ചരിത്ര സമരത്തിനു സമാപനം കുറിച്ചു

August 28, 2011 ദേശീയം

ന്യൂഡല്‍ഹി: അന്നാ ഹസാരെയുടെ പതിമൂന്നുദിവസം പിന്നിട്ടപ്പോള്‍  ചരിത്ര സമരത്തിനു സമാപനം കുറിച്ചു. കുട്ടികള്‍ നല്‍കിയ നാരങ്ങനീര് കഴിച്ചു ഹസാരെ രാവിലെ 10.15ന് രാംലീല മൈതാനിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ബാലികമാരായായ ഇമ്രാനും സിക്രയുമാണ് നാരങ്ങാനീര് നല്‍കിയത്. ഇത് ജനങ്ങളുടെ വിജയമാണെന്നും തന്റെ നിരാഹാര ഫലം രാജ്യമൊട്ടാകെ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം രാംലീല മൈതാനത്ത് തടിച്ചുകൂടിയ വന്‍ജനാവലിയെ അഭിസംബോധന ചെയ്തു.

ഹസാരെ നിരാഹാരം അവസാനിപ്പിക്കുന്നതിനു സാക്ഷികളാകാന്‍ രാംലീല മൈതാനത്തേക്ക് ഒഴുകിയ ജനസാഗരത്തെ സാക്ഷിനിര്‍ത്തി അരവിന്ദ് കെജ്‌രിവാളാണ് ആദ്യം പ്രസംഗിച്ചത്. ഇത് ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. സമരത്തെ വിജയിപ്പിച്ചവരോടും ഹസാരെയെ പരിശോധിച്ച മെഡിക്കല്‍ സംഘത്തോടും കെജ്‌രിവാള്‍ നന്ദി പ്രകടിപ്പിച്ചു.

ആരോഗ്യനില മോശമായതിനാല്‍ ശക്തമായ ജന്‍ലോക്പാല്‍ ബില്‍ പാസാക്കാതെ നിരാഹാര സത്യഗ്രഹത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് വാശിപിടിച്ച അന്നാ ഹസാരെയും പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാരും ഒടുവില്‍ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. ലോക്പാല്‍ ബില്‍ അനുരഞ്ജനത്തിന് സര്‍ക്കാര്‍ സമ്മതമാണെന്ന് അറിയിച്ചതിലൂടെ രണ്ടാം സ്വാതന്ത്ര്യ സമരമെന്നു വരെ വിശേഷിപ്പിക്കപ്പെട്ട നിരാഹാരത്തിനു പര്യവസാനമായത്. ആരോഗ്യനില വഷളായ സാഹചര്യത്തില്‍ ഹസാരെയെ ആശുപത്രിയിലേക്കു കൊണ്ടുപോകും.

അഴിമതിയില്ലാതാക്കുന്നതാണ് ബില്‍ കൊണ്ട് പൊതു സമൂഹം ലക്ഷ്യമിടുന്നത്. നിയമമായാല്‍ ഇലക്ഷന്‍ കമ്മിഷനെ പോലെ സ്വതന്ത്രാധികാരമുള്ള ഒരു സംഘടനയായി ലോക്പാല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പരാതികള്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സര്‍ക്കാര്‍ അനുമതിയില്ലാതെ അന്വേഷിക്കാന്‍ ലോക്പാലിന് അധികാരമുണ്ടായിരിക്കും. പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന വമ്പന്‍ ബ്യൂറോക്രസിയെ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ നിയന്ത്രിക്കുന്ന ശക്തമായ അഴിമതി വിരുദ്ധ നിയമമാണ് ജനലോക്പാല്‍ ബില്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം