സ്വര്‍ണ വില കുറഞ്ഞു

August 25, 2011 കേരളം

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 800 രൂപയുടെയും ഗ്രാമിന് 100 രൂപയുടെയും കുറവാണുണ്ടായത്. ഇതോടെ പവന്‍ വില 20,000 രൂപയിലും ഗ്രാമിന് 2500 രൂപയിലുമെത്തി. ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക രംഗം മെച്ചപ്പെടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആഗോള വിപണിയില്‍ വിലയിടിഞ്ഞത്. ഇതോടൊപ്പം നിക്ഷേപകര്‍ ലാഭമെടുത്തതും സ്വര്‍ണത്തിന് തിരിച്ചടിയായി. ട്രോയ് ഔണ്‍സിന് 7.19 ഡോളര്‍ ഇടിവോടെ 1747.81 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.

ആഭ്യന്തര വിപണിയില്‍ ഇന്നലെയാണ് സ്വര്‍ണം റെക്കോഡ് നിലയില്‍ നിന്നും താഴെയെത്തിയത്. പവന് 400 രൂപയുടെയും ഗ്രാമിന് 50 രൂപയുടെയും ഇടിവാണ് ഇന്നലെയുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ചരിത്രത്തിലാദ്യമായി 20,000 രൂപ കടന്നത്. പിന്നിട് തിങ്കളാഴ്ച 21,200 രൂപയിലെത്തി പുതിയ ഉയരവും കുറിച്ചു. വിവാഹകാലമായതിനാല്‍  പവന്‍ വിലയിലുണ്ടായ ഇടിവ് വില്‍പ്പന കൂട്ടുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി ഉടമകള്‍. ഇനിയും വിലകുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കളില്‍ ഏറിയപങ്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം