ലോക്പാല്‍ബില്‍: ചര്‍ച്ച വഴിമുട്ടുന്നു

August 25, 2011 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും അന്നാ ഹസാരെ സംഘവും തമ്മിലുള്ള ചര്‍ച്ച വഴിമുട്ടുന്നു. ഈ മാസം മുപ്പതിനകമോ പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തിലോ ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട സാഹചര്യത്തില്‍ നാലാംവട്ട ചര്‍ച്ച കൊണ്ടു പ്രയോജനമുണ്ടാകുമോ എന്നാണ് ഹസാരെ സംഘം ചിന്തിക്കുന്നത്. ലോക്പാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ഇനി ചര്‍ച്ച നടത്തണമോ എന്നതു കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം തീരുമാനിക്കുമെന്ന് അരവിന്ദ് കേസരിവാള്‍ അറിയിച്ചു. അതേസമയം കേന്ദ്രസര്‍ക്കാരില്‍ ആരുമായാണ് ചര്‍ച്ച നടത്തേണ്ടതെന്നും ആരെയാണ് വിശ്വസിക്കേണ്ടതെന്നും മനസിലാകുന്നില്ലെന്നു കിരണ്‍ ബേദി പ്രതികരിച്ചു.

കേന്ദ്രമന്ത്രിമാരായ പി.ചിദംബരവും കപില്‍ സിബലുമാണ് വിഷയം സങ്കീര്‍ണമാക്കുന്നതെന്ന് കേസരിവാള്‍ പറഞ്ഞു. ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ചിദംബരവും കപില്‍ സിബലും ഇടപെട്ട് ഇത് അട്ടിമറിക്കുകയായിരുന്നു. അന്നാ ഹസാരെയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദി കേന്ദ്രസര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്പാല്‍ വിഷയത്തിലെ ഇടതുപാര്‍ട്ടികളുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം രാംലീല മൈതാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം