേഷ്‌ രാമപുരം പുഷ്‌പചക്രം സമര്‍പ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം