ഇനിയെല്ലാം ക്യാമറക്കണ്ണിലൂടെ

August 27, 2011 കേരളം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും പോലീസ് കണ്‍ട്രോള്‍ റൂമിലിരുന്നു നിരീക്ഷിക്കാനും റിക്കോര്‍ഡ് ചെയ്യാനും കഴിയുന്ന ട്രാഫിക് അതീവ ജാഗ്രതാ സംവിധാനം തലസ്ഥാന നഗരിയില്‍ നിലവില്‍വന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ രണ്ടു പ്രധാന കവാടങ്ങളിലടക്കം നഗരത്തിലെ പ്രധാന ജംക്ഷനിലെല്ലാം രാത്രിദൃശ്യങ്ങള്‍ പോലും പകര്‍ത്താന്‍ കഴിയുന്ന നൈറ്റ് വിഷന്‍ ക്യാമറകള്‍ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഇതോടെ നഗരം എപ്പോഴും പോലീസ് ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാകും.

നഗരത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനു പുറമെ സെക്രട്ടേറിയറ്റ്, പുളിമൂട്, പിഎംജി, വെള്ളയമ്പലം, ശാസ്തമംഗലം, മ്യൂസിയം എന്നിവയടക്കം എണ്‍പതിലേറെ സ്ഥലങ്ങളില്‍ വിവിധ ഘട്ടങ്ങളായി  ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 20 സ്ഥലങ്ങളില്‍ കൂടി ഉടന്‍ സ്ഥാപിക്കും. തിരുവനന്തപുരത്തിനു പുറമെ, കൊച്ചി , കോഴിക്കോട് നഗരങ്ങളിലെ 103 സ്ഥലങ്ങളില്‍ മുന്നൂറിലേറെ ക്യാമറകള്‍ സ്ഥാപിക്കുന്നതാണു പദ്ധതി.  ഇതു ക്രമേണ എല്ലാ നഗരങ്ങളിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതരംഗത്തു ഗുണകരമായ മാറ്റത്തിന് ഇതിടയാക്കും. വേഗം കൂടിയ വാഹനങ്ങള്‍ അപകടത്തിന്റെയും മരണത്തിന്റെയും എണ്ണം വര്‍ധിപ്പിക്കുന്നു. പൊലീസ് സാന്നിധ്യം ഇല്ലെങ്കില്‍പ്പോലും നിയമലംഘനവും കുറ്റവാളികളെയും കണ്ടുപിടിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, ഡിജിപി  ജേക്കബ് പുന്നൂസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടി.പി. സെന്‍കുമാര്‍, കെല്‍ട്രോണ്‍ എംഡി  പ്രസന്ന കുമാര്‍, കൗണ്‍സിലര്‍ ഹരികുമാര്‍ എന്നിിവര്‍ പ്രസംഗിച്ചു. കെല്‍ട്രോണാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഈ സംവിധാനമൊരുക്കിയിട്ടുള്ളത്..

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം