മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം

August 28, 2011 ക്ഷേത്രവിശേഷങ്ങള്‍

ലളിതാംബിക
കേരളത്തിന്റെ സൃഷ്ടിയുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന മണ്ണാറശാല ക്ഷേത്രം ഉണ്ടായതു സംബന്ധിച്ച് ഐതിഹ്യങ്ങള്‍ ഒട്ടേറെയാണ്. ക്ഷത്രിയ നിഗ്രഹം കൊണ്ടുണ്ടായ പാപങ്ങള്‍ തീരുവാന്‍ യോഗീശ്വരന്മാരെ സമീപിച്ചപ്പോള്‍ സ്വന്തമായൊരു ഭൂമി ബ്രാഹ്മണര്‍ക്കു ദാനംനല്‍കാന്‍ അവര്‍ വിധിച്ചു. അതനുസരിച്ച് വരുണ ദേവനെ പ്രസാദിപ്പിച്ചു   മഴുവെറിഞ്ഞു നേടിയ കേരള ഭൂമിയാണ് പരശുരാമന്‍ ബ്രാഹ്മണ ര്‍ക്കു ദാനമായി നല്‍കിയത്. എന്നാല്‍ സമുദ്രത്തില്‍നിന്നും ഉയര്‍ന്നുവന്ന ഭൂമിയില്‍ ഉപ്പിന്റെ ആധിക്യത്താല്‍ വൃക്ഷങ്ങളും ചെടികളും മുളക്കാതെയും വാസയോഗ്യ മല്ലാതെയും വന്നപ്പോള്‍ ആളുകള്‍ അവിടം ഉപേക്ഷിച്ചു പോയി. ഇതി ല്‍ ദുഃഖിതനായ പരശുരാമന്‍ ഹരനെ തപസ്സു ചെയ്തു.
സര്‍പ്പ വിഷജ്വാലയേറ്റാല്‍ മാത്രമേ ഭൂമി വാസയോഗ്യമാവുകയുള്ളൂവെന്നും അതിനാല്‍ നാഗപ്രീതി സമ്പാദിക്കുവാനുമായിരുന്നു ഹരന്‍ നിര്‍ദ്ദേശിച്ചത്. പരശുരാമന്‍ തപസ്സുചെയ്ത് നാഗരാജാവിനെ പ്രസാദിപ്പിച്ചു. ഭാര്‍ഗവരാമന്റെ അഭീഷ്ടപ്രകാരം സര്‍പ്പങ്ങളുടെ വിഷവ്യാപനം കൊണ്ട് കേരളം ക്ഷാരശൂന്യമായി. സംതൃപ്തനായ പരശുരാമന്‍ നാഗരാജാവിനെ ദക്ഷിണഭാഗത്ത് സാഗരതീരത്തുള്ള തീര്‍ത്ഥശാലയില്‍ പ്രതിഷ്ഠിച്ചു. സര്‍പ്പയക്ഷി, നാഗയക്ഷി, നാഗചാമുണ്ഡി തുടങ്ങിയ പ്രതിഷ്ഠകളും യഥാവിധി പ്രതിഷ്ഠിച്ചിരുന്നു.
അന്യദേശങ്ങളില്‍ നിന്നും വിദ്വാന്‍മാരെ വരുത്തി പൂജാദികള്‍ക്കായി നിയോഗിക്കുകയും ക്ഷത്രിയരെയും അഷ്ടവൈദ്യന്മാരെയും വാഴിക്കുകയും ചെയ്തു. സസ്യശ്യാമളവും ശാന്തസുന്ദരവുമായ കേരളം താമസിയാതെ ഉദയം കൊണ്ടു. തന്റെ ശിഷ്യന്‍മാരില്‍ പ്രധാനിയായ വിപ്രനെയാണ് പരശുരാമന്‍ നാഗപൂജാദികള്‍ക്കായി പരിഗണിച്ചത്. അദ്ദേഹത്തിന്റെ സന്തതിപരമ്പരകള്‍ക്ക് സര്‍പ്പാധികാരം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. മന്ദാരതരു ക്കള്‍ കൊണ്ടു മനോഹരമായ ശാല ‘മന്ദാരശാലയെന്ന് അറിയപ്പെട്ടു. കാലക്രമത്തില്‍ അതു ലോപിച്ചു മണ്ണാറശാലയായി.
സന്താനമില്ലാതെ ദുഃഖിതരായ വാസുദേവനും ശ്രീദേവിയും നാഗപൂജയുമായി കഴിയുന്ന കാലം. ഖാണ്ഡവവനത്തിലെ കാട്ടുതീയില്‍പ്പെട്ട് പൊള്ളലേറ്റ നാഗങ്ങളെ ശുശ്രൂഷിച്ചത് ഈ ദമ്പതികളാണ്. അവരുടെ നിസ്വാര്‍ത്ഥസേവനത്തില്‍ സന്തുഷ്ടനായ നാഗരാജാവ് ഇരുവരെയും അനുഗ്രഹിച്ചു. അന്തര്‍ജനത്തിനു പുത്രഭാഗ്യം ലഭിച്ചു. പഞ്ചമുഖനായ ഒരു സര്‍പ്പശിശുവും മനുഷ്യശിശുവിനൊപ്പം അന്തര്‍ജനത്തിനു ജനിച്ചു. നാഗരാജാവാണ് സര്‍പ്പശിശുവായി പിറന്നതെന്നാണു വിശ്വാസം.
ഇരിങ്ങാലക്കുട ഗ്രാമത്തിലെ ഇരിങ്ങാപ്പള്ളി മനയിലെ കാരണവരില്‍ ഒരാളായ വാസുദേവന്‍ നമ്പൂതിരി തപസ്സുചെയ്ത് അനന്തനെ പ്രത്യക്ഷപ്പെടുത്തിയെന്നും നമ്പൂതിരിയുടെ അഭീഷ്ടമനുസരിച്ച് അനന്തന്‍ അദ്ദേഹത്തിന്റെ  മകനായി ജനിച്ചുവെന്നും ഐതിഹ്യമുണ്ട്.  ഇപ്പോള്‍ ആലപ്പുഴയിലുള്ള ഒരു വലിയ പ്രദേശമായിരുന്നത്രെ പഴയ ‘ഖാണ്ഡവവനം പഞ്ചപാണ്‍വരിലെ അര്‍ജ്ജുനന്‍ ചുട്ടു ദഹിപ്പിച്ചത്രെ. അങ്ങനെ അവിടം ‘ചുട്ടനാട് എന്നറിയപ്പെടുകയും കാലക്രമേണ ‘കുട്ടനാട് എന്നായിത്തീരുകയും ചെയ്തു.
ഖാണ്ഡവവനത്തിനു പിടിച്ച തീ ഭാര്‍ഗവരാമന്റെ സര്‍പ്പപ്രതിഷ്ഠകളുടെ കാവുവരെയെത്തി. ഉടന്‍ ഇല്ലത്തുണ്ടായിരുന്ന അമ്മമാര്‍ കാവിനു തീ പിടിക്കാതിരി ക്കാന്‍ അടുത്തുള്ള കുളത്തില്‍നിന്നും വെള്ളം കോരിയൊഴിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് കാവിനു തീപിടിച്ചില്ലെങ്കിലും ഘോരാഗ്നിയുടെ സാമിപ്യത്താല്‍ മണ്ണു ചുട്ടുപഴുത്തു. ദുസ്സഹമായ ചൂടിനാല്‍ നാഗങ്ങള്‍ ഏറെ ക്ലേശിച്ചു. തന്മൂലം അഗ്നിശമിച്ചിട്ടും മണ്ണിന്റെ ചൂടാറുന്നതുവരെ അമ്മമാര്‍ വെള്ളം കോരിയൊഴിച്ചു കൊണ്ടിരുന്നു.
മണ്ണിന്റെ ചൂടാറിയപ്പോള്‍ ”ഇപ്പോള്‍ മണ്ണാറി. ഇനി ഈ സ്ഥലത്തിനു ‘മണ്ണാറിശാല എന്ന നാമമായിരിക്കട്ടെ എന്നാരോ പറയുകയുണ്ടായി. ആ കേട്ടത് നാഗരാജാവായ വാസുകിയുടെ അരുളപ്പാടായിരുന്നു വെന്ന് എല്ലാവരും വിശ്വസിച്ചു. അതിനാല്‍ അന്നുമുതല്‍ ആ സ്ഥലത്തെ ‘മണ്ണാറിശാല എന്നു വിളിച്ചു തുടങ്ങിയെന്നും കാലക്രമേണ അതു ‘മണ്ണാര്‍ശാല ആവുകയും അതുലോപിച്ച് ‘മണ്ണാറശാലയാവുകയും ചെയ്തുവെന്നാണ് വിശ്വസം.
ഖാണ്ഡവവന ദഹനത്തിനുശേഷം ഇല്ലത്തെ ശ്രീദേവി അന്തര്‍ജനം രണ്ട് ആണ്‍കുട്ടികളെ പ്രസവിച്ചുവെന്നും അവയിലൊന്ന് സര്‍പ്പശിശുവായിരുന്നുവെന്നും ഐതിഹ്യം തുടരുന്നു. നിമിഷംതോറും വളര്‍ന്ന ആ അത്ഭുതശിശു നാഗങ്ങള്‍ക്കു പൂജ കഴിക്കുവാന്‍ അമ്മയെ നിയോഗിക്കുകയായിരുന്നു. പില്‍ക്കാലങ്ങളില്‍  മുറയനുസരിച്ച് ഇല്ലത്തെ മുതിര്‍ന്ന സ്ത്രീ ഈ ചുമതല തുടരണമെന്നു നിര്‍ദ്ദേശിച്ച് നാഗപൂജയ്ക്കുവേണ്ട തനുവിധികളും മറ്റും ഉപദേശിച്ചശേഷം നാഗം ഇല്ലത്തെ നിലവറയില്‍ മറഞ്ഞുവത്രെ.
ഈ നാഗമാണ് പിന്നീട് ‘നിലവറയിലെ മുത്തച്ഛന്‍ എന്നറിയപ്പെട്ടു തുടങ്ങിയത്. വത്സലമാതാവു നടത്തുന്ന പൂജ കാണുവാന്‍ താന്‍ ആണ്ടിലൊരിക്കല്‍ എത്തുന്നതാണെന്നും നിലവറയിലെ പൂജ അമ്മ നടത്തിയാല്‍ മതിയെന്നും പഞ്ചമുഖനാഗം അരുളിചെയ്തിരുന്നു. മണ്ണാറശാലയില്‍ ഇന്നും അമ്മ പൂജ കഴിക്കുവാന്‍ കാരണമിതാണ്. ശിവരാത്രിയുടെ അടുത്ത ദിവസമാണ് അമ്മ നിലവറ പൂജ നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍