ലോക്പാല്‍ ബില്ല് നടപ്പാക്കാതെ മരിക്കില്ല: അന്നാ ഹസാരെ

August 27, 2011 ദേശീയം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ല് നടപ്പാക്കാതെ മരിക്കില്ലെന്നും മൂന്നോ നാലോ ദിവസംകൂടി നിരാഹാരമനുഷ്ടിക്കാന്‍ തനിക്കാവുമെന്നും അന്നാ ഹസാരെ അനുയായികളോടു പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസാരെ സംഘം മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കാമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന ഹസാരെയുടെ ആവശ്യത്തോട് സര്‍ക്കാര്‍ യോജിച്ചില്ല.

നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലെത്തിയതോടെ അന്നാ ഹസാരെയുടെ ആരോഗ്യനില കൂടുതല്‍ മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദം താഴ്ന്നനിലയിലാണെന്നും ശരീരഭാരം ഏഴുകിലോഗ്രാം കുറഞ്ഞിട്ടുണ്ടെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. നിര്‍ജ്ജലീകരണവും ക്ഷീണവും കാര്യമായി ഹസാരെയെ ബാധിച്ചിട്ടുണ്ട്.

അന്നാ ഹസാരെ നിരാഹാര സമരം നിര്‍ത്തണമെന്ന് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. ലോക്പാല്‍ ബില്ല് സംബന്ധിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തുമ്പോഴാണ് ഹസാരെയോട് നിരാഹാര സമരം അവസാനിപ്പിക്കാന്‍ പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചത്.  ലോക്പാല്‍ ബില്ലിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ഭരണഘടന അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിച്ചികൊണ്ട് ബില്ല് നടപ്പാക്കുമെന്നും ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മറ്റി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം