വി.സുരേന്ദ്രന്‍ പിള്ള അധികാരമേറ്റു

August 3, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തിലെ 183-ാമത്തെ മന്ത്രിയായി വി.സുരേന്ദ്രന്‍ പിള്ള സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 11.30നു രാജ്‌ഭവനിലെചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുറമുഖം, യുവജനക്ഷേമ വകുപ്പുകളാവും സുരേന്ദ്രന്‍ പിള്ള കൈകാര്യം ചെയ്യുക. ഇതു സംബന്ധിച്ച കത്ത്‌ ഗവര്‍ണര്‍ക്ക്‌ മുഖ്യമന്ത്രി കൈമാറി. ഈ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രി എം.വിജയകുമാറിന്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ചുമതല നല്‍കി. കേരള കോണ്‍ഗ്രസിന്റെ 16-ാമത്തെ മന്ത്രിയാണു സുരേന്ദ്രന്‍ പിള്ള. പാര്‍ലമെന്ററി കാര്യം, മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിയുടെ ചുമതലയിലുള്ള ഗ്രാമവികസനം തുടങ്ങിയ വകുപ്പുകള്‍ വേണമെന്നു കേരള കോണ്‍ഗ്രസ്‌ (തോമസ്‌) വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനോട്‌ സിപിഎം അനുകൂല നിലപാടെടുത്തില്ല. കായികവകുപ്പ്‌ പിള്ളയ്‌ക്ക്‌ ലഭിക്കുമെന്ന്‌ ആദ്യം സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ വകുപ്പ്‌ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന എം വിജയകുമാര്‍ അതിനു വിമുഖത പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ്‌ അറിയുന്നത്‌. ദേശീയ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ്‌ വകുപ്പു കൈമാറുന്നതില്‍ അദ്ദേഹം അതൃപ്‌തി അറിയിച്ചതെന്നും അറിയുന്നു.
സത്യപ്രതിജ്‌ഞയ്‌ക്ക്‌ മുന്നോടിയായി വി.സുരേന്ദ്രന്‍പിള്ള രാവിലെ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലുമാണ്‌ അദ്ദേഹം ദര്‍ശനം നടത്തിയത്‌. രാവിലെ ആറുമണിയോടെ കുടുംബസമേതം പഴവങ്ങാടി ക്ഷേത്രത്തിലെത്തിയ സുരേന്ദ്രന്‍ പിള്ള തേങ്ങയുടച്ചു .

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം