രാഷ്ട്രപതിയുടെ കേരളസന്ദര്‍ശനം ഇന്നാരംഭിക്കും

August 29, 2011 കേരളം

തിരുവനന്തപുരം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇന്നു വൈകിട്ടു 4.45ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ രാഷ്ട്രപതി കൊല്ലത്തേക്കു പോകും. വൈകിട്ട് 5.15ന് ആശ്രാമം മൈതാനത്തിറങ്ങി ദി റാവിസ് ഹോട്ടലില്‍ വിശ്രമിക്കും.

നാളെ 12നു ക്‌നാനായ അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം കോട്ടയം ബിസിഎം കോളജില്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ശതാബ്ദിയോടനുബന്ധിച്ച് വിഭാവന ചെയ്തിരിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിക്കും. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗവര്‍ണര്‍ ആര്‍.എസ് ഗവായി, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്യോ എന്നിവരടക്കം സഭാ – രാഷ്ട്രീയ നേതാക്കള്‍  പങ്കെടുക്കും.

തുടര്‍ന്ന് രണ്ടുമണിക്ക് കൊല്ലത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി 4.43ന് അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും.  31നു രാവിലെ 11ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി മേഖലാകേന്ദ്രം കെട്ടിടത്തിനു തറക്കല്ലിടും. ഉച്ചയ്ക്ക് ഡല്‍ഹിക്കു തിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം