നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ഏഴുപേര്‍ക്ക് പരിക്കേറ്റു

August 29, 2011 കേരളം

വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ റണ്‍വേ കഴിഞ്ഞുള്ള ചെളിയില്‍ താഴ്ന്ന നിലയില്‍

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ഏഴുപേര്‍ക്ക് പരിക്കേറ്റു. ബഹ്‌റിന്‍ കൊച്ചി സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയര്‍വിമാനമാണ് അപകടത്തില്‍പെട്ടത്. അതിരാവിലെ 3.55 ന് വിമാനം പറന്നിറങ്ങുന്നതിനിടെയാണ് അപകടം. കനത്ത മഴയും കാറ്റുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കൊച്ചിന്‍ അന്താരാഷ്ട്രവിമാനത്താവള അധികൃതര്‍ അറിയിച്ചു. ആറ് ജീവനക്കാര്‍ അടക്കം വിമാനത്തില്‍ 137 പേരുണ്ടായിരുന്നു. ഒരാളൊഴികെ മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഉച്ചയോടുകൂടി ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക വിമാനം എത്തിച്ചശേഷം മാത്രമേ അപകടത്തില്‍പെട്ട വിമാനം പുറത്തെടുക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. ദോഹയില്‍ നിന്നും അബുദാബിയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും ഷാര്‍ജ വിമാനം കോഴിക്കോട്ടേക്കും വഴിതിരിച്ചുവിട്ടു.

പറന്നിറങ്ങുന്നതിനിടെ കനത്തമഴയും കാറ്റുമുണ്ടായതാണ് അപകടത്തിനിടയാക്കിയത്. തിരികെ പറക്കാന്‍ കഴിയാത്തരീതിയില്‍ റണ്‍വേയോട് അടുത്തതിനാല്‍ വിമാനം ഇറക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളുവെന്ന് സിയാല്‍ ഡയറക്ടര്‍ വി.ജെ. കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റണ്‍വേ കഴിഞ്ഞും 35 മീറ്ററോളം വിമാനം നിരങ്ങി നീങ്ങി. വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ റണ്‍വേ കഴിഞ്ഞുള്ള ചെളിയില്‍ താഴ്ന്നിട്ടുണ്ട്. റണ്‍വേയില്‍ നിന്നും 3500 മീറ്റര്‍ അടുത്തെത്തിയപ്പോഴാണ് വിസിബിലിറ്റി ഇല്ലാതായത്.

ഇതിനിടെ എയര്‍പോര്‍ട്ടിലെ റണ്‍വേ ഭാഗികമായി തുറക്കാന്‍ അനുമതി ലഭിച്ചു. ചെറിയ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാനാണ് റണ്‍വേ ഭാഗികമായി തുറക്കുക. ഉച്ചയോട് കൂടി ആഭ്യന്തര സര്‍വീസ് പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അര്‍ദ്ധരാത്രിയോടെ റണ്‍വേയുടെ പ്രവര്‍ത്തനം പൂര്‍ണമായും സജ്ജമാകുമെന്നും വി.ജെ. കുര്യന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം