രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം അഴിച്ചു പണിയണം: ഹസാരെ

August 28, 2011 ദേശീയം

ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം അഴിച്ചു പണിയണമെന്ന് അന്നാ ഹസാരെ ആവശ്യപ്പെട്ടു. രാംലീല മൈതാനിയിലെ നിരാഹാര സമരം അവസാനിപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷേധ വോട്ടിനും ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുമുള്ള അവകാശം ജനങ്ങള്‍ക്ക് ലഭിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയിലേയും വിദ്യാഭ്യാസ മേഖലയിലേയും നവീകരണത്തിനു വേണ്ടിയുള്ള സമരം ഇവിടെ ആരംഭിക്കുകയാണന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സമരത്തിന്റെ വിജയം ജനങ്ങളുടെ വിജയമാണ്. ജനശക്തി പാര്‍ലമെന്റിനേക്കാള്‍ വലുതാണ്. എന്റെ നിരാഹാര സമരം മാത്രമാണ് അവസാനിച്ചത്. ലോക്പാലിനു വേണ്ടിയുള്ള സമരം തുടരും. ഹസാരെ പറഞ്ഞു. ലോക്പാല്‍ ബില്‍ പാസാക്കിയതു കൊണ്ട് മാത്രം തൃപ്തരാകരുതെന്നും നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം അനുയായികളെ ഓര്‍മിപ്പിച്ചു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം